മറ്റൊരു 'ചന്ദ്രന്‍' കൂടി: 'ക്വാസി മൂണ്‍' 2083 വരെ ഭൂമിയെ വലം വയ്ക്കും; പക്ഷേ, ഭീഷണിയാകില്ലെന്ന് ഗവേഷകര്‍

മറ്റൊരു 'ചന്ദ്രന്‍' കൂടി:  'ക്വാസി മൂണ്‍' 2083 വരെ ഭൂമിയെ വലം വയ്ക്കും; പക്ഷേ, ഭീഷണിയാകില്ലെന്ന് ഗവേഷകര്‍

ന്യൂയോര്‍ക്ക്: വരും വര്‍ഷങ്ങളില്‍ ഭൂമി ചില മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്ന് ശാസ്ത്ര ഗവേഷകര്‍. അടുത്തിടെ കണ്ടെത്തിയ ഛിന്നഗ്രഹമായ '2025 പിഎന്‍ 7' ഭൂമിക്കടുത്തായി സ്ഥിതി ചെയ്യുന്ന 'ക്വാസി മൂണ്‍' അല്ലെങ്കില്‍ വ്യാജ ചന്ദ്രനായി മാറുമെന്നാണ് നിരീക്ഷണം.

ഇത് 2083 വരെ ഭൂമിയെ വലം വയ്ക്കുമെന്നും പറയുന്നു. ഐഒപി സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. 2025 പിഎന്‍ 7 ഛിന്നഗ്രഹം ഭൂമിയുടേതിന് സമാനമായ ഭ്രമണപഥത്തിലാണ് സൂര്യനെ വലം വെക്കുക. അതായത് രണ്ടും ഒന്നിച്ച് സഞ്ചരിക്കുന്നത് പോലെയുണ്ടാകും അത്.

എന്നാല്‍ ചന്ദ്രനെ പോലെ ഭൂമിയുടെ ഗുരുത്വബലവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നായിരിക്കില്ല ഈ ഛിന്നഗ്രഹം. ചെറിയ രീതിയില്‍ ഇതിന്റെ സഞ്ചാരത്തെ ഭൂമിയുടെ ആകര്‍ഷണബലം സ്വാധീനിക്കുമെങ്കിലും അതിനെ ശാശ്വതമായി പിടിച്ചു നിര്‍ത്താന്‍ സാധിക്കില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഹവായിയില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 19 മീറ്റര്‍ മാത്രമാണ് ഇതിന്റെ വ്യാസം. സമാനമായ വസ്തുക്കള്‍ മുമ്പും കണ്ടെത്തിയിട്ടുണ്ട്. കമോ ഒലെവ, 2023 എഫ് ഡബ്ല്യൂ 13 എന്നിവയെല്ലാം അതില്‍ ചിലതാണ്. എന്നാല്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്ന ക്വാസി മൂണ്‍ ആയിരിക്കും 2025 പിഎന്‍7.

ഭൂമിക്ക് സമീപമെന്ന് പറയാമെങ്കിലും 2025 പിഎന്‍ 7 യാതൊരു വിധ ഭീഷണിയും സൃഷ്ടിക്കുകയില്ലെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഭൂമിയുടെ അന്തരീക്ഷത്തിന് ഭീഷണിയാവും വിധം ഇത് അടുത്തു വരികയുമില്ല. ചന്ദ്രനേക്കാള്‍ ദൂരത്തായിരിക്കും ഇതിന്റെ സ്ഥാനം.

എന്നാല്‍ ക്വാസി മൂണ്‍ യഥാര്‍ത്ഥ ചന്ദ്രനെ പോലെയല്ലെന്നും ഭൂമിയെ വലം വയ്ക്കുന്നില്ലെന്നും അത്തരത്തില്‍ തോന്നുന്നതു മാത്രമാണെന്നും ഇത്താക്കയിലെ കോര്‍ണല്‍ സര്‍വകലാശാല ഗവേഷകനും പ്രൊഫസറുമായ ഫില്‍ നിക്കോള്‍സണ്‍ പറഞ്ഞു.

ഇവ സാധാരണ ഛിന്ന ഗ്രഹങ്ങളെപ്പോലെ സൂര്യനെ വലം വയ്ക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ ഭൂമിയുടെ ഭ്രമണപഥവുമായി സാമ്യമുണ്ടെന്നും അദേഹം വ്യക്തമാക്കി. ക്വാസി മൂണ്‍ പതിറ്റാണ്ടുകളോളം ഭൂമിയില്‍ നിലനില്‍ക്കുമെന്നും നിക്കോള്‍സണ്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.