ബഹിരാകാശ അവശിഷ്ടങ്ങള്‍ തട്ടി പേടകം 'പിണങ്ങി'; ചൈനീസ് യാത്രികരുടെ മടക്കയാത്ര മുടങ്ങി

ബഹിരാകാശ അവശിഷ്ടങ്ങള്‍ തട്ടി പേടകം 'പിണങ്ങി'; ചൈനീസ് യാത്രികരുടെ മടക്കയാത്ര മുടങ്ങി

ബീജിങ്: ബഹിരാകാശ അവശിഷ്ടങ്ങള്‍ കൊണ്ട് പേടകത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് ചൈനീസ് ബഹിരാകാശ സഞ്ചാരികളുടെ മടക്കയാത്ര മുടങ്ങി. ഷെന്‍ഷൗ 20 ദൗത്യത്തിലെ കമാന്‍ഡര്‍ ചെന്‍ ഡോങ്, വാങ് ജിയേ, ചെന്‍ ഷോങ്റുയി എന്നിവരാണ് ബഹിരാകാശത്ത് കുടുങ്ങിയത്.

കഴിഞ്ഞ ഏപ്രില്‍ 24 മുതല്‍ മൂവരും ചൈനയുടെ ടിയാന്‍ഗോങ് ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞു വരികയായിരുന്നു. ഒക്ടോബര്‍ 31 ന് ഷെന്‍ഷൗ 21 സംഘം നിലയത്തിലെത്തിയ ശേഷം നവംബര്‍ അഞ്ചിനാണ് ഇവര്‍ ഭൂമിയിലേക്ക് മടങ്ങാനിരുന്നത്.

എന്നാല്‍ തിരികെ വരാന്‍ നിശ്ചയിച്ച പേടകത്തില്‍ ചെറിയ ബഹിരാകാശ അവശിഷ്ടങ്ങള്‍ പതിച്ചതിനെ തുടര്‍ന്ന് ചൈനീസ് മാന്‍ഡ് സ്‌പേസ് ഏജന്‍സി മടക്കയാത്ര മാറ്റി വെക്കുകയായിരുന്നു. ആഘാത വിശകലനവും അപകട സാധ്യത വിലയിരുത്തലും നടന്നു വരികയാണ് എന്നാണ് ചൈനയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയില്‍ പങ്കുവെച്ച പ്രസ്താവനയില്‍ ഏജന്‍സി അറിയിച്ചത്.

ആഘാതത്തിന്റെ വ്യാപ്തിയോ യാത്രികര്‍ എപ്പോള്‍ തിരിച്ചെത്തുമെന്നോ ഉള്ള വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. കേടുപാടുകള്‍ സംഭവിച്ച ഷെന്‍ഷൗ 20 പേടകം ടിയാന്‍ഗോങില്‍ തന്നെ ഡോക്ക് ചെയ്തിരിക്കുകയാണ്. ഇതിന് നാല് ഭാഗങ്ങളുണ്ട്. പ്രൊപ്പല്‍ഷന്‍, പവര്‍ മൊഡ്യൂള്‍, ക്രൂ ലിവിങ് ക്വാര്‍ട്ടേഴ്സ്, ഒരു പാരച്യൂട്ട് സഹായമുള്ള റിട്ടേണ്‍ കാപ്‌സ്യൂള്‍ എന്നിവയാണവ.

ഈ മൊഡ്യൂളുകളില്‍ ഏതെങ്കിലുമൊന്നിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ യാത്രികരില്ലാതെ തന്നെ പേടകം ഭൂമിയിലേക്ക് അയക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ നിലവിലെ യാത്രികര്‍ ഷെന്‍ഷൗ 21 ലാവും തിരികെ മടങ്ങുക. അതിനായി ഒരു ബാക്കപ്പ് ബഹിരാകാശ പേടകം പിന്നീട് വിക്ഷേപിക്കും. ഇത് ചൈനയുടെ ബഹിരാകാശ യാത്രാ പ്രോട്ടോക്കോളിന്റെ ഭാഗമാണ്.

2023 ല്‍ ടിയാന്‍ഗോങ് ബഹിരാകാശ നിലയത്തിന്റെ ഒരു സോളാര്‍ പാനലില്‍ ബഹിരാകാശ അവശിഷ്ടം തട്ടി ചെറിയ വൈദ്യുതി തടസമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ചൈന സ്റ്റേഷന്റെ ബാഹ്യ കവചം കൂടുതല്‍ ശക്തിപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും സമാനമായ അപകടങ്ങള്‍ നേരിടാറുണ്ട്. അതിനാല്‍ നിരന്തരം ഭ്രമണപഥം മാറ്റിയാണ് ഐ.എസ്.എസ് നീങ്ങുന്നത്.

ഇപ്പോഴത്തെ സംഭവവികാസം ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷയെ കുറിച്ചും ഇത്തരം ബഹിരാകാശ അവശിഷ്ടങ്ങള്‍ ഉണ്ടാക്കുന്ന ഭീഷണിയെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. നിലവില്‍ കാലാവധി കഴിഞ്ഞതും പ്രവര്‍ത്തനം നിലച്ചതുമായ ബഹിരാകാശ പേടകങ്ങളുടെ നൂറുകണക്കിന് അവശിഷ്ടങ്ങള്‍ ഭീഷണിയായി തുടരുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.