വിവാഹവും ഓണ്‍ലൈന്‍ വഴി: അനുമതി നല്‍കി കേരള ഹൈക്കോടതി; രാജ്യത്ത് ആദ്യം

വിവാഹവും ഓണ്‍ലൈന്‍ വഴി: അനുമതി നല്‍കി കേരള ഹൈക്കോടതി; രാജ്യത്ത് ആദ്യം

കൊച്ചി: ആദ്യമായി ഓണ്‍ലൈന്‍ വഴി വിവാഹം നടത്തുന്നതിന് ഹൈക്കോടതിയുടെ അനുമതി. രാജ്യത്തു തന്നെ ഇത് ആദ്യസംഭവമാണ്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ധന്യ മാര്‍ട്ടിന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

ഹര്‍ജിക്കാരുടെ വിവാഹം ഓണ്‍ലൈന്‍ വഴി നടത്തുന്നതിനാണ് അനുമതി നല്‍കിയത്. വെര്‍ച്വല്‍ റിയാലിറ്റിയുടെ യുഗത്തില്‍ ഓണ്‍ലൈന്‍ വഴി വിവാഹം നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം വിശദമായി പരിഗണിക്കാന്‍ മാറ്റിക്കൊണ്ടാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജിക്കാരിക്കായി അഡ്വ. എ. അഹ്സര്‍ ഹാജരായി.

ഹര്‍ജിക്കാരുടെ കാര്യത്തില്‍ വേഗത്തില്‍ തീരുമാനം ഉണ്ടാകേണ്ടതിനാലാണ് ഇടക്കാല ഉത്തരവ് നല്‍കിയത്. ഇതോടെ ഹര്‍ജിക്കാരിയായ ധന്യ, തിരുവനന്തപുരത്തെ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തുമ്പോള്‍ വരന്‍ ജീവന്‍ കുമാര്‍ യുക്രൈനില്‍ ഓണ്‍ലൈനില്‍ വിവാഹത്തിനായി എത്തും.

 നിബന്ധനകള്‍:

* ഓണ്‍ലൈനില്‍ ഹാജരാകുന്ന വധൂവരന്മാരെ സാക്ഷികളാണ് തിരിച്ചറിയേണ്ടത്.

* വിവാഹിതരാകുന്നവര്‍ ചുമതലപ്പെടുത്തുന്നവരാണ് രേഖകളില്‍ ഒപ്പിടേണ്ടത്.

* വിവാഹത്തിനു മുന്നോടിയായുള്ള മറ്റ് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കണം

* തീയതിയും സമയവും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമും മാര്യേജ് ഓഫീസര്‍ക്ക് നിശ്ചയിക്കാം

* ഓണ്‍ലൈനില്‍ വിവാഹം നടത്തി നിയമപ്രകാരം സര്‍ട്ടിഫിക്കറ്റും നല്‍കണം

ഈ വിഷയത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് മാത്രമേ ഉണ്ടാകു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കേട്ടു മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയുള്ള വിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് അംഗീകരിക്കുന്നുണ്ടോ, ഇക്കാര്യത്തില്‍ ഡിജിറ്റല്‍ സേവനം ആവശ്യപ്പെടാന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ടോ, ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണോ വിവാഹം എന്നീ ചോദ്യങ്ങള്‍ക്കാണ് ഉത്തരം കണ്ടെത്താനാണ് ഹര്‍ജികള്‍ വിശദമായി പരിഗണിക്കാന്‍ മാറ്റിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.