മനുഷ്യക്കടത്ത് വ്യാപകം: ഇന്ത്യക്കാര്‍ക്കുള്ള വിസ ഇളവ് അവസാനിപ്പിച്ച് ഇറാന്‍

 മനുഷ്യക്കടത്ത് വ്യാപകം: ഇന്ത്യക്കാര്‍ക്കുള്ള വിസ ഇളവ് അവസാനിപ്പിച്ച് ഇറാന്‍

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്കുള്ള വിസ രഹിത പ്രവേശനം അവസാനിപ്പിച്ച് ഇറാന്‍. മനുഷ്യക്കടത്തും തട്ടിക്കൊണ്ട് പോകല്‍ കേസുകളും വര്‍ധിച്ച സാഹചര്യത്തിലാണ് വിസാരഹിത പ്രവേശനം ഇറാന്‍ അവസാനിപ്പിച്ചത്. ഈ മാസം 22 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.

നവംബര്‍ 22 ന് ശേഷം ഇറാനില്‍ പ്രവേശിക്കുന്നതിനും ഇറാനിലൂടെ മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും സാധാരണ പാസ്പോര്‍ട്ടുള്ള എല്ലാ ഇന്ത്യന്‍ യാത്രക്കാരും മുന്‍കൂട്ടി വിസ എടുക്കേണ്ടി വരും. സാധാരണ പാസ്പോര്‍ട്ടുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അനുവദിച്ചിരുന്ന വിസ ഇളവ് ആണ് നിലവില്‍ ഇറാന്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാകണം യാത്രയെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഗവണ്‍മെന്റ് ഓഫ് ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാന്റെ തീരുമാനം. ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ രാജ്യം സന്ദര്‍ശിക്കാനുള്ള പദ്ധതി ആരംഭിച്ചത് 2024ലാണ്.

തൊഴില്‍ വാഗ്ദാനങ്ങള്‍ നല്‍കിയും മറ്റ് രാജ്യത്തേക്കുള്ള തുടര്‍ യാത്ര വാഗ്ദാനം ചെയ്തും ഇന്ത്യന്‍ പൗരന്മാരെ ഇറാനിലേക്ക് തട്ടിക്കൊണ്ട് പോയ നിരവധി സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാധാരണക്കാര്‍ക്ക് നല്‍കിയ വിസ രഹിത പ്രവേശനം ദുരുപയോഗം ചെയ്താണ് ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തികള്‍ നടന്നിരിക്കുന്നതെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഇറാനിലെത്തിയ പലരെയും മോചന ദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

വിനോദ സഞ്ചാരത്തിനായി ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ രാജ്യം സന്ദര്‍ശിക്കാനുള്ള പദ്ധതി 2024 ഫെബ്രുവരി നാല് മുതലാണ് ഇറാന്‍ നടപ്പിലാക്കിയത്.
നിബന്ധനകള്‍ക്ക് വിധേയമായാണ് ഇന്ത്യക്കാര്‍ക്ക് വിസാരഹിത സന്ദര്‍ശനം ഇറാന്‍ അനുവദിച്ചിരുന്നത്. സാധാരണ പാസ്പോര്‍ട്ട് കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആറ് മാസത്തിലൊരിക്കല്‍ വിസയില്ലാതെ ഇറാനിലേക്ക് പ്രവേശിക്കാമായിരുന്നു. പരമാവധി 15 ദിവസം വരെ താമസിക്കാനായിരുന്നു അനുമതി നല്‍കിയിരുന്നത്. വിമാന മാര്‍ഗം വിനോദ സഞ്ചാരത്തിന് എത്തുന്നവര്‍ക്ക് മാത്രമായിരുന്നു വിസാരഹിത പ്രവേശനം. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ഇന്തൊനീഷ്യ, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവ ഉള്‍പ്പെടെ 32 രാജ്യങ്ങള്‍ക്കാണ് വിസയില്ലാതെ രാജ്യം സന്ദര്‍ശിക്കാനുള്ള പദ്ധതി ഇറാന്‍ പ്രഖ്യാപിച്ചിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.