പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന് പിന്നാലെ ആര്‍ജെഡി സ്ഥാപകന്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിലും കലഹമെന്ന് സൂചന.
കുടുംബവുമായുള്ള ബന്ധവും രാഷ്ട്രീയവും ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കി ലാലുവിന്റെ മകള്‍ ഡോ. രോഹിണി ആചാര്യ സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് ഇടയാക്കിയത്.
'ഞാന്‍ രാഷ്ട്രീയം വിടുകയും എന്റെ കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയുമാണ്. ഇങ്ങനെ ചെയ്യാനാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ പഴിയും ഞാന്‍ ഏറ്റെടുക്കുകയാണ്' എന്നായിരുന്നു രോഹിണിയുടെ എക്സിലെ കുറിപ്പ്.
അതേസമയം എന്ത് കാര്യത്തിന്മേലുള്ള പഴിയാണ് ഏറ്റെടുക്കുന്നതെന്ന് രോഹിണി കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ സരണ്‍ മണ്ഡലത്തില്‍ നിന്ന് രോഹിണി മത്സരിച്ചുവെങ്കിലും ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെട്ടിരുന്നു. 2022 ല്‍ ലാലു പ്രസാദ് യാദവിന് ഒരു വൃക്ക ദാനം ചെയ്തതും രോഹിണി ആയിരുന്നു.
ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവിനെ നേരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതില്‍ രോഹിണി അതൃപ്തയായിരുന്നുവെന്നാണ് വിവരം.
ആര്‍ജെഡിയില്‍ നിന്നും പുറത്താക്കപ്പെട്ട തേജ് പ്രതാപ് ജന്‍ശക്തി ജനതാദള്‍ എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിനിറങ്ങിയെങ്കിലും പരാജയപ്പെട്ടിരുന്നു. രാഘോപൂരില്‍ സഹോദരന്‍ തേജസ്വിക്കെതിരേയും തേജ് പ്രതാപ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.