വത്തിക്കാൻ സിറ്റി: ഭൗതിക വസ്തുക്കൾ മാത്രമല്ല, സമയം, സാന്നിധ്യം, സഹാനുഭൂതി എന്നിവയും പങ്കുവയ്ക്കപ്പെടേണ്ടവയാണെന്ന് ഓർമ്മപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഞായറാഴ്ച ത്രികാലജപ പ്രാർഥനയ്ക്കായെത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്തത് സംസാരിക്കുകയായിരുന്നു മാർപാപ്പ.
ലൂക്കായുടെ സുവിശേഷത്തിൽ നിന്നുള്ള വായനയെ ആസ്പദമാക്കിയാണ് പാപ്പാ വിചിന്തനങ്ങൾ നൽകിയത്. ജീവിതത്തിൽ നമുക്കു ലഭിച്ചിരിക്കുന്ന നിധികളെ നാം എങ്ങനെ നിക്ഷേപിക്കുന്നുവെന്ന് ഓരോരുത്തരും സ്വയം ചോദിക്കണമെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.
'നിങ്ങളുടെ സമ്പത്തു വിറ്റ് ദാനം ചെയ്യുവിൻ' (ലൂക്കാ12:33) എന്ന യേശുവിന്റെ വാക്കുകൾ ഉദ്ധരിച്ച പാപ്പാ, ദൈവം നൽകുന്ന ദാനങ്ങളോട് ഒട്ടിച്ചേർന്നിരിക്കുന്നവരാകാതെ, മറ്റുള്ളവരുടെ, പ്രത്യേകിച്ച് ഏറ്റവും ആവശ്യമുള്ളവരുടെ, നന്മയ്ക്കായി അവ ഉദാരമായി വിനിയോഗിക്കുന്നവരാകണമെന്ന് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
ഭൗതികമായ വസ്തുക്കൾ മാത്രമല്ല പങ്കുവയ്ക്കപ്പെടേണ്ടത്, മറിച്ച്, നമ്മുടെ കഴിവുകൾ, സമയം, താല്പര്യങ്ങൾ, സാന്നിധ്യം, സഹാനുഭൂതി എന്നിവയെല്ലാം പങ്കുവയ്ക്കപ്പെടണം. ദൈവത്തിന്റെ പദ്ധതിയിൽ, ഓരോ മനുഷ്യനും വിലമതിക്കാനാവാത്തതും വളർത്തിയെടുക്കേണ്ടതും നിക്ഷേപിക്കേണ്ടതും ജീവനുള്ളതും അതുല്യവുമായ മൂലധനമാണ്. നേരെമറിച്ചായാൽ, അത് മുരടിക്കുകയും മൂല്യം നഷ്ടപ്പെടുകയും ചെയ്യും.
നമുക്ക് ലഭിച്ചിരിക്കുന്ന ഈ നിധി പാഴാക്കി കളയാനോ ഒരു ഉപഭോഗ വസ്തു എന്നപോലെ മോഷ്ടിക്കപ്പെടാനോ സാധ്യതയുണ്ടെന്ന് പാപ്പാ മുന്നറിയിപ്പു നൽകി. ദൈവത്തിന്റെ ദാനമായ നാം അഭിവൃദ്ധി പ്രാപിക്കണമെങ്കിൽ, അതിനുള്ള ഇടവും സ്വാതന്ത്ര്യവും ബന്ധങ്ങളും എല്ലാറ്റിലുമുപരി സ്നേഹവും ആവശ്യമുണ്ട്. അത്, നമ്മുടെ അസ്ഥിത്വത്തിന്റെ എല്ലാ വശങ്ങളെയും രൂപാന്തരപ്പെടുത്തുകയും മെച്ചപ്പെടുത്തുകയും, നമ്മെ ദൈവത്തെ പോലെയാക്കുകയും ചെയ്യുന്നു.
ഏറ്റവും സുരക്ഷിതവും ഫലദായകവുമായ ബാങ്ക് ആണ് നാം ചെയ്യുന്ന കാരുണ്യ പ്രവൃത്തികളെന്ന് സുവിശേഷത്തിലെ ദരിദ്രരായ വിധവയെക്കുറിച്ച് യേശു പറഞ്ഞ വാക്കുകൾ അനുസ്മരിച്ച് ലിയോ മാർപാപ്പ ചൂണ്ടിക്കാട്ടി. രണ്ടു ചെറുതുട്ടുകൾ നിക്ഷേപിച്ച് അവൾ ലോകത്തിലെ ഏറ്റവും സമ്പന്നയായി മാറി.
വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ ഉദ്ധരിച്ച് പാപ്പാ പറഞ്ഞു: നാം കൊടുക്കുന്ന അളവിൽ തന്നെ പിത്തളയ്ക്കു പകരം വെള്ളിയോ, വെള്ളിക്കു പകരം സ്വർണ്ണമോ ലഭിക്കുകയാണെങ്കിൽ അത് നമുക്ക് സന്തോഷം നൽകിയേക്കാം. എന്നാൽ സ്നേഹപൂർവ്വം നാം കൊടുക്കുന്നതിനെല്ലാം പകരമായി നമുക്ക് ലഭിക്കുന്നത് നിത്യജീവനാണ്. കാരണം, ദാതാവിനുതന്നെയാണ് ഇവിടെ മാറ്റം സംഭവിക്കുന്നത്.
നാം എവിടെയായിരുന്നാലും, സ്നേഹിക്കാനുള്ള ഒരു അവസരവും പാഴാക്കിക്കളയരുത്. അത് നമ്മുടെ വീടോ ഇടവകയോ സ്കൂളോ ജോലിസ്ഥലമോ ഒക്കെ ആകാം - പരിശുദ്ധ പിതാവ് ഓർമിപ്പിച്ചു. ഇതാണ് യേശു നമ്മോട് ആവശ്യപ്പെടുന്ന ജാഗ്രത. അവിടുന്ന് എപ്പോഴും നമ്മോടൊപ്പമുള്ളതുപോലെ നാമും പരസ്പരം കരുതലുള്ളവരും സഹായിക്കാൻ സന്നദ്ധതയുള്ളവരും ആകണമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
അവസാനമായി, 'പ്രഭാത നക്ഷത്രമായ' പരിശുദ്ധ കന്യകാമറിയത്തിനു മുമ്പിൽ മറ്റെല്ലാ നിയോഗങ്ങൾക്കുമൊപ്പം, പരസ്പരം ഭിന്നിച്ചു നിൽക്കുന്ന ഈ ലോകത്തിൽ കരുണയുടെയും സമാധാനത്തിന്റെയും കാവൽക്കാരായി മാറാൻ എല്ലാ വിശ്വാസികളെയും സഹായിക്കണമേയെന്ന പ്രാർഥനയും സമർപ്പിച്ചുകൊണ്ട് മാർപാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.