അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 02
'ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. സ്വര്‍ഗത്തില്‍ അവരുടെ ദൂതന്‍മാര്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചു കൊണ്ടിരിക്കുകയാണന്നു ഞാന്‍ നിങ്ങളോടു പറയുന്നു'. (മത്തായി 18:10,11).
ഒക്ടോബര്‍ രണ്ടിന് കത്തോലിക്കാ സഭ കാവല്‍ മാലാഖമാരുടെ തിരുനാള്‍ ആഘോഷിക്കുന്നു. 1670 ല്‍ ക്ലമന്റ് പത്താമന്‍ മാര്‍പാപ്പയാണ് നമ്മെ അനുദിനം സംരക്ഷിക്കുന്ന കാവല്‍ മാലാഖമാര്‍ക്കു വേണ്ടി ഒരു തിരുനാള്‍ ആഗോള കത്തോലിക്കാ സഭയില്‍ ആരംഭിച്ചത്. ഈ ദിനം നമ്മുടെ സ്വന്തം കാവല്‍ മാലാഖമാര്‍ക്കാണ് പ്രത്യേക പ്രാധാന്യം നല്‍കുന്നത്.
ഭൂമിയിലുള്ള ഒരോ മനുഷ്യനും ഒരു കാവല്‍ മാലാഖയുണ്ട്. അത് അവനെ/അവളെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയും രക്ഷ കൈവശപ്പെടുത്തുവാന്‍ സഹായിക്കുകയും ചെയ്യുന്നു. ജനിക്കുന്ന നിമിഷം മുതല്‍ ഈ മാലാഖ തന്റെ ദൗത്യം ആരംഭിക്കുന്നു. ജനനത്തിന് തൊട്ടുമുമ്പ് വരെ നാം നമ്മുടെ അമ്മയുടെ കാവല്‍ മാലാഖയുടെ സംരക്ഷണത്തിലായിരിക്കും. മരണശേഷം ശുദ്ധീകരണ സ്ഥലം അല്ലെങ്കില്‍ പറുദീസാ വരെ കാവല്‍ മാലാഖ നമ്മുടെ ആത്മാവിനോടൊത്ത് സഞ്ചരിക്കുന്നു. അങ്ങനെ സ്വര്‍ഗ രാജ്യത്തില്‍ നമ്മുടെ കൂട്ടവകാശിയായിത്തീരുന്നു.
ദൈവം അയക്കുന്ന വേലക്കാരും ദൂതന്മാരുമാണ് മാലാഖമാര്‍. 'മാലാഖ' എന്നാല്‍ ഗ്രീക്ക് ഭാഷയില്‍ 'ദൂത് വാഹകന്‍' എന്നാണര്‍ത്ഥം. കണ്ണുകള്‍ കൊണ്ട് കാണാന്‍ സാധിക്കുകയില്ലെങ്കിലും നമ്മുടെ ഇഹലോക യാത്രയില്‍ അവര്‍ നമ്മെ സഹായിക്കുന്നുണ്ട്. നമ്മുടെ ജോലിയിലും പഠനത്തിലും സഹായിച്ചും അപകടങ്ങളില്‍ പെടുമ്പോള്‍ സംരക്ഷിച്ചും പരീക്ഷണങ്ങളില്‍ അകപ്പെടുമ്പോള്‍ തുണച്ചും അവര്‍ നമുക്ക് ഒപ്പമുണ്ട്. ഓരോ ആത്മാവിനും ഓരോ വ്യക്തിപരമായ കാവല്‍ മാലാഖയെ ഏര്‍പ്പെടുത്തിയിട്ടുണ്ടന്ന ധാരണ സഭ പണ്ടു മുതലേ അംഗീകരിച്ചിട്ടുള്ള ഒരു വിശ്വാസ സത്യമാണ്.
കത്തോലിക്കാ സഭയുടെ പാരമ്പര്യമനുസരിച്ച് എല്ലാ രാജ്യങ്ങള്‍ക്കും നഗരങ്ങള്‍ക്കും രൂപതകള്‍ക്കും ഇടവകകള്‍ക്കും സ്വന്തം കാവല്‍ മാലാഖമാര്‍ ഉണ്ട്. ദൈവത്തിന്റെ ആകര്‍ഷണീയമായ വലിയ രഹസ്യങ്ങളാല്‍ ആവൃതമായ ഒരു സൃഷ്ടി ആണ് മാലാഖമാര്‍. നന്മുടെ അറിവു പോലും ഇല്ലാതെ നമ്മെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നമ്മുടെ കാവല്‍ മാലാഖമാരോട് നാം വളരെയധികം കടപ്പെട്ടിരിക്കുന്നു. അവര്‍ ശാന്തമായി നമ്മുടെ കാര്യങ്ങളില്‍ ഇടപെടുന്നു. അവരുടെ ജോലി എളിയ രിതീയില്‍ പൂര്‍ത്തീകരിക്കുന്നു.
വിശുദ്ധ ബെര്‍ണാര്‍ഡ് ഇപ്രകാരമാണ് പറയുന്നത്: 'നിന്റെ എല്ലാ വഴികളിലും മാലാഖമാര്‍ നിനക്ക് അകമ്പടി സേവിക്കുന്നുണ്ടെന്ന് മനസിലാക്കി ഓരോ പ്രവര്‍ത്തിയും ചെയ്യേണ്ടതു പോലെ ചെയ്യാന്‍ നീ ജാഗരൂകനായിരിക്കുക. എന്തെന്നാല്‍ ആ ദൗത്യത്തില്‍ അവര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. എവിടെ വസിച്ചാലും, ഏത് മുക്കിലും മൂലയിലും നീ അകപ്പെട്ടാലും നിന്റെ കാവല്‍ മാലാഖയെ ആദരവോടെ ഓര്‍ക്കുക. അവന്‍ ഉണ്ടോ എന്ന് നീ സംശയിക്കുന്നുണ്ടോ? കാരണം നിനക്ക് അവനെ കാണാന്‍ പറ്റുന്നില്ലല്ലോ? കേവലം കാഴ്ചക്കും അപ്പുറത്ത് നിലനില്‍പ്പ് ഉണ്ടെന്ന യാഥാര്‍ത്ഥ്യം ഓര്‍ക്കുക'.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ഫ്രാന്‍സിലെ ചാര്‍ത്രെ ബിഷപ്പായിരുന്ന ലെവുടോമര്‍
2. ആര്‍ഡെനെസിലെ ബറേജിയൂസ്
3. നിക്കോമേഡിയായിലെ എലെവുത്തേരിയൂസ്
4. വി.ലെജെറിന്റെ സഹോദരനായ ജെറിനൂസ്
5. ഔട്ടൂണ്‍ ബിഷപ്പായിരുന്ന ലെജെര്‍
6. പ്രീമൂസ്, സിറില്‍, സെക്കന്താരിയൂസ്
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.