താമരശേരി രൂപതയുടെ നേതൃത്വത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ എത്തിക്‌സ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്: നൂതന സാങ്കേതിക വിദ്യയും പ്രകൃതിബോധവും ഉള്‍ച്ചേര്‍ത്തുള്ള ഭക്ഷ്യോല്‍ പാദനമാണ് കാലം ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷിതവും ശുദ്ധവും പോഷക സമ്പുഷ്ടവുമായ ഭക്ഷണം ഒരുക്കുകയാണ് അതിനുവേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താമരശേരി രൂപതയുടെ നേതൃത്വത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ എത്തിക്‌സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ എത്തിക്‌സ് എന്ന സ്ഥാപനം ഭക്ഷ്യ കാര്‍ഷിക മേഖലയിലെ ധാര്‍മികതയെ ഉദ്‌ബോധിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
കാര്‍ഷിക ഭക്ഷ്യ മേഖലയില്‍ ധാര്‍മികത ഉറപ്പുവരുത്തുന്നതിനായി ഇത്തരം സംരംഭങ്ങള്‍ സര്‍ക്കാര്‍ തലത്തിലും വേണമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. സമൂഹത്തിന്റെ പൊതു ആരോഗ്യത്തിന് ഓരോരുത്തരുടെയും ശാരീരീക മാനസിക ആരോഗ്യം പ്രധാനമാണ്. അതിനായി കൃഷിയിലും പരിപാലനത്തിലും ആസൂത്രണത്തിലും ഒരു നവ സംസ്‌കൃതി രൂപപ്പെടുത്തേണ്ടതുണ്ട്. ജൈവ മേഖലയെ മനുഷ്യന് ഉപകാരപ്രദമായി പരിപാലിക്കണം.
പാരിസ്ഥിതിക സന്തുലനവും പുതിയ ഭക്ഷ്യ സംസ്‌കാരവും രൂപപ്പെടുത്താന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് കഴിയട്ടെ എന്ന് കര്‍ദിനാള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
സര്‍വകലാശാല തലത്തിലോ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലോ ഇതിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഒരുക്കിയാല്‍ ഈ മേഖലയില്‍ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താന്‍ സാധിക്കുമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. ആലഞ്ചേരി പിതാവിന്റെ നിര്‍ദേശം പ്രസക്തമാണെന്നും ഗൗരവമായി പരിഗണിക്കുമെന്നും ഉല്‍ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
മനുഷ്യനെ മാറ്റി നിര്‍ത്തിയുള്ള പ്രകൃതി സംരക്ഷണമോ പ്രകൃതിയെ മാറ്റി നിര്‍ത്തിയുള്ള മനുഷ്യ സംരക്ഷണമോ നടപ്പിലാക്കുക സാധ്യമല്ല. സര്‍വസാധ്യതയും സമ്മേളിപ്പിച്ചുകൊണ്ടുള്ള നീക്കമാണ് വേണ്ടത്. ഇതുതന്നെയാണ് സംയോജിത പരിസ്ഥിതി എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദര്‍ശനമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
ഭക്ഷ്യ കാര്‍ഷിക ധാര്‍മികതയില്‍ പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കാന്‍ താമരശേരി രൂപതയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച സംരംഭമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ എത്തിക്‌സ്. ഭരണകൂടമോ സമൂഹമോ ഭൂമിയുടെ ആത്യന്തികമായ ഉടമസ്ഥരല്ല. മനുഷ്യന്‍ ഭൂമിയുടെ കാര്യസ്ഥന്‍ മാത്രമാണെന്ന ബൈബിള്‍ വചനത്തിന്റെ പൊരുള്‍ ഇതാണ്.
താമരശേരി രൂപതയുടെ കൃഷിയും ഭക്ഷണവും സംബന്ധിച്ചുള്ള കരുതല്‍ ശ്ലാഘനീയമാണ്. സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു മതാചാര്യന്മാരുടെ ദര്‍ശനങ്ങള്‍ എങ്ങിനെ ഉപകാരപ്പെടുന്നുവെന്നതിന്റെ ഉദാഹരണമാണ് ഇത്തരം സംരംഭങ്ങളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വര്‍ത്തമാന കാലത്തിന്റെ പ്രധാന വിഷയമാണ് ഇത്തരം സ്ഥാപനത്തിലൂടെ താമരശേരി രൂപത അഭിസംബോധന ചെയ്യുന്നതെന്ന് ആമുഖ പ്രഭാഷണത്തില്‍ കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. കൃഷി അന്നത്തിനും ഭക്ഷണത്തിനും വേണ്ടിയായിരുന്നു. കാലം മാറിയതോടെ ഭക്ഷണം എന്നതില്‍ നിന്ന് കൃഷി വ്യവസായത്തിലേക്കു തിരിഞ്ഞു. വ്യവസായം ലാഭത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് നടത്തിയത്. അങ്ങനെ കൃഷിക്കാര്‍ പിന്നീട് പുറം തള്ളപ്പെടുന്ന അവസ്ഥ വന്നു. വന്‍കിട കോര്‍പറേറ്റുകള്‍ കാര്‍ഷിക മേഖല കൈയടക്കിയതോടെ സമരത്തിലേക്കും കടന്ന് വലിയ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ താമരശേരി രൂപത ഇങ്ങനെയൊരു സ്ഥാപനം തുടങ്ങുന്നത് വലിയ നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തകരുന്ന കാര്‍ഷിക മേഖലയ്ക്കു ധാര്‍മിക അടിത്തറ പാകുന്നതോടെ ഭൂമിയുടെ സുസ്ഥിതിയും പരിസ്ഥിതിക്ക് അനുയോജ്യമായ ജീവിതശൈലിയും ഉരുത്തിരിഞ്ഞു വരുമെന്ന് സ്വാഗത പ്രസംഗത്തില്‍ താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ശാസ്ത്ര സാങ്കേതിക വളര്‍ച്ചയിലും ജീവിതശൈലി ഭക്ഷ്യജന്യ രോഗങ്ങള്‍ പെരുകുകയാണ്. ഒരു അതിജീവന ശാസ്ത്രമായാണ് ഇത്തരം സ്ഥാപനങ്ങള്‍ വിഭാവന ചെയ്തതെന്നും ബിഷപ് വ്യക്തമാക്കി.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റിലെ പ്രഫ.ഡോ.ജോസ് ആന്റണി മുഖ്യ പ്രഭാഷണം നടത്തി. എം.കെ രാഘവന്‍ എംപി, എംഎല്‍എമാരായ ലിന്റോ ജോസഫ്, ഡോ.എം.കെ മുനീര്‍, ജലവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ്, എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ അനൂജ തോമസ്, ഇക്വാറ്റര്‍ ജിയൊ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ഡോ. മാനുവല്‍ തോമസ്, താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍. ജോണ്‍ ഒറവുങ്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.