43 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ശിക്ഷാ വിധി റദ്ദാക്കി; ഇന്ത്യന്‍ വംശജനെ നാടുകടത്തുന്നത് തടഞ്ഞ് യു.എസ് കോടതികള്‍

43 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ശിക്ഷാ വിധി റദ്ദാക്കി;  ഇന്ത്യന്‍ വംശജനെ നാടുകടത്തുന്നത് തടഞ്ഞ് യു.എസ് കോടതികള്‍

ന്യൂയോര്‍ക്ക്: കൊലപാതക കുറ്റത്തില്‍ ശിക്ഷിക്കപ്പെട്ട് നാല് പതിറ്റാണ്ടിലധികം ജയിലില്‍ കഴിഞ്ഞ ശേഷം ഈ വര്‍ഷം ആദ്യം ശിക്ഷാവിധി റദ്ദാക്കപ്പെട്ട ഇന്ത്യന്‍ വംശജനായ സുബ്രഹ്‌മണ്യം വേദം (64) എന്നയാളെ നാടുകടത്തരുതെന്ന് കുടിയേറ്റ ഉദ്യോഗസ്ഥര്‍ക്ക് രണ്ട് അമേരിക്കന്‍ കോടതികളുടെ നിര്‍ദേശം.

1980 ല്‍ സുഹൃത്തായ തോമസ് കിന്‍സറെ കൊലപ്പെടുത്തിയെന്നാണ് വേദത്തിനെതിരായ ആരോപണം. സുബ്രഹ്‌മണ്യം വേദത്തിന്റെ കേസ് പുനപരിശോധിക്കണമോ എന്ന കാര്യത്തില്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ അപ്പീല്‍സ് ഇന്തിമ തീരുമാനമെടുക്കുന്നതു വരെ അദേഹത്തെ നാടുകടത്തുന്നത് ഇമിഗ്രേഷന്‍ ജഡ്ജി സ്റ്റേ ചെയ്തു.

തീരുമാനം വരാന്‍ മാസങ്ങളെടുത്തേക്കാം. പെന്‍സില്‍വാനിയയിലെ യു.എസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ നിന്ന് സ്റ്റേ ലഭിച്ചിരുന്നു. എന്നാല്‍ ഇമിഗ്രേഷന്‍ കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ കേസ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചേക്കാമെന്ന് വേദത്തിന്റെ അഭിഭാഷകര്‍ പറഞ്ഞു.

ബന്ധുക്കള്‍ക്കിടയില്‍ 'സുബ്ബു' എന്നറിയപ്പെടുന്ന വേദം യു.എസിലെ നിയമപരമായ സ്ഥിര താമസക്കാരനാണ്. 1982 ല്‍ കൊലപാതക കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് അദേഹത്തിന്റെ പൗരത്വത്തിനുള്ള അപേക്ഷ സ്വീകരിക്കപ്പെട്ടിരുന്നു.

കൊല്ലപ്പെട്ട കിന്‍സറെ അവസാനമായി കണ്ടത് വേദത്തിനൊപ്പം ആയിരുന്നു എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. കൃത്യമായ സാക്ഷികളോ മറ്റ് തെളിവുകളോ ഇല്ലായിരുന്നിട്ടും വേദത്തെ രണ്ട് തവണ കൊലപാതക കുറ്റത്തിന് ശിക്ഷിച്ചു.

പ്രോസിക്യൂട്ടര്‍മാര്‍ വെളിപ്പെടുത്താതിരുന്ന പുതിയ തെളിവുകള്‍ വേദത്തിന്റെ അഭിഭാഷകര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഓഗസ്റ്റില്‍ അദ്ദേഹത്തിന്റെ ശിക്ഷാവിധി റദ്ദാക്കിയത്.

നാല് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുറ്റവിമുക്തനായി ഒക്ടോബര്‍ മൂന്നിന് പെന്‍സില്‍വാനിയ ജയിലില്‍നിന്ന് മോചിതനായപ്പോള്‍ അദേഹത്തെ ഇമിഗ്രേഷന്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നാടുകടത്താനുള്ള എയര്‍സ്ട്രിപ്പ് സൗകര്യമുള്ള ലൂസിയാനയിലെ അലക്സാണ്ട്രിയയിലുള്ള താല്‍ക്കാലിക തടങ്കല്‍ കേന്ദ്രത്തിലാണ് വേദം ഇപ്പോള്‍ കഴിയുന്നത്.

ഏകദേശം 20 വയസുള്ളപ്പോള്‍ എല്‍എസ്ഡി കൈമാറ്റം ചെയ്തെന്ന കുറ്റത്തിന് അദേഹം നല്‍കിയ 'നോ-കോണ്ടെസ്റ്റ്' അപേക്ഷയുടെ പേരിലാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) വേദത്തെ നാടുകടത്താന്‍ ശ്രമിക്കുന്നത്.

അതേസമയം അന്യായമായി ജയിലില്‍ ചെലവഴിച്ച നാല് പതിറ്റാണ്ടു കാലം ഈ മയക്കുമരുന്ന് കേസിനെക്കാള്‍ പരിഗണിക്കപ്പെടേണ്ടതാണെന്ന് വേദത്തിന്റെ അഭിഭാഷകര്‍ വാദിക്കുന്നു.

കൊലപാതകക്കേസിലെ വിധി റദ്ദാക്കിയത് മയക്കുമരുന്ന് കേസിലെ ശിക്ഷയെ ഇല്ലാതാക്കുന്നില്ലെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വക്താവ് പറഞ്ഞു. ശിക്ഷാകാലയളവില്‍ സുബ്രഹ്‌മണ്യം ബിരുദങ്ങള്‍ നേടുകയും സഹതടവുകാരെ പഠിപ്പിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയില്‍നിന്ന് മാതാപിതാക്കളോടൊപ്പം നിയമപരമായി യു.എസില്‍ എത്തുമ്പോള്‍ വേദത്തിന് ഒമ്പത് മാസം പ്രായമേ ഉണ്ടായിരുന്നുള്ളൂ. പെന്‍ സ്റ്റേറ്റില്‍ അധ്യാപകനായിരുന്നു അദേഹത്തിന്റെ പിതാവ്.

സുബ്ബുവിന്റെ ഇമിഗ്രേഷന്‍ കേസ് പുനരാരംഭിക്കാനുള്ള ശ്രമം പരിഗണനയിലിരിക്കെ, അദേഹത്തെ നാടുകടത്തുന്നത് അനാവശ്യമാണെന്ന് രണ്ട് ജഡ്ജിമാര്‍ സമ്മതിച്ചതില്‍ കുടുംബത്തിന് ആശ്വാസമുണ്ടെന്ന് വേദത്തിന്റെ സഹോദരി സരസ്വതി വേദം പറഞ്ഞു.

ചെയ്യാത്ത കുറ്റത്തിന് 43 വര്‍ഷം ജയിലില്‍ കഴിയുകയും ഒമ്പത് മാസം പ്രായം മുതല്‍ യുഎസില്‍ ജീവിക്കുകയും ചെയ്ത ഒരു മനുഷ്യനോട് കാണിക്കുന്ന, ന്യായീകരിക്കാനാവാത്ത മറ്റൊരു അനീതിയായിരിക്കും സുബ്ബുവിനെ നാടുകടത്തുന്നതെന്നും ബോര്‍ഡ് ഓഫ് ഇമിഗ്രേഷന്‍ ഒടുവില്‍ അപ്പീല്‍ അംഗീകരിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുതായും സഹോദരി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.