' അവര്‍ക്ക് കരുതലും പരിചരണവും നല്‍കാം': ഇന്ന് ലോക അള്‍ഷിമേഴ്‌സ് ദിനം

' അവര്‍ക്ക് കരുതലും പരിചരണവും നല്‍കാം': ഇന്ന് ലോക അള്‍ഷിമേഴ്‌സ് ദിനം

ലോകം വീണ്ടുമൊരു അള്‍ഷിമേഴ്‌സ് ദിനം ഓര്‍ത്തെടുക്കുമ്പോള്‍ ചിന്തിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ നമുക്ക് മുന്നിലുണ്ട്. തലച്ചോറിന്റെ താളം തെറ്റിച്ച് ഓര്‍മ്മക്കൂട്ടുകള്‍ മറവിയുടെ മാറാലക്കെട്ടിലേക്ക് വലിച്ചെറിയപ്പെടുന്ന അവസ്ഥയാണ് അള്‍ഷിമേഴ്‌സ്. മനുഷ്യരിലെ ഓര്‍മ്മകളെ താളം തെറ്റിക്കുകയും പതുക്കെ ഓര്‍മ്മകളെ ഒന്നാകെ കാര്‍ന്നെടുക്കുകയും ചെയ്യുന്ന രോഗം. പ്രിയപ്പെട്ട ഓര്‍മ്മകളത്രയും ഓര്‍ത്തെടുക്കാന്‍ കിണഞ്ഞു പരിശ്രമിച്ചാലും നിസഹായരായി പോകുന്ന മനുഷ്യര്‍. അതിനേക്കള്‍ നിസഹായരായി ചുറ്റുമുള്ളവര്‍. ഒരു ദിനത്തില്‍ പറഞ്ഞൊതുക്കാനാവുന്നതല്ല മറവി രോഗം.

ലോകമെമ്പാടും അള്‍ഷിമേഴ്‌സ് രോഗത്തിന് (മറവിരോഗം) എതിരെ ഉള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ലോക അള്‍ഷിമേഴ്‌സ് ദിനം ആണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 76 അള്‍ഷിമേഴ്‌സ് ഘകങ്ങളുടെ കൂട്ടായ്മയായ അള്‍ഷിമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണല്‍ (Alzheimer's Disease International) ആണ് ലോക അള്‍ഷിമേഴ്‌സ് ദിന പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നത്.

ഡിമന്‍ഷ്യ അഥവാ ബോധക്ഷയം പ്രായമായവരില്‍ കണ്ടുവരുന്ന ഒരു രോഗമാണ്. ഡിമന്‍ഷ്യ വിഭാഗത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് സ്മൃതിനാശം അഥവാ അള്‍ഷിമേഴ്‌സ് രോഗം. ദീര്‍ഘകാലം നീണ്ടുനില്‍ക്കും എന്നതും വ്യക്തിബന്ധങ്ങളെയും സാമൂഹിക ബന്ധങ്ങളെയും രോഗാവസ്ഥ ബാധിക്കും എന്നതും പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കില്ല എന്നതും ഈ രോഗത്തിന്റെ പ്രത്യേകതയാണ്. ജര്‍മ്മന്‍ മാനസിക രോഗ ശാസ്ത്രജ്ഞനും ന്യൂറോപതോളജിസ്റ്റുമായ അലിയോസ് അള്‍ഷൈമര്‍ 1906ലാണ് ഈ രോഗത്തെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്.

വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഈ രോഗം മൂര്‍ധന്യാവസ്ഥയിലേക്ക് നീങ്ങുന്നത് വ്യത്യസ്ത രീതിയിലാണെങ്കിലും പൊതുവായ ചില ലക്ഷണങ്ങള്‍ ഉണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കാര്യങ്ങള്‍ ഓര്‍മിക്കാന്‍ കഴിയുമ്പോഴും ഏറ്റവും അടുത്ത് നടന്ന സംഭവങ്ങള്‍ മറന്നുപോവുക, വാക്കുകള്‍ കിട്ടാനും ഭാഷ കൈകാര്യം ചെയ്യാനുമുള്ള ബുദ്ധിമുട്ട് എന്നിവ പ്രാരംഭ ലക്ഷണങ്ങളാണ്. പുതിയ ഓര്‍മ്മകള്‍ രൂപപ്പെടുന്ന തലച്ചോറിലെ ടെംബോറല്‍ ലോംബ്, ഹിപ്പോകാംബസ് എന്നിവയിലാണ് ആദ്യഘട്ടങ്ങളില്‍ തകരാറ് സംഭവിക്കുന്നത്.

കാലം കഴിയും തോറും രോഗം തലച്ചോറിലെ മറ്റു കോശങ്ങളെ ബാധിക്കുകയും അവ ചുരുങ്ങുകയും ചെയ്യുന്നു. തല്‍ഫലമായി ചിന്താശേഷി, ആസൂത്രണം, ഓര്‍മ്മ, ദിനചര്യകള്‍ ചെയ്യാനുള്ള ശേഷി എന്നിവക്ക് കുറവ് സംഭവിക്കുന്നു. സംവേദന ശക്തി കുറയുന്ന രോഗികള്‍ അന്തര്‍മുഖരായി തീരുന്നു. പ്രായവും ജനിതകമായ കാരണങ്ങളും അള്‍ഷിമേഴ്‌സ് രോഗം ഉണ്ടാകാനുള്ള സാദ്ധ്യത വര്‍ധിപ്പിക്കുന്നു.

അള്‍ഷിമേഴ്സ് രോഗം കണ്ടെത്തിയാല്‍ ആ വ്യക്തിയുടെ ജീവിതം കഴിഞ്ഞു അല്ലെങ്കില്‍ രോഗത്തിനെതിരെ പോരാടാന്‍ സാധിക്കില്ല തുടങ്ങിയ ധാരണ ശരിയല്ല. രോഗം കണ്ടെത്തിയാലും ആരോഗ്യകരമായ ഭക്ഷണക്രമം, നിത്യവ്യായാമം, സാമൂഹിക ഇടപഴക്കം, മനഃപ്രയാസം കൈകാര്യം ചെയ്യുക തുടങ്ങിയ കാര്യങ്ങളിലൂടെ വര്‍ഷങ്ങളോളം ഉത്പാദനക്ഷമവും അര്‍ഥപൂര്‍ണവും ഉല്ലാസകരവുമായ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കും.

അള്‍ഷിമേഴ്സ് ബാധിച്ചവരുടെ മക്കള്‍ തങ്ങള്‍ക്കും രോഗം വരുമോയെന്ന് ഭയക്കാറുണ്ട്. എന്നാല്‍, അത്തരം സംഭവങ്ങള്‍ അപൂര്‍വമാണ്. അഞ്ച് ശതമാനം മാത്രമാണ് ഇത്തരം സംഭവങ്ങളുണ്ടാകുക. അള്‍ഷിമേഴ്സ് രോഗം നാല്‍പ്പതാം വയസ്സില്‍ തന്നെ തുടങ്ങാം. നിലവില്‍ അള്‍ഷിമേഴ്സിന് ചികിത്സയില്ല. അള്‍ഷിമേഴ്സ് ഇല്ലാതാക്കാന്‍ സാധിക്കുന്ന ആഹാരങ്ങളോ മറ്റ് വസ്തുക്കളോ തെളിയിക്കപ്പെട്ടിട്ടില്ല. മരുന്നിനേക്കാള്‍ രോഗികള്‍ക്ക് പരിചരണമാണ് ആവശ്യം. മറവി രോഗികള്‍ക്കും പരിചരിക്കുന്നവര്‍ക്കും വേണ്ടത് ഒരു സമൂഹത്തിന്റെ ഒന്നിച്ചു നിന്നുള്ള കരുതലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.