ഒരു യാത്രയ്ക്കിടയിൽ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറി. ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതിനു മുമ്പ് ഉള്ളിൽ നിന്നൊരു സ്വരം: 'പ്രാർത്ഥിക്കുന്നില്ലേ?'ഞാൻ ദൈവത്തോടു പറഞ്ഞു: ''ഇവിടെയിരുന്ന് പ്രാർത്ഥിക്കാനോ, ഇവരൊക്കെ കാണില്ലെ?മനസിൽ പ്രാർത്ഥിച്ചാൽ പോരെ?" അപ്പോഴാണ് അത് സംഭവിച്ചത്; എതിർവശത്തിരിക്കുന്ന കുടുംബം; അപ്പനുമമ്മയും രണ്ടു മക്കളുമുണ്ട് ഭക്ഷണത്തിനു മുമ്പിലിരുന്ന് സ്വർഗസ്ഥനായപിതാവെ എന്ന പ്രാർത്ഥന ചെല്ലുന്നു. പിന്നീട് കുരിശു വരച്ച് ഭക്ഷണം കഴിക്കുന്നു. എനിക്കാവശ്യമുള്ള ഉത്തരം കർത്താവ് നൽകി. ലജ്ജകൊണ്ട് എൻ്റെ ശിരസുതാണു. കർത്താവിനോട് മാപ്പു പറഞ്ഞ് സധൈര്യം പ്രാർത്ഥിച്ച് ഞാനും ഭക്ഷണം കഴിച്ചു. അന്നത്തെ ആ സംഭവത്തിനു ശേഷം എവിടെയായിരുന്നാലും പ്രാർത്ഥിക്കാനുള്ള മടി ദൈവം എടുത്തുമാറ്റി. ക്രിസ്ത്യാനികളെന്ന് അഭിമാനിക്കുന്ന നമ്മളിൽ പലർക്കും ക്രിസ്തുവിന് സാക്ഷ്യം നൽകാൻ കഴിയുന്നുണ്ടോ? ചിലപ്പോഴെങ്കിലും നമ്മൾ വിശ്വാസിയാണെന്ന് മറ്റുള്ളവർ അറിയരുതെന്നും ആഗ്രഹിക്കാറില്ലെ? ഇവിടെയാണ് ക്രിസ്തുവിൻ്റെ ആ വാക്കുകൾക്ക് മൂർച്ചയേറുന്നത്: "ഒരുവന്‍ എന്നെക്കുറിച്ചോ എന്റെ വചനങ്ങളെക്കുറിച്ചോ ലജ്‌ജിച്ചാല്‍ അവനെക്കുറിച്ച് മനുഷ്യപുത്രനും തന്റെയും പിതാവിന്റെയും വിശുദ്‌ധ ദൂതന്‍മാരുടെയും മഹത്വത്തില്‍ വരുമ്പോള്‍ ലജ്‌ജിക്കും" (ലൂക്കാ 9 : 26). സഭയ്ക്ക് ഇന്നാവശ്യം നാമമാത്ര ക്രിസ്ത്യാനികളെയല്ല, ക്രിസ്തുവിനു വേണ്ടി സാക്ഷ്യം വഹിക്കാൻ, അവൻ്റെ നാമത്തെ മഹത്വപ്പെടുത്താൻ, അവനു വേണ്ടി മരണം വരിക്കാൻ സന്നദ്ധരായവരെയാണ്. ആ ശ്രേണിയിലേക്ക് ഉയരാത്ത പക്ഷം നമ്മെക്കുറിച്ച് ക്രിസ്തുവും ലജ്ജിക്കും എന്നുറപ്പാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26