അഫ്ഗാനില്‍ ബാങ്കുകള്‍ തുറന്നു തുടങ്ങിയതിന്റെ നേരിയ ആശ്വാസത്തില്‍ ജനങ്ങള്‍

 അഫ്ഗാനില്‍ ബാങ്കുകള്‍ തുറന്നു തുടങ്ങിയതിന്റെ നേരിയ ആശ്വാസത്തില്‍ ജനങ്ങള്‍

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ മിക്ക ശാഖകളും ആഴ്ചകളുടെ ഇടവേളയ്ക്കുശേഷം പ്രവര്‍ത്തനം പുനരാരംഭിച്ചു.പണം പിന്‍വലിക്കുന്നതിനായി നീണ്ട ക്യൂ ഉണ്ടായിരുന്നതായി മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.എ ടി എമ്മുകള്‍ നേരത്തെ കാലിയായിരുന്നു. സ്വകാര്യ ബാങ്കുകള്‍ എല്ലാ ശാഖകളും തുറന്നിട്ടില്ലെന്ന് ഖമാ പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മറ്റ് ധനകാര്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും പുനരാരംഭിച്ചിട്ടുണ്ട്.

സമ്പദ്ഘടന പ്രതിരോധത്തിലായതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്കിന് ആക്ടിങ് മേധാവിയെ താലിബാന്‍ നിയമിച്ചിരുന്നു. ഹജ്ജി മുഹമ്മദ് ഇദ്രിസിനെയാണ് ചുമതലപ്പെടുത്തിയത്. നേരത്തെ താലിബാന്‍ സാമ്പത്തിക കമ്മിഷന്റെ തലവനായിരുന്നു ഇദ്രിസ്. നിലവിലെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനും ബാങ്കിങ് സേവനങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാനുമുള്ള ചുമതലയാണ് ഇദ്രിസിന് ലഭിച്ചത്.

താലിബാന്‍ സ്വകാര്യ ബാങ്കുകളോട് സാധാരണ പോലെ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ആഴ്ച തോറുമുള്ള പിന്‍വലിക്കല്‍ പരിമിതപ്പെടുത്തിയിട്ടുമുണ്ട്. 'എന്റെ കൈവശമുണ്ടായിരുന്ന പണം മുഴുവന്‍ തീര്‍ന്നു. ഇപ്പോള്‍ ഭക്ഷണ സാധനങ്ങള്‍ പോലും വാങ്ങാനോ ദൈനംദിന പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ പണമില്ല. അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റ് എല്ലാ ബാങ്കുകളും എടിഎമ്മുകളും തുറക്കണം,'- കാബൂളിലെ ഒരു ബാങ്ക് ഉപഭോക്താവ് പരാതിപ്പെട്ടതായി ഖമാ പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കാബൂളില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്തെ സുരക്ഷയും മറ്റ് സേവനങ്ങളും പ്രതിസന്ധിയിലായിരുന്നു. ഇതോടെ പണമിടപാട് സ്ഥാപനങ്ങള്‍ ഭൂരിഭാഗവും തുറക്കാതെയായി. നൂറുക്കണക്കിന് ആളുകള്‍ മണിക്കൂറുകള്‍ വരി നിന്ന് പണം പിന്‍വലിക്കുന്ന അവസ്ഥ തുടര്‍ന്നു. അവശ്യസേവനങ്ങള്‍ നടത്താനും ഭക്ഷണം വാങ്ങാനും കയ്യില്‍ പണമില്ലാതെ അഫ്ഗാന്‍ ജനത വലഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.