സുഡാന്‍ സംഘര്‍ഷം: ഇതുവരെ പലായനം ചെയ്തത് 36,000 ത്തിലധികം ആളുകളെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട്

സുഡാന്‍ സംഘര്‍ഷം:   ഇതുവരെ പലായനം ചെയ്തത് 36,000 ത്തിലധികം ആളുകളെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട്

ഖാര്‍ത്തൂം: സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ ഇതുവരെ പലായനം ചെയ്തത് 36,000 ത്തിലധികം ആളുകളാണെന്ന് ഐക്യരാഷ്ട്ര സഭ.ഡാര്‍ഫറില്‍ എല്‍-ഫാഷറില്‍ നടന്ന ആക്രമണത്തിനിടെയാണ് പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും ആളുകള്‍ കൂട്ട പലായനം ചെയ്തത്.

ആയിരക്കണക്കിന് ആളുകള്‍ പലായനം ചെയ്യുന്നത് തുടരുന്നതിനാല്‍ ഉണ്ടാകാവുന്ന മാനുഷിക പ്രത്യാഘാതങ്ങളെക്കുറിച്ച് നവംബര്‍ രണ്ടിന് വൈകുന്നേരം പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒക്ടോബര്‍ 26 നും 31 നും ഇടയില്‍ നോര്‍ത്ത് കോര്‍ദോഫാനിലെ അഞ്ച് പ്രദേശങ്ങളില്‍ നിന്ന് 36,825 പേര്‍ പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ മൈഗ്രേഷന്‍ ഏജന്‍സി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

മധ്യ സുഡാനിലെ നോര്‍ത്ത് കോര്‍ദോഫാന്‍ തലസ്ഥാനം ദാര്‍ഫറിന് കിഴക്കായാണ് സ്ഥിതിചെയ്യുന്നത്. അവിടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആര്‍എസ്എഫ് ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട്.

നോര്‍ത്ത് ദാര്‍ഫറിലെ എല്‍ ഫാഷര്‍ നഗരത്തില്‍ ആര്‍എസ്എഫ് നടത്തിയ കൂട്ടക്കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കെട്ടിക്കിടക്കുന്ന രക്തവും മൃതദേഹങ്ങളുടെ കൂമ്പാരവും ഉപഗ്രഹ ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

എസ്എഎഫിന്റെ സിക്‌സ്ത് ഡിവിഷന്‍ ആസ്ഥാനവും 157-ാം ആര്‍ട്ടിലറി ബ്രിഗേഡും ഉള്‍പ്പെടെ എല്‍ ഫാഷറിലെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ ആര്‍എസ്എഫ് പിടിച്ചടക്കിയിട്ടുണ്ട്. ഒക്ടോബര്‍ 27-ന് ആര്‍എസ്എഫ് വാഹനങ്ങളും ടാങ്കുകളും ഇവിടെ വിന്യസിച്ചിരിക്കുന്നത് ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാണ്.

നഗരത്തിന്റെ അതിര്‍ത്തി ഭിത്തിക്ക് മുകളിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സാധാരണക്കാരെ വിമതര്‍ വെടിവെച്ചിടുകയായിരുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റുകളും പ്രാദേശിക റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.