'കോവിഡിനോടൊപ്പം ജീവിക്കുക': സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂവും ഞായറാഴ്ചയിലെ ലോക്ക്ഡൗണും തുടരും

'കോവിഡിനോടൊപ്പം ജീവിക്കുക': സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂവും ഞായറാഴ്ചയിലെ ലോക്ക്ഡൗണും തുടരും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യൂവും ഞായറാഴ്ചകളിലെ ലോക്ക്ഡൗണും തുടരും. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും തുടരണോ എന്നത് ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗം വീണ്ടും ചര്‍ച്ച ചെയ്യും. കോവിഡിനോടൊപ്പം ജീവിക്കുക എന്ന തീരുമാനത്തിലേക്കാണ് നാം പോകുന്നത്. അതിലൂന്നിയിട്ടുള്ള തീരുമാനങ്ങളാകും ഉണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ജനസംഖ്യയുടെ അറുപത് ശതമാനം പേര്‍ ഇതിനോടകം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും പിന്നീട് രോഗബാധയുണ്ടാവുന്നുണ്ട്. ഇതില്‍ ആശങ്കയുടെ ആവശ്യമില്ല. വാക്‌സീന്‍ എടുക്കാത്ത മുതിര്‍ന്ന പൗരന്‍മാരാണ് കോവിഡ് വന്ന് മരണപ്പെട്ടവരിലേറെയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൊത്തം ജനസംഖ്യയില്‍ 60.94 ശതമാനവും 22.57 ശതമാനവുമാണ് ഒന്നും രണ്ടും ഡോസ് വാക്‌സിന്‍ ലഭിച്ചവരുടെ അനുപാതം. ഇന്ത്യയിലെ വാക്‌സിനേഷന്‍ ഒന്നാം ഡോസ് 40.08 ശതമാനവും രണ്ടാം ഡോസ് 12 ശതമാനവുമാണ്. ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണിവിടെ. പരമാവധി പേര്‍ക്ക് എത്രയും വേഗം വാക്‌സിന്‍ നല്‍കാനാണ് നമ്മള്‍ ശ്രമിക്കുന്നത്.

ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി 1.95 കോടി ഡോസ് വാക്‌സിന്‍ നല്‍കി. ഓഗസ്റ്റില്‍ മാത്രം 88 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും നൂറ് ശതമാനം ആദ്യഡോസ് വാക്‌സിനും 87 ശതമാനം രണ്ടാം ഡോസും നല്‍കി.

45 വയസിന് മുകളില്‍ പ്രായമുള്ള 92 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 48 ശതമാനത്തിന് രണ്ടാം ഡോസും നല്‍കി. 18-45 പ്രായ വിഭാഗത്തിലെ 54 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് നല്‍കി. വാക്‌സിന്‍ വിതരണം ഈ നിലയില്‍ തുടര്‍ന്നാല്‍ വൈകാതെ തന്നെ കേരളത്തിന് സാമൂഹിക പ്രതിരോധം നേടാനാവും എന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.