കൊച്ചി: സംശയ രോഗം വിവാഹ മോചനത്തിന് മതിയായ കാരണമെന്ന് ഹൈക്കോടതി. സംശയ രോഗിയായ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം തേടിയ യുവതിയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം.
ഭാര്യയുടെ വിശ്വസ്തതയെ സംശയിക്കുന്നത് ശീലമാക്കിയ ഭര്‍ത്താവ് അവരുടെ ആത്മാഭിമാനവും സമാധാനവുമാണ് നശിപ്പിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
സ്നേഹവും വിശ്വാസവും പരസ്പര ധാരണയും കൂടിക്കലര്‍ന്നതാണ് വിവാഹത്തിന്റെ അടിത്തറ. ഇതിനെ വിഷലിപ്തമാക്കുന്നതാണ് നിരന്തരമായി ഉണ്ടാകുന്ന അവിശ്വാസവും സംശയവും. സംശയാലുവായ ഭര്‍ത്താവ് വിവാഹ ജീവിതം നരക തുല്യമാക്കും. അടിസ്ഥാനമില്ലാത്ത സംശയം ക്രൂരതയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇത്തരത്തിലുള്ള പെരുമാറ്റം അനുഭവിക്കുന്ന ഭാര്യയ്ക്ക് രേഖകളോ തെളിവോ ഹാജരാക്കാന്‍ കഴിയണമെന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തെളിവ് ഹാജരാക്കിയില്ലെന്ന പേരില്‍ ഹര്‍ജി തള്ളാനാവില്ല. പരസ്പര വിശ്വാസമാണ് വിവാഹത്തിന്റെ ആത്മാവ്. ഭര്‍ത്താവ് കാരണമില്ലാതെ സംശയിക്കുകയും നീക്കങ്ങള്‍ നിരീക്ഷിക്കുകയും സത്യസന്ധതയെ ചോദ്യം ചെയ്യുകയും വ്യക്തി സ്വാതന്ത്ര്യത്തില്‍ ഇടപെടുകയും ചെയ്യുമ്പോള്‍ ഭാര്യയ്ക്ക് കടുത്ത മാനസിക വേദനയും അപമാനവും ഉണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു.
ഭര്‍ത്താവ് പുറത്തുപോകുമ്പോള്‍ മുറി പൂട്ടുകയാണെന്നും തന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ഭര്‍ത്താവിന്റെ സാന്നിധ്യത്തിലല്ലാതെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ഉള്‍പ്പെടെയുള്ള ഭാര്യയുടെ വാദത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹ മോചനം അനുവദിച്ച ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹ മോചനത്തിനായി കുടുംബക്കോടതിയെ സമീപിച്ചെങ്കിലും തെളിവില്ലെന്ന പേരില്‍ വിവാഹ മോചനം അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇരുവരുടെയും വിവാഹം 2013 ല്‍ ആയിരുന്നു. വിവാഹ സമയത്ത് നഴ്സായിരുന്ന ഭാര്യയോട് ജോലി രാജിവച്ച് വിദേശത്തുള്ള തന്റെ അടുത്തെത്താന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടു. അവിടെ ജോലി ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ വിദേശത്ത് എത്തിയെങ്കിലും തുടക്കം മുതല്‍ ഭര്‍ത്താവ് സംശയാലുവായിരുന്നെന്നും ജോലിക്ക് പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ നിരുത്സാഹപ്പെടുത്തിയെന്നും ഭാര്യ അറിയിച്ചു.
മാത്രമല്ല ഗര്‍ഭിണിയായ ശേഷം യുവതിയെ ആക്രമിക്കുകയും മാതാപിതാക്കളെ അധിക്ഷേപിക്കുകയും ചെയ്തതായും ഹര്‍ജിയില്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം ഭര്‍ത്താവ് നിഷേധിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.