ഇന്ന് ആത്മഹത്യ വിരുദ്ധ ദിനം

  ഇന്ന് ആത്മഹത്യ വിരുദ്ധ ദിനം

സെപ്റ്റംബര്‍ പത്ത് ലോക ആത്മഹത്യാ പ്രതിരോധ ദിനം. ആത്മഹത്യ തടയുന്നതിന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 2003ലാണ് ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവെന്‍ഷന്‍ (ഐഎഎസ്പി) ലോകാരോഗ്യ സംഘടനയുമായും (ഡബ്ല്യുഎച്ച്ഒ) വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്തുമായും (ഡബ്ല്യുഎഫ്എംഎച്ച്) സഹകരിച്ച് ആദ്യത്തെ ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന് ആതിഥേയത്വം വഹിച്ചു.

ജീവിതം അവസാനിപ്പിക്കാന്‍ തോന്നുന്നവരെ ഒറ്റയ്ക്കല്ല എന്ന തോന്നലുണര്‍ത്തി കരുത്തോടെ വഴിനടത്താനുള്ള മനസും കരുത്തുമാണ് വേണ്ടതെന്നാണ് ഈ വര്‍ഷത്തെ ലോക ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം.

മഹാമാരിക്കാലമാണ്, ഒട്ടേറെ പ്രതിസന്ധികള്‍ രോഗത്തിനു പുറമേ വന്നുചേരാം. ജീവിതം അവസാനിപ്പിക്കാന്‍ തോന്നുന്നവരെ ഒറ്റയ്ക്കല്ല എന്ന തോന്നലുണര്‍ത്തി കരുത്തോടെ വഴിനടത്താനാകണം. ഈ വര്‍ഷത്തെ ലോക ആത്മഹത്യാപ്രതിരോധ ദിനത്തില്‍ (സെപ്റ്റംബര്‍ 10) ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന നിര്‍ദേശം. ഒരു നിമിഷത്തെ അവിവേകം മൂലം സ്വയം വരുത്തുന്ന അനര്‍ഥം പ്രതിരോധിക്കുകയാണ് 'ടുഗെതര്‍ വീ കാന്‍' എന്ന കാമ്പയിനിലൂടെ ഡബ്‌ള്യു.എച്ച്.ഒ ലക്ഷ്യമിടുന്നത്.

രണ്ടുമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കേരളത്തിലെ ആത്മഹത്യ നിരക്ക് കൂടിവരുന്നതായാണ് കണക്കുകള്‍. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2019ലെ കണക്കു പ്രകാരം ആത്മഹത്യാ നിരക്കില്‍ ഇന്ത്യയില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. കേരളത്തില്‍ കുടുംബിനികള്‍ക്കിടയിലും വലിയതോതില്‍ ആത്മഹത്യ കൂടിവരുന്നതായാണ് റിപ്പോര്‍ട്ട്.

ആകെ ആത്മഹത്യ ചെയ്യുന്നവരില്‍ കുടുംബപ്രശ്‌നങ്ങള്‍ മൂലം ജീവിതം അവസാനിപ്പിക്കുന്നവര്‍ 42.7 ശതമാനമാണ്. 961 പേരാണ് കഴിഞ്ഞവര്‍ഷം മരിച്ചത്. വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ കൂടുതലും ചെറുപ്പക്കാരാണ് ആത്മഹത്യ ചെയ്യുന്നത് (18നും 50നും ഇടയില്‍ ഉള്ളവര്‍. വിവാഹിതരാണ് ഇവരില്‍ ഭൂരിഭാഗവും.


ആത്മഹത്യയ്ക്കുപയോഗിക്കാവുന്ന ചില മാര്‍ഗ്ഗങ്ങളുടെ ലഭ്യത തടയുക മൂലം ആത്മഹത്യാനിരക്ക് കുറയ്ക്കാന്‍ സാധിക്കും. ലഹരി മരുന്നുകളോടും മദ്യത്തോടുമുള്ള ആസക്തി, വിഷാദരോഗം എന്നിവ ചികിത്സിക്കുകയും മുന്‍പ് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളവര്‍ക്ക് മതിയായ ശ്രദ്ധ നല്‍കുകയും ചെയ്യുന്നത് ഗുണം ചെയ്യും. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുക എന്ന നടപടിയും ഒരു മാര്‍ഗ്ഗമായി ചിലര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഉദാഹരണത്തിന് ബാറുകളുടെ എണ്ണം കുറയ്ക്കുക . ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന യുവാക്കളിലും കൗമാരപ്രായക്കാരിലും കോഗ്‌നീറ്റീവ് ബിഹേവിയറല്‍ തെറാപ്പി ഗുണം ചെയ്യുന്നതായി അടുത്തകാലത്ത് കണ്ടെത്തിയിട്ടുണ്ട്.

സാമ്പത്തികപുരോഗതി കൈവരിക്കുന്നത് വഴി ദാരിദ്ര്യം കുറയ്ക്കുന്നതിലൂടെ ആത്മഹത്യാനിരക്ക് കുറയ്ക്കാന്‍ സാധിച്ചേയ്ക്കും. പ്രായമുള്ളവരുടെ സാമൂഹിക ബന്ധങ്ങള്‍ വര്‍ദ്ധിപ്പികുന്നത് ആത്മഹത്യ നിരക്ക് കുറയ്ക്കാന്‍ സഹായിക്കും. തുടക്കത്തിലേ കണ്ടുപിടിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതും ഉത്തമമാണ്. കൂടാതെ നമ്മുടെ പരിചയവലയത്തില്‍ ആര്‍ക്കെങ്കിലും ആത്മഹത്യാ പ്രവണതയുണ്ടെന്നു തോന്നിയാല്‍ മടികൂടാതെ അവരോട് കാര്യങ്ങള്‍ ചോദിച്ചറിയണം.

ഒരു പരിധിവരെ മനസ്സുതുറന്നുള്ള സംസാരങ്ങള്‍ ആത്മഹത്യയെ ചെറുക്കാന്‍ സഹായിക്കും. ആത്മഹത്യാ പ്രവണതയുള്ളവരാണെന്നു തോന്നിയാല്‍ അവര്‍ അതിന് ശ്രമിച്ചേക്കാവുന്ന മാര്‍ഗങ്ങള്‍ക്ക് പരമാവധി തടയിടാന്‍ ശ്രമിക്കണം. വികസിത രാജ്യങ്ങളിലുള്ളതുപോലെ മൊബൈല്‍ വിഷചികിത്സാ കേന്ദ്രങ്ങള്‍ ലഭ്യമാക്കണം. കുടുംബപ്രശ്‌നങ്ങള്‍ ഒരുപരിധിവരെ കൗണ്‍സലിങ്ങിലൂടെ പരിഹരിക്കാം.

സമീപകാലത്ത് പ്രധാനമായും, കോവിഡ് കാലത്തെ അടച്ചുപൂട്ടല്‍ സമയത്ത് ഒട്ടേറെ ആത്മഹത്യ വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറഞ്ഞത്. സാധാരണക്കാരും സെലിബ്രിറ്റികളുമെല്ലാം ഉണ്ടായിരുന്നു ഈ കൂട്ടത്തില്‍. ആത്മഹത്യയെക്കുറിച്ചും, മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചുമെല്ലാം പോയ ദിവസങ്ങളില്‍ പല തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, പ്രതിവര്‍ഷം 8,00,000 ആളുകളെ ആത്മഹത്യ ചെയ്യുന്നു. അതായത് ഒറ്റദിവസം ഏകദേശം 2,200 ആളുകള്‍. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. കാരണങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷേ അതിന്റെ അനന്തരഫലങ്ങള്‍ ഒന്നുതന്നെയാണ്. ആത്മഹത്യാ പ്രവണതകളുള്ള ആളുകളെ തിരിച്ചറിയേണ്ടതും ആ ചിന്തകളെ പ്രതിരോധിച്ച് അവരെ എങ്ങനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാമെന്നും അറിയേണ്ടത് പ്രധാനമാണ്.

ആത്മഹത്യാ പ്രവണത ഉള്ള ഒരു വ്യക്തിയെ എങ്ങനെ തിരിച്ചറിയാമെന്ന് മനസിലാക്കുന്നതിനുമുമ്പ്, അത്തരം കടുത്ത ചുവട് വയ്ക്കാനൊരുങ്ങുന്ന മിക്കവാറും എല്ലാ വ്യക്തികളും മാനസികമായി അസ്വസ്ഥരാണെന്നും കൂടുതലും വിഷാദത്തിലാണെന്നും അറിയേണ്ടത് പ്രധാനമാണ്.

ഇതൊരു മാനസികാവസ്ഥയാണ്. മാത്രമല്ല അവരുടെ ശാരീരികവും ബാഹ്യവുമായ രൂപത്തിന് തികച്ചും വിരുദ്ധമായിരിക്കാം അവരുടെ മാനസികാവസ്ഥ. പുറമെ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നുണ്ടെങ്കിലും, ഉള്ളില്‍ വേദനകൊണ്ട് നീറുകയായിരിക്കാം അവര്‍. അവര്‍ എത്ര സന്തോഷത്തോടെ കാണപ്പെടുന്നു എങ്കിലും നിങ്ങള്‍ അവരോട് എങ്ങനെ പെരുമാറുന്നുവെന്നത് ശ്രദ്ധിക്കുക.

മാനസിക പിരിമുറുക്കം മാറ്റാന്‍ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുക

ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ സഹപ്രവര്‍ത്തകനോ ഇത്തരം ചിന്തകളുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യാനാകും? സ്വഭാവത്തിലെ മാറ്റമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സംഭാഷണങ്ങള്‍, ഒത്തുചേരലുകള്‍, സാമൂഹിക സമ്പര്‍ക്കം എന്നിവ ഒഴിവാക്കാന്‍ ആരംഭിച്ച ഒരാള്‍ അപകടത്തിലാണ് എന്ന് മനസിലാക്കുക.

അവര്‍ക്ക് ശുഭാപ്തിവിശ്വാസം നഷ്ടപ്പെടുകയും, ദിവസങ്ങള്‍ ദുഃഖപൂര്‍ണമാകുകയും ചെയ്യുന്നു. നിരാശയും നിസ്സഹായതയും അവരുടെ പെരുമാറ്റത്തെ കീഴടക്കും. ചെറിയ പ്രശ്നങ്ങളില്‍ പോലും തളരുകയും കണ്ണുനിറയുകയും ചെയ്യുന്നു. അല്ലെങ്കില്‍ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെടുകയും കോപിക്കുകയും ചെയ്യുന്നു. അത്തരം ആളുകളോട് ആശയവിനിമയം നടത്താന്‍ പ്രയാസമാണ്, അവര്‍ക്ക് ചുറ്റുമുള്ള ആളുകള്‍ക്ക് മാത്രമല്ല, ഡോക്ടര്‍മാര്‍ക്കും.

ഒരാളുടെ സ്വഭാവത്തില്‍ പെട്ടെന്ന് അത്തരം മാറ്റങ്ങള്‍ ഉണ്ടാകുകയോ അയാളില്‍ ആത്മഹത്യ പ്രവണതകള്‍ ഉണ്ടെന്ന് തോന്നുകയോ ചെയ്താല്‍, ആദ്യം ചെയ്യേണ്ട കാര്യം അവര്‍ക്ക് എന്തെങ്കിലും തുറന്ന് പറയാനുണ്ടോ എന്ന് മനസിലാക്കലാണ്. മനസ് തുറക്കാന്‍ അവര്‍ തയ്യാറായാല്‍ ക്ഷമയോടെ അവരെ കേള്‍ക്കുകയും അവരുടെ ആശങ്കകളും പ്രശ്നങ്ങളും മുന്‍വിധികളില്ലാതെ മനസിലാക്കാന്‍ ശ്രമിക്കുകയും അവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുക.

ചില സമയങ്ങളില്‍, നേരിട്ടുള്ള ആശയവിനിമയം തന്നെയാണ് ഏറ്റവും മികച്ച മാര്‍ഗം. ആത്മഹത്യയെ കുറിച്ച് നേരിട്ട് ചോദിക്കുന്നത്, അതിന് പ്രോത്സാഹിപ്പിക്കലാകും എന്നൊരു തെറ്റിദ്ധാരണ ഉണ്ട്. ഇത് തീര്‍ത്തും തെറ്റാണ്. തീവ്രമായ വൈകാരിക വേദനയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമായാണ് ആളുകള്‍ ആത്മഹത്യയെ ആശ്രയിക്കുന്നത് എന്ന് ആദ്യം മസിലാക്കുക.

അവര്‍ക്കൊപ്പം നില്‍ക്കുക. നിങ്ങള്‍ക്ക് അവരോട് സ്‌നേഹമുണ്ടെന്നും അവരെ കേള്‍ക്കാന്‍ തയ്യാറാണെന്നും ബോധ്യപ്പെടുത്തുക. കാര്യങ്ങള്‍ ശരിയാകുന്നില്ലെങ്കിലോ കൂടുതല്‍ മോശമാകുകയോ ചെയ്യുന്നെങ്കില്‍, ആ വ്യക്തി പ്രൊഫഷണല്‍ സഹായം തേടണമെന്ന് നിര്‍ദ്ദേശിക്കാന്‍ ഭയപ്പെടരുത്. ഇതുവഴി മിക്ക ആളുകളുടേയും മാനസിക നില മെച്ചപ്പെടുകയും തെറ്റായ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ സാധിക്കുകയും ചെയ്യും.

നമ്മില്‍ ചിലര്‍ ചിന്തിക്കുന്നു ആത്മഹത്യ പാപമാണെന്നും തീര്‍ത്തും ദുര്‍ബലമായൊരു വഴിയാണെന്നുമാണ്. നാമെല്ലാവരും മനുഷ്യരാണെന്നും നമുക്ക് പരിമിതികളുണ്ടെന്നും ഓര്‍ക്കുക. തടസ്സങ്ങള്‍ മറികടക്കാന്‍ വഴികള്‍ കണ്ടെത്തുക. കൂട്ടുകാരെ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ചേര്‍ത്ത് പിടിക്കാന്‍ തയ്യാറാകാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.