ബ്ലൂടൂത്ത് ചെരിപ്പിട്ട് കോപ്പിയടിക്കാന്‍ ശ്രമം: രാജസ്ഥാനില്‍ അധ്യാപക യോഗ്യത ടെസ്റ്റിന് വന്നവരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

ബ്ലൂടൂത്ത് ചെരിപ്പിട്ട് കോപ്പിയടിക്കാന്‍ ശ്രമം: രാജസ്ഥാനില്‍ അധ്യാപക യോഗ്യത ടെസ്റ്റിന് വന്നവരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

ജയ്പൂര്‍: രാജസ്ഥാനില്‍ പരീക്ഷയെഴുതാനായി ബ്ലൂടൂത്ത് ഘടിപ്പിച്ച ചെരുപ്പ് ധരിച്ചെത്തിയ അഞ്ച് പേര്‍ പോലീസ് പിടിയിലായി. അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ അധ്യാപക യോഗ്യതാ പരീക്ഷയ്ക്ക് (REET- രാജസ്ഥാന്‍ എലിജിബിളിറ്റി എക്സാമിനേഷന്‍ ഫോര്‍ ടീച്ചേഴ്സ്) എത്തിയവരാണ്. എന്നാല്‍ അട്ടിമറി സാധ്യത മുന്നില്‍ കണ്ട് റീറ്റ് പരീക്ഷ നടക്കുന്ന പ്രദേശത്ത് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കുകയായിരുന്നു.

സംസ്ഥാനത്ത് ഞായറാഴ്ചയാണ് കടുത്ത സുരക്ഷാ നടപടികളോടെ പരീക്ഷ നടന്നത്. ബ്ലൂടൂത്ത് ഉപകരണം ചെരുപ്പുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് പിടിയിലായ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കെത്തിയത്. ഇവരില്‍ മൂന്ന് പേര്‍ പരീക്ഷ എഴുതാനായി എത്തിയ വിദ്യാര്‍ഥികളും മറ്റ് രണ്ടുപേര്‍ പരീക്ഷയില്‍ കൃത്രിമം കാണിക്കുന്നതിന് സഹായിക്കാനെത്തിയവരുമാണെന്ന് രാജസ്ഥാന്‍ പൊലീസ് വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് മുന്‍പു തന്നെ സര്‍ക്കാര്‍ പരീക്ഷ നടക്കുന്ന സ്ഥലങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റും എസ്.എം.എസ് സര്‍വീസുകളും നിര്‍ത്തലാക്കിയിരുന്നു. സംസ്ഥാനത്ത് 16 ജില്ലകളിലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തലാക്കിയത്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷകളിലൊന്നായ REETപരീക്ഷയില്‍ 16 ലക്ഷം ഉദ്യോഗാര്‍ഥികളാണ് പങ്കെടുത്തത്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒഴിവുള്ള അധ്യാപക തസ്തികകളില്‍ നിയമനം നടത്തുക ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.