വാഷിംഗ്ടണ്‍: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള നിര്‍ണായക പഠനത്തിനായി നാസയുടെ ഏറ്റവും ശക്തിയേറിയതും അത്യാധുനികവുമായ ഉപഗ്രഹം ബഹിരാകാശത്തെത്തി. യുണൈറ്റഡ് ലോഞ്ച് അലയന്‍സിന്റെ അറ്റ്‌ലസ് 5 റോക്കറ്റിലാണ് കലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് വിക്ഷേപണകേന്ദ്രത്തില്‍
നിന്ന് ഉപഗ്രഹം ബഹിരാകാശത്തെത്തിച്ചത്. 
ലാന്‍ഡ്‌സാറ്റ് 9 എന്നു പേരിട്ടിരിക്കുന്ന ഉപഗ്രഹം കാലാവസ്ഥാ പ്രതിസന്ധിയിലേക്കു നയിക്കുന്ന മനുഷ്യരുടെ ഇടപെടലിനെക്കുറിച്ച് പഠിക്കും. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.12-നാണ് ഉപഗ്രഹം വഹിച്ചുകൊണ്ടുള്ള റോക്കറ്റ് പറന്നുയര്‍ന്നത്. നാസയുടെയും യു.എസ്. ജിയോളജിക്കല്‍ സര്‍വേയുടെയും സംയുക്ത സംരംഭമാണ് ലാന്‍ഡ്‌സാറ്റ് 9. 
അന്‍പതു വര്‍ഷമായി ഭൂമിയുടെ ചിത്രങ്ങളും ഡാറ്റയും സ്ഥിരമായി നല്‍കുന്ന യു.എസിന്റെ ലാന്‍ഡ്‌സാറ്റ് ഉപഗ്രഹ ശ്രേണിയിലെ ഏറ്റവും പുതിയ ഉപഗ്രഹമാണ് ലാന്‍ഡ്‌സാറ്റ് 9. പുതിയ ഉപഗ്രഹം കുതിച്ചുയര്‍ന്നതോടെ കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗില്‍നിന്ന് ഇതുവരെയുള്ള വിക്ഷേപണങ്ങളുടെ എണ്ണം 2,000 തികച്ചു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുന്ന ഡാറ്റ ശേഖരിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. 2013 -ല്‍ വിക്ഷേപിച്ച ലാന്‍ഡ്‌സാറ്റ് 8-നൊപ്പം ചേര്‍ന്നായിരിക്കും ലാന്‍ഡ്‌സാറ്റ് 9 പ്രവര്‍ത്തിക്കുക. 1972-ലാണ് ആദ്യത്തെ ലാന്‍ഡ്സാറ്റ് വിക്ഷേപിച്ചത്. ഭൂപ്രകൃതിയിലുണ്ടായ അന്‍പതു വര്‍ഷത്തെ മാറ്റങ്ങളും ചലനങ്ങളും സംബന്ധിച്ച ഒന്‍പതു ലക്ഷത്തിലധികം ചിത്രങ്ങള്‍ ലാന്‍ഡ്‌സാറ്റ് ഇതുവരെ നല്‍കിയിട്ടുണ്ട്. 
ലാന്‍ഡ്സാറ്റ് 9-ന് 16 ദിവസം കൂടുമ്പോള്‍ ഭൂമിയെ മുഴുവനായി ദൃശ്യവല്‍കരിക്കാന്‍ കഴിയും. ലാന്‍ഡ്‌സാറ്റ് 8 ഉപഗ്രഹവുമായി സംയോജിപ്പിക്കുമ്പോള്‍, എട്ട് ദിവസത്തിലൊരിക്കല്‍ ഭൂമിയെ ദൃശ്യവത്ക്കരിക്കാനാകും.  
ലാന്‍ഡ്സാറ്റ് 7 ഉപഗ്രഹത്തിന്റെ ഭ്രമണപഥത്തിലാണ് പുതിയ ഉപഗ്രഹം സഞ്ചരിക്കുക. ലാന്‍ഡ്സാറ്റ് 7 പ്രവര്‍ത്തനരഹിതമാവുകയും ചെയ്യും.

കലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് വിക്ഷേപണകേന്ദ്രത്തില്‍ ലാന്‍ഡ്സാറ്റ് 9 ഉപഗ്രഹം വഹിക്കുന്ന അറ്റ്‌ലസ് 5 റോക്കറ്റ് വിക്ഷേപണത്തിനുള്ള തയാറെടുപ്പില്‍.
ദൈനംദിന ജീവിതത്തില്‍ ജനങ്ങളെ സഹായിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും ഉപഗ്രഹം നല്‍കുന്ന വിവരങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് ഇന്റീരിയര്‍ സെക്രട്ടറി ദേബ് ഹാലാന്‍ഡ് പറഞ്ഞു. കാലാവസ്ഥാ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നുപോകുന്നത്. വരള്‍ച്ച, അതിവര്‍ഷം, കാട്ടുതീ, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ജീവിതത്തിന്റെ ക്രമം തെറ്റിച്ചുകഴിഞ്ഞു.
ലാന്‍ഡ്സാറ്റ് 9 ഭൂമിയിലേക്ക് അയയ്ക്കുന്ന ചിത്രങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കും. കൃഷി, ഭക്ഷ്യസുരക്ഷ, ജലസംരക്ഷണം എന്നിവ സംബന്ധിച്ച് ഇത് നിര്‍ണായകമാണെന്ന് ദേബ് ഹാലാന്‍ഡ് പറഞ്ഞു. 
ഉയര്‍ന്ന റെസല്യൂഷന്‍ കാമറയും സെന്‍സിറ്റീവ് ഇന്‍ഫ്രാറെഡ് സെന്‍സറും ഈ ഉപഗ്രഹം വഹിക്കുന്നു. 11 സ്‌പെക്ട്രല്‍ ബാന്‍ഡുകളിലൂടെ ഭൂമിയെ ചിത്രീകരിക്കാനും 50 അടി (15 മീറ്റര്‍) വീതിയില്‍ വസ്തുക്കള്‍ കണ്ടെത്താനും ഉപഗ്രഹത്തിന് കഴിയും. ഉപഗ്രഹം ഭൂമിയില്‍നിന്ന് ഏകദേശം 438 മൈല്‍ (705 കിലോമീറ്റര്‍) ഉയരത്തിലാകും ഭ്രമണം ചെയ്യുക.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.