റീഡിംഗ്: സൂര്യനില്‍ നിന്നുള്ള അപകടകരമായ വികിരണങ്ങളെ തടയുന്ന അദൃശ്യ സംരക്ഷണ കവചമായ ഓസോണ്‍ പാളിയില്‍ ശൈത്യകാലത്തുണ്ടാകുന്ന വിള്ളലിന്റെ വലുപ്പം ഓരോ വര്‍ഷവും അതിവേഗം കൂടിവരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ശാസ്ത്ര ലോകം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികരിച്ചുകഴിഞ്ഞ ഈ വര്‍ഷത്തെ വിള്ളല്‍ നിലവില്‍ അന്റാര്‍ട്ടിക്കയേക്കാള്‍ വലുതായിക്കഴിഞ്ഞെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
സെപ്റ്റംബര്‍ 16 ലെ ഓസോണ്‍ സംരക്ഷണ ദിനാചരണത്തിനു പിന്നാലെയാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത കൂട്ടുന്ന സംഭവ വികാസത്തെപ്പറ്റിയുള്ള വിവരം പുറത്തുവന്നത്. ഈ വര്‍ഷത്തെ വിള്ളല്‍ മുമ്പത്തെ അപേക്ഷിച്ച വേഗത്തില്‍ വളരുന്നതായും 1979 മുതല്‍ ഇതേ സമയത്തുണ്ടായിരുന്ന വിള്ളലുകളേക്കാള്‍ 75 ശതമാനം വലിപ്പമുള്ളതാണെന്നും ദക്ഷിണ ബ്രിട്ടനിലെ റീഡിംഗ് ആസ്ഥാനമായുള്ള കോപ്പര്‍നിക്കസ് അന്താരാഷ്ട്ര അന്തരീക്ഷ നിരീക്ഷണ കേന്ദ്ര (Copernicus Atmosphere Monitoring Service) ത്തിലെ സാറ്റലൈറ്റ് മോണിട്ടറിംഗ് വിഭാഗം മേധാവി വിന്‍സന്റ് ഹെന്റി പ്യൂഷ് അറിയിച്ചു.ഇതുവരെ കാണപ്പെട്ടതില്‍ ഏറ്റവും വലിയ ഓസോണ്‍ വിള്ളല്‍ കഴിഞ്ഞ വര്‍ഷത്തേതായിരുന്നു. അമേരിക്കന്‍ ഉപഭൂഖണ്ഡത്തേക്കാള്‍ മൂന്ന് മടങ്ങ് വലുപ്പം ഇതിനുണ്ടായിരുന്നു.
ഇളംനീല നിറമുള്ള, രൂക്ഷഗന്ധമുള്ള ഓസോണ്‍ ഹരിതഗൃഹവാതകങ്ങളില്‍ ഒന്നാണ്. അന്തരീക്ഷത്തില്‍ ഒരു നിശ്ചിത താപനിലയുണ്ടെങ്കിലേ ഓസോണിനു നിലനില്‍ക്കാനാകൂ. ട്രോപ്പോസ്ഫിയറില്‍ നിന്നു മുകളിലേക്കു താപവികിരണങ്ങള്‍ കടന്നുപോകുന്നതു വഴിയാണ് ഇതു സാധ്യമാകുന്നത്. ഓസോണ്‍ കവചത്തെ ഭേദിക്കാതെ വികിരണങ്ങള്‍ക്കു ഭൂമിയിലേക്കു പതിക്കാനാവില്ല.അള്‍ട്രാ വയലറ്റ് കിരണങ്ങളില്‍ നിന്നും ഭൂമിക്ക് സംരക്ഷണം നല്‍കുന്നത് ഓസോണ്‍ പാളിയാണ്. ദക്ഷിണാര്‍ധഗോളത്തില്‍ ശൈത്യകാലത്ത് എല്ലാവര്‍ഷവും ഓസോണ്‍ പാളിയില്‍ വിള്ളല്‍ ഉണ്ടാകുന്നു. മനുഷ്യ നിര്‍മ്മിത ഉത്പന്നങ്ങളിലെ ക്ലോറിന്‍, ബ്രോമിന്‍ തുടങ്ങിയ മൂലകങ്ങളുടെ പ്രവര്‍ത്തന ഫലമായാണ് ഓസോണ്‍ പാളിയില്‍ വിള്ളലുകള്‍ ഉണ്ടാവുന്നത്.
ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുത്തനെ ഉയരുമ്പോള്‍ ചൂട് അന്തരീക്ഷത്തിന്റെ താഴെത്തന്നെ തുടരുകയും സ്ട്രാറ്റോസ്ഫിയറിലെ താപനില കുറയുകയും ചെയ്യുന്നു. ഓസോണ്‍ പാളിക്ക് ആവശ്യത്തിനു ചൂട് ലഭിക്കാതെ വരുമ്പോള്‍ അതിലെ തന്മാത്രകള്‍ വിഘടിച്ച് ഓക്‌സിജന്‍ ആറ്റങ്ങളായി മാറുന്നു. ഈ വിള്ളലിലൂടെ കടന്നുവരുന്ന വികിരണങ്ങള്‍ മാരകമായ റേഡിയേഷനു കാരണമാകുന്നു.220-330 നാനോമീറ്റര്‍ തരംഗദൈര്‍ഘ്യമുള്ള അള്‍ട്രാവയലറ്റ് വികിരണങ്ങളെയാണ് ഓസോണ്‍ ആഗിരണം ചെയ്യുന്നത്.
മൂന്ന് ഓക്സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്ന ഓസോണ്‍ തന്മാത്ര
മൂന്ന് ഓക്സിജന്‍ ആറ്റങ്ങള്‍ കൂടിയതാണ് ഒരു ഓസോണ്‍ തന്മാത്ര. ഓക്സിജനെക്കാള്‍ സ്ഥിരത കുറഞ്ഞതും മികച്ച ഓക്സീകാരി ആയതുകൊണ്ടും ഓസോണ്‍ വളരെ വേഗത്തില്‍ മറ്റു പദാര്‍ഥങ്ങളുമായി രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു. കൂടാതെ അള്‍ട്രാവയലറ്റ്, ഇന്‍ഫ്രാറെഡ് വികിരണങ്ങളെ ആഗിരണം ചെയ്യാനുള്ള ശേഷിയും ഓസോണിനെ മറ്റു വാതകങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നു.
ഭൗമാന്തരീക്ഷത്തിലെ വാതകങ്ങളുടെ അളവു സൂചിക വോള്യം ശതമാനമാണ്. നൈട്രജന്‍, ഓക്സിജന്‍ തുടങ്ങിയ വാതകങ്ങുടെ വോള്യം ശതമാനം ഭൂമിയുടെ പ്രതലത്തില്‍നിന്ന് ഏകദേശം 80 കിലോമീറ്റര്‍വരെയുള്ള ഹോമോസ്പിയര്‍ മേഖലയില്‍ വലിയ മാറ്റങ്ങളില്ലാതെ തുടരുന്നു. ഈ മേഖലയെ ഹോമോസ്പിയര്‍ എന്ന് വിളിക്കുന്നു. പക്ഷേ, ഭൗമാന്തരീക്ഷത്തിലെ ഓസോണിന്റെ 90 ശതമാനവും കാണപ്പെടുന്നത് ഭൂമിയുടെ പ്രതലത്തില്‍നിന്ന് ഏകദേശം 12 കിലോമീറ്ററിനും 50 കിലോമീറ്ററിനും ഉയരത്തിനിടയ്ക്കുള്ള സ്ട്രാറ്റോസ്ഫിയര്‍ എന്നറിയപ്പെടുന്ന മേഖലയിലാണ്. ഈ മേഖലയില്‍ ഓസോണ്‍ കൂടുതല്‍ കാണപ്പെടുന്ന ഭാഗത്തെയാണ്് ഓസോണ്‍ പാളി എന്ന് വിളിക്കുന്നത്.
സൂര്യനില്‍നിന്നുവരുന്ന അള്‍ട്രാവയലറ്റ് രശ്മികളില്‍ 93-99 ശതമാനവും ഈ പാളി ആഗിരണം ചെയ്യുകയും ജീവജാലങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇവിടെയുള്ള ഓസോണിനെ 'ഗുഡ് ഓസോണ്‍' എന്ന് വിളിക്കുന്നു. പിന്നെയുള്ള പത്തു ശതമാനം കാണപ്പെടുന്നത് ഭൂമിയില്‍നിന്ന് 12 കിലോമീറ്റര്‍ ഉയരത്തിനു താഴെയുള്ളതും മഴ, മഞ്ഞ് തുടങ്ങിയ പ്രതിഭാസങ്ങളിലൂടെ നമ്മളില്‍ സ്വാധീനമുള്ളതുമായ ട്രോപ്പോസ്ഫിയര്‍ എന്ന മേഖലയിലാണ്. ഈ മേഖലയിലെ ഓസോണ്‍ ഒരു ദ്വിതീയ മലിനീകാരിയും ശക്തമായ ഓക്സീകാരിയും ആയതിനാല്‍ പരിധിയില്‍ക്കഴിഞ്ഞുള്ള ഓസോണ്‍ സമ്പര്‍ക്കം ശ്വാസതടസ്സങ്ങള്‍ക്ക് കാരണമാകും. ഭൂമിയിലെ ജീവന് ഭീഷണിയാകുകയും ചെയ്യുന്നു ഇത്. കൂടാതെ വിളകളുടെ വളര്‍ച്ചയെയും ഉത്പാദനക്ഷമതയെയും ദോഷകരമായി ബാധിക്കുന്നു. അതിനാല്‍ ഈ പ്രദേശത്തെ ഓസോണിനെ ട്രോപ്പോസ്ഫിയറിക് ഓസോണ്‍ അഥവാ 'ബാഡ് ഓസോണ്‍' എന്നു വിളിക്കുന്നു.
വ്യാവസായിക, സാമ്പത്തിക മേഖലകളിലെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കുന്ന പാദാര്‍ഥങ്ങളില്‍ പലതും ഓസോണ്‍ ശോഷണമുണ്ടാക്കുന്നു. ഇവ അറ്റ്‌മോസ്ഫെറിക് സര്‍ക്കുലേഷന്‍വഴി സ്ട്രാറ്റോസ്ഫിയറില്‍ എത്തിച്ചേര്‍ന്ന് ഓസോണിനെ നശിപ്പിക്കുന്നു. ഇത്തരത്തിലുള്ള ഓസോണ്‍ പാളിയുടെ ശോഷണത്തെക്കുറിച്ച് 1974-ല്‍ മാരിയോ ജെ. മോളിനോ, ഫ്രാങ്ക് ഷെര്‍വുഡ് റോളണ്ട് എന്നിവര്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് 1985-ല്‍ അന്റാര്‍ട്ടിക്കയിലെ സ്ട്രാറ്റോസ്ഫിയറിക് ഓസോണ്‍ കുറയുന്നതായി സ്ഥിരീകരിച്ചു. പിന്നീട് ഉപഗ്രഹങ്ങളുടെയും 1986-ല്‍ ആരംഭിച്ച നാഷണല്‍ ഓസോണ്‍ എക്സ്പഡിഷനിലൂടെയും അന്റാര്‍ട്ടിക് ഓസോണ്‍ വിള്ളലിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സാധിച്ചു.
അന്റാര്‍ട്ടിക്കയ്ക്ക് മുകളില്‍ ധ്രുവനീര്‍ച്ചുഴി (polar vertex) എന്ന വൃത്താകൃതിയിലുള്ള ശക്തമായ കാറ്റിന്റെ സ്വാധീനഫലമായി പോളാര്‍ സ്ട്രാറ്റോസ്ഫിയറിക് മേഘങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുകയും വസന്തകാലത്തിന്റെ വരവോടെ അന്തരീക്ഷത്തിലെ ക്ലോറോ ഫ്ളൂറോ കാര്‍ബണ്‍ (c f c) അള്‍ട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യത്തില്‍ ക്ലോറിനും ബ്രോമിനുമായി വിഘടിക്കുകയും ഇങ്ങനെ സ്വതന്ത്രമാകുന്ന ക്ലോറിന്‍ ഓസോണ്‍ പാളിയെ ആക്രമിച്ച് ഓസോണ്‍ ശോഷണത്തിന് ഇടയാക്കുകയും ചെയ്യുന്നു.
സെപ്റ്റംബര്‍ 16 ഓസോണ്‍ സംരക്ഷണ ദിനം
ഓസോണ്‍ ശോഷണം തിരിച്ചറിഞ്ഞ് 1987 സെപ്റ്റംബര്‍ 16-ന് രാഷ്ട്രത്തലവന്മാര്‍ കാനഡയിലെ മോണ്‍ട്രിയലില്‍ ഒത്തുചേര്‍ന്ന് ഓസോണ്‍ പാളിയുടെ സംരക്ഷണത്തിനായി ഉടമ്പടി ഒപ്പുവെച്ചു. ഇതിനകം ഇന്ത്യ ഉള്‍പ്പെടെ 198 രാഷ്ട്രങ്ങള്‍ ഈ ഉടമ്പടിയുടെ ഭാഗമായിക്കഴിഞ്ഞു. ഈ ഉടമ്പടിയുടെ ഓര്‍മ നിലനിര്‍ത്താന്‍ 1994 മുതല്‍ സെപ്റ്റംബര്‍ 16 ഓസോണ്‍ സംരക്ഷണദിനമായി ആചരിച്ചു വരുന്നു. 1997-ല്‍ ജപ്പാനിലെ ക്യോട്ടോവില്‍ നടന്ന ലോകശാസ്ത്ര കൂടിച്ചേരലിന്റെ തീരുമാനപ്രകാരം കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉള്‍പ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങളുടെ ഉത്പാദനം കുറയ്ക്കാന്‍ 149 രാജ്യങ്ങള്‍ക്ക് യു.എന്‍. ലക്ഷ്യം നിശ്ചയിച്ചു നല്‍കി.
മിക്ക രാജ്യങ്ങളും യു.എന്‍ നല്‍കിയ നിര്‍ദ്ദേശം മുഖവിലയ്ക്കെടുത്ത് പ്രവര്‍ത്തിച്ചതിന്റെ ഫലമായി ക്ലോറോ ഫ്ളൂറോ കാര്‍ബണ്‍ ഉള്‍പ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതിന്റെ തോത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കൂടാതെ ഓസോണ്‍ പാളികളിലെ വിള്ളലുകളും ചെറുതായിവരുന്നു.അതേസമയം, ശാസ്ത്രലോകം അവതരിപ്പിക്കുന്ന ആശങ്കകളില്‍ ഒന്നുമാത്രമാണ് ഓസോണ്‍ പാളിയിലെ വിള്ളലുകളെന്ന് കളമശേരി കുസാറ്റ് അറ്റ്‌മോസ്ഫിയറിക് കെമിസ്ട്രി ആന്‍ഡ് ഫിസിക്സ് ലാബിലെ ഗവേഷകരായ ഡോ. വി. മധു, സെബാസ്റ്റ്യന്‍ ജോയ്, വിഷ്ണു എം. വാരിയര്‍ എന്നിവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തില്‍ പല ആശങ്കകളും അവയുടെ ശാസ്ത്രീയമായ അവലോകനവും പരിഹാരങ്ങളും ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (IPCC) എന്ന കൂട്ടായ്മയുടെ ആറാമത് അസെസ്‌മെന്റ് റിപ്പോര്‍ട്ടായി (AR-6) പ്രസിദ്ധീകരിച്ചെങ്കിലും ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന വസ്തുതകളെ പല രാജ്യങ്ങളും യഥാവിധി ഉള്‍ക്കൊള്ളാത്തതും ചര്‍ച്ചാ വിഷയമാണ്്. കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥൈല്‍ പോലുള്ള ഹരിതഗൃഹവാതകങ്ങളുടെ വര്‍ധനയ്ക്കനുസരിച്ച്, ഭൂമിയിലെ ചൂടുകൂടുന്നതും ആന്റാര്‍ട്ടിക്, ആര്‍ട്ടിക് മേഖലകളിലെ മഞ്ഞുപാളികള്‍ ഉരുകുന്നതും കൂടാതെ ഓഗസ്റ്റ് 14-ന് ഗ്രീന്‍ലന്‍ഡിലെ മഞ്ഞുപാളികളില്‍ ഉയരം കൂടിയ പ്രദേശത്ത് (സമ്മിറ്റ്- സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 3216 മീറ്റര്‍ ഉയരം) ചരിത്രത്തിലാദ്യമായി മഴ പെയ്തതും മറ്റും അനുബന്ധ വിഷയങ്ങള്‍.
പരസ്പര ബന്ധിതമാണ് പ്രകൃതിയിലെ പ്രക്രിയകള്‍. ആമസോണിയന്‍ കാടുകളിലെ ഒരു ചിത്രശലഭത്തിന്റെ ചിറകടി യൂറോപ്പിന്റെ പകുതിയോളം നശിപ്പിക്കാന്‍തക്ക പ്രഹരശേഷിയുള്ള ഒരു കൊടുങ്കാറ്റ് രൂപപ്പെടാന്‍ കാരണമായേക്കാം (ബട്ടര്‍ഫ്ലൈ ഇഫക്റ്റ്) എന്നത് കാല്‍പ്പനികമായ അതിശയോക്തി തന്നെ. അതേസമയം, ഭൂമിയിലെ വിവിധ മേഖലകളിലെ പരസ്പര സ്വാധീനങ്ങളെ അത് ചൂണ്ടിക്കാണിക്കുന്നു.
ഉദാഹരണത്തിന്, ബാഫിന്‍ ദ്വീപുകള്‍ക്കു സമീപം രൂപപ്പെട്ട ന്യൂനമര്‍ദ മേഖലയുടെയും ഗ്രീന്‍ലന്‍ഡിന് തെക്കുകിഴക്കായി രൂപപ്പെട്ട ഉച്ചമര്‍ദമേഖലയുടെയും സ്വാധീനത്താല്‍ ഗ്രീന്‍ലന്‍ഡിന്റെ തെക്കുഭാഗത്തുനിന്ന് ചൂടുള്ള, ഈര്‍പ്പമുള്ള വായു (Warm Air Mass )എത്തിച്ചേരുന്നു . ഈ വായു ഗ്രീന്‍ലന്‍ഡിലെ തണുത്തതും ഈര്‍പ്പം വളരെ കുറഞ്ഞതുമായ വായുവുമായി (Cold Air Mass) സമ്പര്‍ക്കമുണ്ടാകുമ്പോള്‍ സാന്ദ്രതയിലെ വ്യതിയാനങ്ങള്‍ മൂലം ചൂടുവായു മുകളിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുന്നു (രണ്ട് വ്യത്യസ്ത സ്വഭാവമുള്ള, വ്യത്യസ്തമേഖകളില്‍ രൂപപ്പെട്ട എയര്‍ മാസുകള്‍ കൂട്ടിയിടിക്കുന്നതുമൂലം രൂപപ്പെടുന്ന പ്രതിഭാസമാണ് Frontal System).
പക്ഷേ, ഈ പ്രദേശത്തെ താപം വാം എയര്‍ മാസിന്റെ സ്വാധീനത്താല്‍ ജലത്തിന്റെ ദ്രവണാങ്കത്തിനു മുകളിലായതുകൊണ്ടുതന്നെ ഇതിലെ ബാഷ്പം ഖനീഭവിച്ച് ഐസാകാതെ (ജലം ഖനീഭവിക്കുന്നത് 0 ഡിഗ്രി സെല്‍ഷ്യസിലാണ്) മഴയ്ക്ക് കാരണമാകുകയും ചെയ്തു. ഗ്രീന്‍ലന്‍ഡ് ഐസ് പാളിയിലെ ഉയരംകൂടിയ പ്രദേശത്തെ 43 വര്‍ഷങ്ങളിലെ റെക്കോഡുകള്‍ പ്രകാരം ആദ്യമായാണ് ഇവിടെ മഴയുണ്ടായത്. അതുകൊണ്ട് ഈ മേഖലയിലെ ഒരു തീവ്രപ്രതിഭാസമായി ഇതിനെ പരിഗണിക്കാം. ബട്ടര്‍ഫ്ളൈ ഇഫക്റ്റിന്റെ അടിസ്ഥാനത്തില്‍ , ഭൂമിയിലെ സന്തുലിതാവസ്ഥയില്‍ വന്ന മാറ്റത്തിന്റെ ഫലം തന്നെ ഈ തീവ്രപ്രതിഭാസത്തിനു കാരണം.
ഗ്രീന്‍ലന്‍ഡ് മേഖലയിലെ മഞ്ഞുപാളികള്‍ മുഴുവനും ഉരുകിയാല്‍ ഏകദേശം ആറുമീറ്ററോളം സമുദ്രനിരപ്പ് ഉയരും. അപ്പോള്‍ 2130-തോടെ കേരളത്തിലെ 340 ചതുശ്ര കിലോമീറ്റര്‍ സമുദ്രതീരപ്രദേശം കടലിനടിയിലാകും. എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളെ ഇത് സാരമായി ബാധിക്കും.
വഴി തെളിച്ചത് അന്ന മാണി
കാലാവസ്ഥാ വ്യതിയാനങ്ങള്‍ വെറും പഠനങ്ങള്‍ മാത്രമല്ലെന്നും ഒരു യാഥാര്‍ഥ്യമായി പലരൂപങ്ങളിലും ജന ജീവിതത്തെ സ്വാധീനിക്കുന്നു എന്നതും പരിസ്ഥിതിദിനം, ഓസോണ്‍ദിനം, ജലദിനം എന്നിവ ആചരിക്കുന്നതുകൊണ്ടു മാത്രം തിരിച്ചറിയപ്പെടുന്നില്ലെന്ന വ്യാകുലം പങ്കു വയ്ക്കുന്നു ശാസ്ത്രജ്ഞര്‍.'അവസാന മരവും മുറിച്ച് അവസാന മീനിനെയും തിന്നു കഴിയുമ്പോള്‍ തിരിച്ചറിയും പണം ചവച്ച് ജീവിക്കാനാവില്ലെന്ന്.'ഇത്തവണത്തെ ഓസോണ്‍ ദിന മുദ്രാവാക്യമായിരുന്നു ഇത്.
ഓസോണ്‍ പാളിയെക്കുറിച്ചുള്ള പഠനങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ മറക്കരുതാത്ത പേരാണ് മലയാളിയായ അന്ന മാണിയുടേത്. 1918 ഓഗസ്റ്റ് 23നു പീരുമേട്ടില്‍ ജനിച്ച അന്ന, സി.വി.രാമന്റെ ശിഷ്യയായിരുന്നു. സ്‌പെക്ട്രോസ്‌കോപ്പിയില്‍ ഗവേഷണം നടത്തിയെങ്കിലും ലണ്ടനിലെ ഉപരിപഠനത്തിനുശേഷം അന്തരീക്ഷശാസ്ത്രത്തിലേക്കു തിരിഞ്ഞു. അന്തരീക്ഷപഠനത്തിന് ആവശ്യമായ ഗുണമേന്മയുള്ള ഉപകരണങ്ങളോ അടിസ്ഥാനസൗകര്യങ്ങളോ ലഭ്യമല്ലാതിരുന്നിട്ടും അന്നയും സഹപ്രവര്‍ത്തകരും ഗവേഷണത്തില്‍ വലിയ കുതിപ്പുണ്ടാക്കി. ഓസോണ്‍ പാളിയെക്കുറിച്ച് അന്ന നടത്തിയ പഠനങ്ങള്‍ പക്ഷേ, വേണ്ട വിധത്തില്‍ അംഗീകരിക്കപ്പെട്ടില്ലെന്നതു വസ്തുത.
ഓസോണിനെക്കുറിച്ചും സൗരോര്‍ജ വികിരണങ്ങളെക്കുറിച്ചും മൗലികമായ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട് അന്ന മാണി. രാജ്യാന്തര ഓസോണ്‍ അസോസിയേഷന്‍ അംഗമായും അന്ന തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അന്ന മാണിയും എസ്.രംഗരാജനും ചേര്‍ന്നെഴുതിയ 'സോളര്‍ റേഡിയേഷന്‍ ഓവര്‍ ഇന്ത്യ' ഈ മേഖലയിലെ ആധികാരിക ഗ്രന്ഥങ്ങളില്‍ ഒന്നായി തുടരുന്നു. സി.രാധാകൃഷ്ണന്റെ 'സ്പന്ദമാപിനികളേ നന്ദി' എന്ന പ്രശസ്തമായ നോവലില്‍ അന്ന മാണിയും കഥാപാത്രമായി വരുന്നുണ്ട്. ആ നോവല്‍ സമര്‍പ്പിച്ചിരിക്കുന്നതും അന്ന മാണിക്കു തന്നെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.