ആരാണ് 'മാഡം X' ഉം 'മാഡം Y' ഉം?
ന്യൂഡല്‍ഹി: പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഇന്ത്യയിലെ വനിതാ വിഭാഗം നേതാവും ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. ഷഹീന്‍ സയീദ് അറിയപ്പെട്ടിരുന്നത് 'മാഡം സര്‍ജന്‍' എന്ന പേരിലെന്ന് റിപ്പോര്‍ട്ട്.
തീവ്രവാദ ശൃംഖലയിലെ കൂട്ടാളികള്‍ക്കിടയിലാണ് ഡോ. ഷഹീന്‍ 'മാഡം സര്‍ജന്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. ഇത് വ്യക്തമാക്കുന്ന ഷഹീനും കൂട്ടാളികളും തമ്മിലുള്ള നിര്‍ണായക ചാറ്റ് വിവരങ്ങളും ചിലരുടെ മൊബൈല്‍ നമ്പറുകളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.
ഷഹീന്റെ ഫോണിലെ വാട്സാപ്പ് ചാറ്റുകളില്‍ നിന്നാണ് തീവ്രവാദ ശൃംഖലയിലെ മറ്റു ചിലരെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചത്. ഇവരുടെ ആശയ വിനിമയങ്ങളും ചാറ്റുകളില്‍ നിന്ന് അന്വേഷണ സംഘം വീണ്ടെടുത്തു. 'മാഡം X', 'മാഡം Z' എന്നീ പേരുകളില്‍ സേവ് ചെയ്ത രണ്ടു നമ്പരുകളിലേക്ക് ഷഹീന്‍ നിരന്തരം സന്ദേശം അയച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഈ നമ്പറുകളില്‍ നിന്ന് ഷഹീന് തിരിച്ചും സന്ദേശങ്ങളും ഫോണ്‍ കോളുകളും വന്നിരുന്നു. ഈ രണ്ട് കോണ്‍ടാക്ടുകള്‍ക്കും ഷഹീന്റെ ഫോണില്‍ ഡിസ്പ്ലേ ചിത്രം ഉണ്ടായിരുന്നില്ല. ഇവരുമായുള്ള ചാറ്റില്‍ സ്ഫോടക വസ്തുക്കള്‍ക്ക് 'മരുന്ന്' എന്ന കോഡ് ഭാഷയാണ് ഉപയോഗിച്ചിരുന്നതെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളിലുണ്ട്. ഇവര്‍ ആരെന്നതാണ് ഇനി വ്യക്തമാകാനുള്ളത്.
മാഡം X, മാഡം Z എന്നിവരുമായുള്ള ചാറ്റുകളില്‍ 'മരുന്ന്' എന്ന വാക്ക് ആവര്‍ത്തിച്ച് ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തല്‍. 'ഓപ്പറേഷന് ഒരിക്കലും മരുന്ന് കുറയരുത്' എന്നാണ് ഒരു സന്ദേശത്തില്‍ മാഡം x പറഞ്ഞിരുന്നത്. ഇതില്‍ 'ഓപ്പറേഷന്‍' എന്ന് സൂചിപ്പിക്കുന്നത് ഭീകരാക്രമണത്തെയാണെന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു.
ഷഹീന് ലഭിച്ച മറ്റൊരു സന്ദേശത്തില്‍ 'മാഡം സര്‍ജന്‍, ഓപ്പറേഷന്‍ ഹംദാര്‍ദില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം' എന്നാണുണ്ടായിരുന്നത്. മാഡം Z എന്ന പേരില്‍ സേവ് ചെയ്ത നമ്പരില്‍ നിന്നാണ് ഈ സന്ദേശം വന്നത്. ജെയ്ഷെയിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിനെയാണ് 'ഓപ്പറേഷന്‍ ഹംദാര്‍ദ്' എന്ന പേരുകൊണ്ട് ഉദേശിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ചെങ്കോട്ട ഭീകരാക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഷഹീന്‍ അടക്കമുള്ള ഡോക്ടര്‍മാര്‍ സ്ഫോടക വസ്തുക്കളുമായി ഫരീദാബാദില്‍ പിടിയിലായിരുന്നത്. ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിയായ ഷഹീന്‍, പാക് ഭീകരസംഘടനയായ ജെയ്ഷെയുടെ വനിതാ വിഭാഗത്തിന് ഇന്ത്യയില്‍ നേതൃത്വം നല്‍കിയ ആളാണെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.