ഭോപ്പാല്‍: മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തില്‍ ഈ ആഴ്ച മൂന്ന് ദിവസത്തിനുള്ളില്‍ പത്ത് ആനകള്‍ ചരിഞ്ഞതായി പ്രാഥമിക റിപ്പോര്‍ട്ട്. ഈ മൃഗങ്ങളില്‍ വിഷത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.
ഒക്ടോബര്‍ 29 ന് പട്ടൗര്‍, ഖിയാതുലി റേഞ്ചുകളുടെ ഭാഗമായ റിസര്‍വിലെ സല്‍ഖാനിയ ബീറ്റില്‍ പട്രോളിങ് ജീവനക്കാരാണ് നാല് ആനകളുടെ ശവശരീരങ്ങള്‍ ആദ്യം കണ്ടെത്തിയത്. ചുറ്റുമുള്ള പ്രദേശങ്ങളില്‍ നടത്തിയ തിരച്ചിലില്‍ പിന്നീട് മറ്റ് ആറ് ആനകളെകൂടി കണ്ടെത്തി. അവയില്‍ ചിലത് അബോധാവസ്ഥയില്‍ ആയിരുന്നു.
പ്രാദേശിക വെറ്റിനറി ഓഫീസര്‍മാരും സ്‌കൂള്‍ ഓഫ് വൈല്‍ഡ് ലൈഫ് ഫോറന്‍സിക് ആന്‍ഡ് ഹെല്‍ത്തിലെ (ടണഎഒ) സ്‌പെഷ്യലൈസ്ഡ് ടീമും ഡോ. എബി ശ്രീവാസ്തവയും ചേര്‍ന്ന് ഉടനടി വൈദ്യസഹായം നല്‍കിയെങ്കിലും അസുഖം ബാധിച്ച നാല് ആനകള്‍ അടുത്ത ദിവസം തന്നെ ചത്തു. മറ്റ് രണ്ടെണ്ണത്തിന് ഒക്ടോബര്‍ 31 ന് ജീവന്‍ നഷ്ടമായി.
നിലവില്‍ ചരിഞ്ഞ ആനക്കൂട്ടത്തില്‍ ഒരു ആണ്‍ ആനയും ഒമ്പത് പെണ്‍ ആനകളും ഉള്‍പ്പെടുന്നു. അവയില്‍ ആറ് പ്രായപൂര്‍ത്തിയാകാത്തവയും നാല് മുതിര്‍ന്നവയും ഉള്‍പ്പെടുന്നു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് മില്ലറ്റ് വിള തിന്നാന്‍ കാട്ടില്‍ നിന്ന് പുറപ്പെട്ടതാകാം, അവിടെ നിന്ന് ആനകളുടെ ഉള്ളില്‍ വിഷ പദാര്‍ത്ഥങ്ങള്‍ എത്തിയിരിക്കാം എന്നാണ്.
14 മൃഗഡോക്ടര്‍മാരുടെ സംഘം ആനകളില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ടിഷ്യൂ സാമ്പിളുകള്‍ ഉത്തര്‍പ്രദേശിലെ ബറേലിയിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും (ഐവിആര്‍ഐ) വിശദമായ ടോക്‌സിക്കോളജിക്കല്‍, ഹിസ്റ്റോപാത്തോളജിക്കല്‍ വിശകലനത്തിനായി സാഗറിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്‍) യിലേക്കും അയച്ചിട്ടുണ്ട്. പ്രാഥമിക കണ്ടെത്തലുകള്‍ വിഷാംശത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ മരണത്തിന്റെ അന്തിമ കാരണം സമഗ്രമായ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കൂ.
ദുരന്തത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന്റെ നേതൃത്വത്തില്‍ സിവില്‍ സൊസൈറ്റി പ്രതിനിധികള്‍, ശാസ്ത്രജ്ഞര്‍, മൃഗഡോക്ടര്‍മാര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ അന്വേഷണ സമിതിക്ക് രൂപം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.