മുംബൈ: ഇന്ത്യയുമായി വ്യാപാര കരാര്‍ ഉണ്ടാകുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ കുതിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. സെന്‍സെക്സ് 360 പോയിന്റ് ഉയര്‍ന്ന് 84,997.13ലും നിഫ്റ്റി 17 പോയിന്റ് ഉയര്‍ന്ന് 26,053.90 പോയിന്റിലും എത്തി. 2024 സെപ്റ്റംബറില്‍ കുറിച്ച റെക്കോഡില്‍ നിന്ന് വെറും ഒരു ശതമാനം താഴെ എത്തിയിരിക്കുകയാണ് ഇരു സൂചികകളും.
ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഏഷ്യ പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്‍ (APEX) ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വീണ്ടും പുകഴ്ത്തിയ ട്രംപ് അദേഹത്തെ ഏറ്റവും സുന്ദരനായ വ്യക്തി ('nicest looking guy' ) എന്നും പിതാവിനെ പോലെയെന്നും വിശേഷിപ്പിച്ചിരുന്നു.
അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിക്കുള്ള നിരക്കുകള്‍ കുറഞ്ഞേക്കുമെന്ന പ്രതീക്ഷയില്‍ കയറ്റുമതി മേഖലയിലെ കമ്പനികളുടെ ഓഹരികള്‍ ആണ് കൂടുതല്‍ തിളക്കം കാഴ്ചവച്ചത്. ഗോകല്‍ദാസ് എക്സ്പോര്‍ട്സ്, പേള്‍ ഗ്ലോബല്‍ ഇന്‍ഡസ്ട്രീസ് എന്നിവ നാല് ശതമാനം വരെ ഉയര്‍ന്നു. റെയ്മണ്ട് ലൈഫ്സ്റ്റൈല്‍ ഓഹരികള്‍ രണ്ട് ശതമാനവും ഇന്ന് രാവിലെ ഉയര്‍ന്നിരുന്നു. കെ.കെ.ആര്‍ മില്‍ ലിമിറ്റഡും ഉയര്‍ച്ച കാഴ്ചവച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള ടെക്സ്‌റ്റൈല്‍ കമ്പനിയായ കിറ്റെക്സ് ഓഹരി വില രണ്ട് ശതമാനത്തിനടുത്ത് ഉയര്‍ന്നു.
സമുദ്രോല്‍പന്ന രംഗത്തെ കമ്പനികളായ അപെക്സ് ഫ്രോസന്‍ ഫുഡ്സ്, കോസ്റ്റല്‍ കോര്‍പ്പറേഷന്‍, അവന്തി ഫീഡ്സ് എന്നിവ രണ്ട് മുതല്‍ നാല് ശതമാനം വരെ ഉയര്‍ന്നു.
ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് പ്രഖ്യാപനത്തിലേക്കാണ് വിപണിയുടെ ഉറ്റുനോട്ടം. കാല്‍ ശതമാനം പലിശ നിരക്ക് കുറയ്ക്കുമെന്നാണ് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നത്. എങ്കിലും ഭാവിയില്‍ പലിശ കുറയ്ക്കുന്നതിനെ കുറിച്ചുള്ള സൂചനകള്‍ ഉണ്ടാകുമോ എന്നതാണ് വിപണി പ്രധാനമായും ശ്രദ്ധിക്കുക. യു.എസ് ചൈന വ്യാപാര കരാറിന്റെ സാധ്യതകള്‍ ഉയര്‍ന്നതും വിപണിയില്‍ ഇന്ന് പ്രതിഫലിച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എന്‍.ടി.പി.സി, അദാനി പോര്‍ട്സ്, പവര്‍ ഗ്രിഡ്, എച്ച്.സി.എല്‍ ടെക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ വമ്പന്‍ ഓഹരികളും ഇന്ന് വ്യാപാരത്തിനിടെ മൂന്ന് ശതമാനം വരെ ഉയര്‍ന്നിരുന്നു.
മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.6 ശതമാനം, 0.4 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി. നിഫ്റ്റി സൂചികകളില്‍ ഓട്ടോ ഒഴികെ എല്ലാം തന്നെ നേട്ടത്തിലായിരുന്നു. ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 2.12 ശതമാനം ഉയര്‍ച്ചയോടെ നിഫ്റ്റി സൂചികകളില്‍ മുന്നിലെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.