കുവൈറ്റ് സിറ്റി: പാല സെൻ്റ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ പാസ്കോസിൻ്റെ ഓണാഘോഷം 'പൊന്നോണ പാസ്കോസ് 2021' സൂം പ്ലാറ്റ്ഫോമിൽ ആഘോഷിച്ചു. പാസ്കോസ് പ്രസിഡൻ്റ് സാജു പാറക്കലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും കുവൈറ്റിലെ ഇന്ത്യൻ അംബാസിഡറുമായ സിബി ജോർജ് ഉദ്ഘാടനം ചെയ്തു.
ലോകത്തിൻ്റെ ഏതു ഭാഗത്താണെങ്കിലും ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്ക്കാരങ്ങളും ഭാഷകളും കലകളും ഊട്ടിയുറപ്പിക്കുന്നതും ആഘോഷിക്കുന്നതും പ്രവാസിസമൂഹത്തിൻ്റെ പ്രത്യേകതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് തന്നെയാണ് പാസ്കോസ് കുവൈറ്റിൽ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസോസിയേഷനുകളുടെ എണ്ണത്തെ പോസിറ്റീവ് ആയി എടുക്കണമെന്നും അസോസിയേഷനുകളുടെ ആഘോഷങ്ങളും, ആർപ്പുവിളികളുമാണ് പ്രവാസ ജീവിതത്തിന് ഉണർവും ഊർജ്ജവും നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും ബഹു ജലസേചന വകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിൻ ആമുഖ പ്രഭാഷണം നടത്തി. നാടുമായി നിരന്തരം ബന്ധപ്പെട്ട് നാടിൻ്റെ ഓരോ സ്പന്ദനവും മനസിലാക്കുന്ന പ്രവാസികൾ നാടിൻ്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നവരാണെന്നും, പ്രവാസികൾ നാടിനോട് കാണിക്കുന്ന സൗഹൃദം ഗവൺമെൻ്റിന് വലിയ താങ്ങും തണലുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ജയിംസ് ജോൺ മംഗലത്ത് ആശീർവാദ പ്രഭാഷണം നടത്തി. സെൻ്റ് തോമസ് കോളേജ് മലയാള വിഭാഗം അസി. പ്രൊഫ. ഡോ. സോജൻ പുല്ലാട്ട്, പാസ്കോസ് സ്ഥാപക പ്രസിഡൻ്റ് മോഹൻ ജോർജ്, വനിതാ വിഭാഗം കൺവീനർ റോസ്മിൻ സോയൂസ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികൾ ഓണാഘോഷങ്ങൾക്ക് കൂടുതൽ ചാരുതയേകി. ഹെലെൻ റോസ് ലാൽജിയും, കാരേൻ മരിയാ ലാൽജിയും ആങ്കറിംഗ് നടത്തി. പാസ്കോസ് സെക്രട്ടറി ജോമി തോമസ് സ്വാഗതവും, ട്രഷറർ ലിജോയി നന്ദിയും പറഞ്ഞു. അനീഷ് ഫിലിപ്പ് പുളിക്കൽ, അനൂപ് ജോൺ, ആൻ്റോസ് ആൻ്റണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.