ഇതൊരു ബാങ്കുദ്യോഗസ്ഥന്റെ കഥയാണ്. നാളേറെയായ് അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു സ്വരം മുഴങ്ങുന്നു: "ബാങ്കിലെ ജോലി രാജിവച്ച് മുഴുവൻ സമയവും സുവിശേഷ വേലയ്ക്കിറങ്ങുക." ഒന്നുരണ്ടു പേരുമായ് ഇക്കാര്യം പങ്കുവച്ചപ്പോൾ അവരുടെ മറുപടി ഇങ്ങനെയായിരുന്നു: "നിനക്ക് ഭ്രാന്താണോ ...? ജോലിയോടു കൂടി സുവിശേഷം പ്രഘോഷിച്ചാൽ പോരേ...? മുഴുവൻ സമയം സുവിശേഷ വേല ചെയ്യാൻ അച്ചന്മാരും സിസ്റ്റേഴ്സുമില്ലേ?" എന്നാൽ അദ്ദേഹത്തിന്റെ ആത്മീയ പിതാക്കന്മാർ അത് ദൈവശബ്ദം തന്നെയെന്ന് സമർത്ഥിച്ചു.അദ്ദേഹം കർത്താവിനോട് പറഞ്ഞു: "ജോലി രാജിവെച്ച് സുവിശേഷ വേലയ്ക്കിറങ്ങണമെങ്കിൽ എനിക്ക് രണ്ടു നിബന്ധനകൾ ഉണ്ട്: ഒന്ന്; ഭാര്യ സമ്മതിക്കണം. രണ്ട്; ഭാവിയിലെ ആവശ്യങ്ങളെല്ലാം ആരുടെ മുമ്പിലും കരം നീട്ടാതെ നീ തന്നെനിർവഹിച്ചു തരണം." പ്രാർത്ഥിച്ച് ഒരുങ്ങിയ ശേഷം മടിച്ച് മടിച്ച് ഭാര്യയോട് കാര്യം പറഞ്ഞു. അതിശയിപ്പിക്കുന്നതായിരുന്നു അവളുടെ മറുപടി:"കർത്താവ് തന്നെയാണ് അച്ചായനെ മുഴുവൻ സമയ ശുശ്രൂഷയ്ക്ക് വിളിച്ചിരിക്കുന്നതെന്ന് ഉറപ്പുണ്ടെങ്കിൽ ധൈര്യമായി രാജിവച്ചോ. പട്ടിണി കിടക്കാനും ഞാൻ തയ്യാറാണ്." ആ ധൈര്യത്തിൽ അദ്ദേഹം ബാങ്കിലെത്തി. സഹപ്രവർത്തകർ അപ്പോഴും ആവർത്തിച്ചു: "ഭാര്യയും കുഞ്ഞും ഉള്ളതാണെന്ന് മറക്കരുത് !" "നമ്മുടെ ബാങ്കിന്റെ മാനേജ്മെന്റിനേക്കാളും വിശ്വസ്തനാണ് കർത്താവ്. കർത്താവിനു വേണ്ടി ഞാൻ ജീവിക്കുമ്പോൾ എന്റെ കുഞ്ഞുങ്ങൾ പട്ടിണി കിടക്കാൻ അവിടുന്നൊരിക്കലും അനുവദിക്കില്ല."ഈ മറുപടിയോടെ അദ്ദേഹം ജോലി രാജി വെച്ചു. ഈ സംഭവം നടന്നിട്ട് മുപ്പത്തിയൊന്ന് വർഷം പിന്നിട്ടു. അദ്ദേഹത്തിന്റെ കുടുംബത്തിൽ ഇതുവരെ അന്നത്തിന് മുട്ടുവരാതെ ദൈവം പരിപാലിച്ചു. പറഞ്ഞു വരുന്നത് "ശാലോമിന്റെ" സ്ഥാപകനായ ഷെവലിയർ ബെന്നി പുന്നത്തറയുടെ ത്യാഗത്തെക്കുറിച്ചാണ്. (കടപ്പാട്:പ്രലോഭനങ്ങളെ വിട) "സ്വര്‍ഗരാജ്യം നല്ല രത്‌നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം. അവന്‍ വിലയേറിയ ഒരു രത്‌നം കണ്ടെത്തുമ്പോള്‍ പോയി, തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു" (മത്തായി 13 : 45-46) എന്ന വചനങ്ങളുടെ പൂർത്തീകരണമാണ് ഇദ്ദേഹത്തിന്റെ ജീവിതം. സമ്പത്തും പദവികളുമെല്ലാം സ്വരുക്കൂട്ടുന്നതിന് മനുഷ്യൻ ഇന്നും നെട്ടോട്ടമോടുമ്പോൾ ദൈവത്തിന് വേണ്ടി ത്യാഗങ്ങൾ ചെയ്യുന്നവർക്ക് ലഭിക്കുന്ന സമ്മാനമാണ് സ്വർഗരാജ്യം. അനേകം പരാധീനതകളുടെ നടുവിലും ദൈവം കരം പിടിക്കുമെന്നും വഴി നടത്തുമെന്നും വിശ്വസിക്കുന്നവർക്കു മാത്രമേ പലതും ഉപേക്ഷിക്കാൻ കഴിയൂ എന്ന സത്യം മനസിലാക്കി വിശ്വാസത്തിൽ ആഴപ്പെടാൻ
നമുക്കും പരിശ്രമിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26