കേരള രാഷ്ട്രീയത്തിലേക്ക് വരുന്നു... കെ.എം മാണി ജൂനിയര്‍

കേരള രാഷ്ട്രീയത്തിലേക്ക് വരുന്നു... കെ.എം മാണി ജൂനിയര്‍

കൊച്ചി: കെ.എം മാണി ജൂനിയര്‍ കേരള രാഷ്ട്രീയത്തിലേക്ക്. കെ.എം മാണിയുടെ ചെറുമകനും ഇപ്പോള്‍ പാര്‍ട്ടി ചെയര്‍മാനായ ജോസ് കെ. മാണിയുടെ മകനുമാണ് കെ.എം മാണി ജൂനിയര്‍.

കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെ.എസ്.സിയുടെ നേതൃത്വത്തിലേക്ക് കെ.എം മാണി ജൂനിയറിനെ എത്തിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. ആദ്യം സഹ ഭാരവാഹിയായും പിന്നാലെ പ്രധാന പദവിയിലേക്കും എത്തിക്കും.

കേരള കോണ്‍ഗ്രസിലെ മൂന്നാം തലമുറയില്‍ നിന്ന് പാര്‍ട്ടിയില്‍ സജീവമാകുന്ന ആദ്യ ആളാണ് കെ.എം മാണി ജൂനിയര്‍. ഇപ്പോള്‍ ബംഗളുരുവില്‍ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് കെ.എം മാണിയുടെ ചെറുമകന്‍ കെ.എം മാണി ജൂനിയര്‍.

അതേസമയം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി നല്‍കിയിരുന്നു. രണ്ടായിരത്തോളം യുവാക്കളെ അണി നിരത്തിയ ശക്തി പ്രകടനം നടത്തിയാണ് പാലാ വിട്ട് കടുത്തുരുത്തിയിലേക്ക് താന്‍ മാറില്ലെന്ന സന്ദേശം അദേഹം നല്‍കിയത്.

നേരത്തെ കടുത്തുരുത്തി മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മും ജോസ് കെ. മാണിയും പ്രവര്‍ത്തനം സജീവമാക്കിയിരുന്നു. ഇതോടെ ജോസ് കെ. മാണി പാലാ വിട്ട് കടുത്തുരുത്തിയിലേക്ക് മാറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ പരാജയപ്പെട്ടെങ്കിലും മോന്‍സ് ജോസഫിന്റെ ഭൂരിപക്ഷം 5000ത്തിന് താഴെയ്ക്ക് എത്തിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിന് സാധിച്ചിരുന്നു.

പാലായും കടുത്തുരുത്തിയും കേരള കോണ്‍ഗ്രസ് എമ്മിന്റെ ശക്തി കേന്ദ്രങ്ങളാണെന്ന് മുതിര്‍ന്ന നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിനും പ്രതികരിച്ചിരുന്നു. പാലായില്‍ ജോസ് കെ. മാണിയുടേത് അജയ്യ നേതൃത്വമാണ്. ജോസ് കെ. മാണി എവിടെ മത്സരിക്കണമെന്ന് പാര്‍ട്ടിയും ചെയര്‍മാനും തീരുമാനിക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.