ബഹിരാകാശ വിനോദ സഞ്ചാരം; നാലു പേരുമായി സ്‌പേസ് എക്‌സ് പേടകം നാളെ യാത്ര തിരിക്കും

ബഹിരാകാശ വിനോദ സഞ്ചാരം; നാലു പേരുമായി സ്‌പേസ് എക്‌സ് പേടകം നാളെ യാത്ര തിരിക്കും

സാന്‍ഫ്രാന്‍സിസ്‌കോ: ബഹിരാകാശ വിനോദ സഞ്ചാരം എന്ന സുപ്രധാന ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പായി സ്പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ വാഹനത്തില്‍ നാലു സാധാരണക്കാര്‍ നാളെ ബഹിരാകാശത്തേക്കു യാത്ര തിരിക്കും. 'ഇന്‍സ്പിറേഷന്‍ 4' എന്നു പേരിട്ട ദൗത്യത്തിന്റെ ഭാഗമായാണ് നാലു പേര്‍ ബഹിരാകാശ യാത്ര നടത്താന്‍ പോകുന്നത്. ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്പേസ് എക്‌സ്.

ബഹിരാകാശത്തേക്കുള്ള മൂന്നു ദിവസത്തെ യാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ബുധനാഴ്ച രാത്രി പ്രാദേശിക സമയം 8:02ന് നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് സംഘം പറന്നുയരുന്നത്. പേടകം 575 കിലോമീറ്റര്‍ ദൂരം ഉയരത്തിലേക്കു പറക്കും. വിദഗ്ധനായ പ്രൊഫഷണല്‍ ബഹിരാകാശയാത്രികന്റെ സഹായമില്ലാതെയാണ് യാത്ര.


ബഹിരാകാശ യാത്രികര്‍ സീറോ ഗ്രാവിറ്റി പരിശീലനത്തില്‍

ക്രൂ ഡ്രാഗണ്‍ വാഹനത്തില്‍ ഭൂമിയെ വലംവെക്കുന്ന സംഘം മൂന്നുദിവസത്തിനുശേഷം തിരിച്ച് ഫ്‌ളോറിഡ തീരത്തോടുചേര്‍ന്ന് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ലാന്‍ഡ് ചെയ്യും. അന്താരാഷ്ട്ര ബഹിരാകാശനിലയം സംഘം സന്ദര്‍ശിക്കില്ല. ഇക്കൊല്ലം ഫെബ്രുവരിയിലാണ് ഇന്‍സ്പിറേഷന്‍ 4 സ്‌പേസ് എക്‌സ് പ്രഖ്യാപിച്ചത്.

8.1 മീറ്റര്‍ ഉയരവും 4 മീറ്റര്‍ വ്യാസവുമുള്ള ക്രൂ ഡ്രാഗണിന് രണ്ട് ജനാലകളുണ്ട്. അതേസമയം ഉറങ്ങാനുള്ള സൗകര്യം പേടകത്തില്‍ ഇല്ല. സ്വകാര്യതയും പരിമിതമാണ്. ഒരു കര്‍ട്ടന്‍ ഉപയോഗിച്ചാണ് ശുചിമുറി മറച്ചിരിക്കുന്നത്.

ഭക്ഷണത്തിനായി തണുത്ത പിസയും ബഹിരാകാശയാത്രികര്‍ ഉപയോഗിക്കുന്ന പാക്ക് ചെയ്ത ഉണക്കിയ ഭക്ഷണങ്ങളുമാണ് കരുതുന്നത്.


അമേരിക്കന്‍ ബിസിനസുകാരനും പൈലറ്റുമായ ജാരെഡ് ഐസാക്മാനൊപ്പം മൂന്നു സാധാരണക്കാരാണ് യാത്രയില്‍ പങ്കാളികളാകുന്നത്. സ്‌പേസ് എക്‌സ് സാധാരണക്കാര്‍ക്കുവേണ്ടി നടത്തുന്ന ആദ്യ ദൗത്യം കൂടിയാണിത്.

പത്തു വയസില്‍ അര്‍ബുദം ബാധിച്ച ഹാലി ആര്‍സെനോക്‌സാണ് യാത്രക്കാരിലൊരാള്‍.
ബഹിരാകാശത്തേക്ക് പറക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കക്കാരിയായി 29 വയസുകാരിയായ ഹാലി മാറും. ബാല്യത്തില്‍ ഹാലിയുടെ കാലിന്റെ എല്ലിനാണ് അര്‍ബുദം ബാധിച്ചത്. തുടര്‍ന്ന് സര്‍ജറിയിലൂടെ തുടയുടെ വലിയൊരുഭാഗം നീക്കി ടൈറ്റാനിയം റോഡ് പിടിപ്പിച്ചു. ബഹിരാകാശത്തേക്ക് കൃത്രിമ അവയവവുമായി സഞ്ചരിക്കുന്ന ആദ്യ വ്യക്തിയെന്ന റെക്കോര്‍ഡും ഹാലിക്ക് സ്വന്തമാകും. യാത്രക്കാര്‍ ഇരിക്കുന്ന സ്പേസ് എക്‌സ് കാപ്‌സ്യൂളില്‍ ഹാലിക്ക് ഇരിക്കാന്‍ പാകത്തിനുള്ള പ്രത്യേക സീറ്റും ക്രമീകരിച്ചിട്ടുണ്ട്.


അമേരിക്കന്‍ കമ്പനി ഷിഫ്റ്റ് 4 പേമെന്റ്‌സ് സ്ഥാപകനും സി.ഇ.ഒ.യുമാണ് 38 വയസുകാരനായ കോടീശ്വരന്‍ ജാരെഡ് ഐസാക്മാന്‍. ജിയോ സയന്‍സ് പ്രൊഫസറും പൈലറ്റുമായ സിയാന്‍ പ്രോക്ടര്‍ (51), മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും ഡാറ്റാ എന്‍ജിനീയറുമായ ക്രിസ് സെബ്രോസ്‌കി (42) എന്നിവരാണ് മറ്റു യാത്രക്കാര്‍. നറുക്കെടുപ്പിലൂടെയാണ് ഇവര്‍ വിജയിച്ചത്. മൂന്നു പേരുടെയും ചെലവ് വഹിക്കുന്നത് ഐസാക്മാനാണ്.

സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ആശുപത്രിക്കുവേണ്ടിയുള്ള ഫണ്ട് സമാഹരണമാണ് യാത്രയുടെ പ്രധാനലക്ഷ്യം.

സാധാരണ മനുഷ്യരുടെ ബഹിരാകാശ യാത്രയ്ക്ക് ഒരു പുതിയ യുഗം സൃഷ്ടിക്കുന്നതാണ് ഈ യാത്രയെന്ന് സ്‌പേസ് എക്‌സ് വക്താവ് പറഞ്ഞു. എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായെന്ന് സംഘം ട്വിറ്ററിലൂടെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നാസ ബഹിരാകാശയാത്രികരെ അയയ്ക്കാന്‍ ഉപയോഗിച്ചതും ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.