ശാസ്ത്ര വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ. ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ പത്താം ഭാഗം.
ഇറ്റലിയിലെ ഫെറാറ എന്ന സ്ഥലത്തു 1598 ഏപ്രില്‍ 17 നാണു ജ്യോവാന്നി റിച്ചിയോളി ജനിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവിന്റെ പേരും ഇതുതന്നെയായിരുന്നു. 1614 ഒക്ടോബര്‍ ആറിന് പതിനാറാം വയസില്‍ അദ്ദേഹം ജെസ്യുട്ട് സഭയില്‍ ചേര്‍ന്നു. 1616 ല്‍ തന്റെ ഗൗരവമായ പഠനങ്ങളിലേക്ക് കടക്കുന്നതിനു മുന്‍പ് അദ്ദേഹം രണ്ടുവര്‍ഷം സഭയില്‍ അടിസ്ഥാന കാര്യങ്ങള്‍ പഠിച്ചും പരിശീലിച്ചും കഴിഞ്ഞു.
പിന്നീട് ആദ്യം പഠിക്കാന്‍ തുടങ്ങിയത് മാനവിക ശാസ്ത്രമാണ്. 1620 ല്‍ പാര്‍മയില്‍ തത്വശാസ്ത്ര- ദൈവശാസ്ത്ര പഠനങ്ങള്‍ ആരംഭിച്ചു. പാര്‍മയില്‍ അദ്ദേഹത്തിന്റെ അധ്യാപകനായിരുന്ന ജോസഫ് ബിന്‍കാനി എന്ന വൈദികന് വാന നിരീക്ഷണത്തില്‍ അതിയായ താത്പര്യം ഉണ്ടായിരുന്നു. അദ്ദേഹം തന്റെ ടെലെസ്‌കോപ്പ് ഉപയോഗിച്ച് സൂര്യനെയും ചന്ദ്രനെയുമൊക്കെ നിരീക്ഷിക്കുമായിരുന്നു. സൂര്യമുഖത്തെ കറുത്ത പാടുകളെക്കുറിച്ചൊക്കെ പഠിച്ചിരുന്നു. അദ്ദേഹവുമായുള്ള സംസര്‍ഗം ജ്യോതിശാസ്ത്രത്തില്‍ തത്പരനാകാന്‍ റിച്ചിയോളിയെ നിര്‍ബന്ധിച്ചു.
1627 ല്‍ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടതിനുശേഷം ചൈനയില്‍ മിഷനറിയായി പോകുവാന്‍ അദ്ദേഹം തന്റെ മേലധികാരികളോട് അനുവാദം ചോദിച്ചു. എന്നാല്‍ അധികാരികള്‍ അനുവാദം നിഷേധിക്കുകയും ജെസ്യുട്ട് കോളേജില്‍ പഠിപ്പിക്കാന്‍ നിയോഗിക്കുകയും ചെയ്തു. പാര്‍മ, ബൊളോഞ്ഞാ എന്നിവടങ്ങളിലായി അദ്ദേഹം തന്റെ അധ്യാപനജീവിതം ജീവിച്ചു.
ശാസ്ത്രപഠനത്തിനായി തന്റെ മറ്റു ജോലികളും ക്ഷണങ്ങളുമെല്ലാം മാറ്റിവെച്ച അദ്ദേഹം തന്നെത്തന്നെ സമര്‍പ്പിക്കുകയും ഒരോ ദിവസവും നിരീക്ഷണങ്ങളിലും അറിവിലും വളരുകയും ചെയ്തു. വളരെ നിശബ്ദനും അന്തര്‍മുഖനുമായ വ്യക്തിയായിരുന്നു റിച്ചിയോളി. 1639 മുതല്‍ ആരോഗ്യം ക്ഷയിച്ചു തുടങ്ങിയ അദ്ദേഹം 1671 ജൂണ്‍ 25 ന് ബൊളോഞ്ഞായില്‍ അന്തരിച്ചു.
പാര്‍മയില്‍ ആദ്യമായി പഠിപ്പിക്കാന്‍ ആരംഭിച്ച കാലത്തു തന്നെ ഗുരുത്വകര്‍ഷണവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ അദ്ദേഹം നടത്തി. 1629-1631 കാലയളവില്‍ താഴേക്ക് പതിക്കുന്ന വസ്തുക്കളുടെ ഗതിവേഗം ഓരോ സെക്കന്റിലും കൂടിവരുന്നു എന്ന് അദ്ദേഹം നിരീക്ഷിച്ചു. 1, 3, 9, 27 എന്ന ക്രമത്തില്‍ ഇത് കൂടിവരുന്നു എന്നതായിരുന്നു കണ്ടെത്തല്‍. ആകാശത്തില്‍നിന്നും പതിക്കുന്ന വസ്തുക്കളുടെ വേഗം കൂടുന്നുണ്ട് എന്ന കാര്യം അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത ഒരു കാലത്താണ് അദ്ദേഹം ഇത് പറയുകയും എഴുതുകയും ചെയ്തത്.
g എന്ന കാര്യം സ്വപ്നത്തില്‍ പോലുമില്ലാത്ത കാലത്തു അദ്ദേഹം അതിന്റെ ധര്‍മം കണ്ടത്തി കുറിച്ചുവെച്ചു. ഗുരുത്വാകര്‍ഷണവുമായി ബന്ധപ്പെട്ട ആദ്യ പഠനങ്ങള്‍ റിച്ചിയോളിയിലാണ് ആരംഭിക്കുന്നത്. ഗുരുത്വാകര്‍ഷണം മൂലമുള്ള പ്രവേഗം ഭാരം ആശ്രയിച്ചല്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇന്ന് നമ്മള്‍ മനസിലാക്കുന്ന g (acceleration of gravity) യില്‍ നിന്നും അഞ്ചു ശതമാനം വ്യത്യാസത്തില്‍ അത് മനസിലാക്കാന്‍ പതിനാറാം നൂറ്റാണ്ടില്‍ അദ്ദേഹതിനു സാധിച്ചു. 9. 58 m/s2 ആണ് അദ്ദേഹം കണ്ടെത്തിയത്.
അതായത് മുകളില്‍ നിന്നും താഴേക്ക് പതിക്കുന്ന ഒരു വസ്തുവിന്റെ വേഗം സെക്കന്‍ഡില്‍ 9.58 മീറ്റര്‍ വെച്ചു കൂടുന്നു എന്നര്‍ത്ഥം. ഇന്ന് നാമത് 9.8 m/s2 ആണെന്ന് മനസിലാക്കുന്നു. അദ്ദേഹത്തിന്റെ പഠനങ്ങളുടെ കണ്ടെത്തലുകള്‍ ഇന്നും ഒരു ആധുനിക ഭാഷയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടിട്ടില്ല. ശാസ്ത്രത്തിന്റെ ചരിത്രം രചിച്ചവരെല്ലാം റിച്ചിയോളിയുടെ പ്രാധാന്യത്തെ വ്യക്തമായി ഊന്നിപ്പറയുന്നുണ്ട്.
1651 ല്‍ പുറത്തിറക്കിയ Almagestum Novum എന്ന പുസ്തകത്തിലാണ് അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ നമുക്ക് ലഭിക്കുന്നത്. 1500 പേജുകള്‍ വരുന്ന ഈ പുസ്തകം അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുടെയും വിശകലനങ്ങളുടെയും സംഗ്രഹമാണ്. ചന്ദ്രന്റെ മുഖത്തെപ്പറ്റിയുള്ള വളരെ വ്യക്തമായ ഒരു ചിത്രം ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകാശ ഗോളങ്ങളുടെ സഞ്ചാരപഥമെല്ലാം ഈ പുസ്തകത്തില്‍ ചര്‍ച്ചാ വിഷയമാകുന്നുണ്ട്. സൗര-ചന്ദ്ര ഗ്രഹണങ്ങളെപ്പറ്റിയും പെന്‍ഡുലത്തിന്റെ കാര്യവുമെല്ലാം ഈ പുസ്തകത്തിലുണ്ട്.
അദ്ദേഹത്തിന് ശേഷമുള്ള ഏറെക്കാലം യൂറോപ്പില്‍ ഈ പുസ്തകം വാനനിരീക്ഷകരുടെ അടിസ്ഥാനഗ്രന്ഥമായി നിലകൊണ്ടു. കോറിയോലിസ് ഇഫക്ടിനെക്കുറിച്ചുള്ള ആദ്യ ചര്‍ച്ചകള്‍ ഈ പുസ്തകത്തില്‍ നമുക്ക് കാണാം. തന്റെ സഹചാരിയായിരുന്ന ഗ്രിമാള്‍ഡിയോടു ചേര്‍ന്ന് കോറിയോലിസ് എഫ്ക്റ്റ് അദ്ദേഹം പഠിച്ചു. കോറിയോലിസ് ഇത് മനസിലാക്കുന്നതിനും 200 വര്‍ഷങ്ങള്‍ക്കു മുന്‍പാണിത് സംഭവിക്കുന്നത്. ന്യൂട്ടന്റെ മുന്‍പുള്ള കാലമായതുകൊണ്ട് അവരുടെ ഗണിതശാസ്ത്രപരമായ വളരെ പരിമിതമായിരുന്നു എന്നുമാത്രം.
ഭൗമ കേന്ദ്രീകൃത-സൗര കേന്ദ്രീകൃത വിവാദങ്ങള്‍ക്കും ഈ പുസ്തകത്തില്‍ മറുപടി നല്‍കുന്നുണ്ട്. ജ്യോവാന്നി റിച്ചിയോളി ഭൗമ കേന്ദ്രീകൃത സിദ്ധാന്തത്തില്‍ വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ രചനകളുടെ വലിയ പ്രത്യേകത പിന്നീട് വരുന്നവര്‍ക്ക് കൃത്യമായി കാര്യങ്ങള്‍ മനസിലാകുന്ന രീതിയില്‍ കണ്ടെത്തലുകള്‍, അവക്ക് പിന്നിലെ നിരീക്ഷണങ്ങള്‍, അവയിലേക്ക് എത്തിച്ചേര്‍ന്ന മാര്‍ഗങ്ങള്‍, ഇതെല്ലാം അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ചുള്ള പഠനത്തിലെ ഉന്നത ശീര്‍ഷനാണ് റിച്ചിയോളി. ഇന്നും ഈ മേഖലയിലെ പഠനങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ വാക്കുകളും പേരുകളുമാണ് ഉപയോഗിക്കുന്നത്. Almagest-ല്‍ ഭൗമകേന്ദ്രീകൃത-സൗരകേന്ദ്രീകൃത വിവാദങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ റിച്ചിയോളിയുടെ ശാസ്ത്രത്തോടുള്ള പ്രതിബദ്ധത മനസിലാക്കാം. തന്റെ ആശയം മാത്രം മുന്നോട്ടു വെക്കുന്ന ആളായിരുന്നില്ല റിച്ചിയോളി.
ഈ വിഷയം സംസാരിക്കുമ്പോള്‍ ആകെ 126 വാദങ്ങള്‍ അദ്ദേഹം നിരത്തുന്നുണ്ട്. അതില്‍ 49 എണ്ണം സൗര കേന്ദ്രീകൃത ലോക മാതൃകയും 77 എണ്ണം ഭൗമ കേന്ദ്രീകൃത ലോക മാതൃകയും പിന്താങ്ങുന്നു. ഇത് നിഷ്പക്ഷമായ സത്യാന്വേഷണത്തിനുള്ള അദ്ദേഹത്തിന്റെ താത്പര്യവും വികാരങ്ങള്‍ക്കപ്പുറം വിചാരത്തിനു പ്രാമുഖ്യം നല്‍കാനുള്ള മനസിനെയും വെളിവാക്കുന്നു.
ശാസ്ത്ര കുതുകികള്‍ക്ക് നല്ലൊരു മാതൃകയാണ് റിച്ചിയോളി. ഒരു തലമുറക്ക് അദ്ദേഹം ശാസ്ത്ര സത്യങ്ങളുടെ വെളിച്ചം പകര്‍ന്നു. ഇന്നും റിച്ചിയോളി സ്മരിക്കപ്പെടുന്നതിന്റെ കാരണം സത്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ്. അദ്ദേഹത്തിന്റെ മഹനീയമാതൃക നമുക്കെല്ലാം വഴി വിളക്കാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.