'ആക്ഷന്‍' പറഞ്ഞ് കാമറാമാന്‍; പിന്നാലെ വാര്‍ത്താ സംഘത്തിന്റെ ഡ്രോണ്‍ കടിച്ചെടുത്ത് മുതല

'ആക്ഷന്‍' പറഞ്ഞ് കാമറാമാന്‍; പിന്നാലെ വാര്‍ത്താ സംഘത്തിന്റെ ഡ്രോണ്‍ കടിച്ചെടുത്ത് മുതല

ഡാര്‍വിന്‍: മുതലകളെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണത്തിനിടെ ഡ്രോണ്‍ കടിച്ചെടുത്ത് മുതല. ഓസ്‌ട്രേലിയയിലെ ഡാര്‍വിനിലാണു സംഭവം. എബിസി ന്യൂസ് സംഘത്തിന്റെ ഡ്രോണാണ് മുതല കടിച്ചെടുത്തത്. മുതല ഡ്രോണ്‍ കടിച്ചെടുക്കാന്‍ കുതിച്ചുചാടുന്ന വീഡിയോ എ.ബി.സി. പുറത്തുവിട്ടു.

മുതലകള്‍ നിരവധിയുള്ള പാര്‍ക്കിലായിരുന്നു 'ക്രോക്കോഡൈല്‍ ടെറിട്ടറി' എന്നു പേരിട്ട ഡോക്യുമെന്ററിയുടെ ചിത്രീകരണം. തടാകത്തിലെ ആഴം കുറഞ്ഞ ഭാഗത്താണ് ഡ്രോണ്‍ സ്ഥാപിച്ചത്. എബിസി ന്യൂസ് ക്യാമറാമാന്‍ ഡെയ്ന്‍ ഹിര്‍സ്റ്റാണ് ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്നത്.
പെട്ടെന്നാണ് അപ്രതീക്ഷിതമായി ഒരു കൂറ്റന്‍ മുതല വെള്ളത്തില്‍നിന്നു കുതിച്ചുചാടി ഡ്രോണ്‍ കടിച്ചെടുത്തത്. തടാകത്തില്‍നിന്നു രണ്ടാഴ്ച്ചയ്ക്കു ശേഷം ലഭിച്ച ഡ്രോണില്‍നിന്നാണ് മുതല കടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീണ്ടെടുത്തത്.


നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ മുതലകളെ വേട്ടയാടുന്നത് നിരോധിച്ചതിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് എബിസി നിര്‍മിക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണമാണ് നടന്നത്.

ഡോണിനു സമീപത്തേക്ക് ഒരു മുതല വളരെ ശാന്തനായി ശബ്ദമുണ്ടാക്കാതെ വരുന്നതു കണ്ടതായി ഡെയ്ന്‍ ഹിര്‍സ്റ്റ് പറഞ്ഞു. നല്ല കുറച്ച് ഷോട്ടുകള്‍ ലഭിക്കാനായി ഡ്രോണ്‍ മുതലയുടെ മുകളിലേക്ക് ഉയര്‍ത്തി.

ഡോണിനു സമീപമെത്തിയ മുതല ഒരു നിമിഷത്തിന്റെ വ്യത്യാസത്തില്‍ വലിയ വായ തുറക്കുന്നതു കണ്ടു. കൂര്‍ത്ത പല്ലുകള്‍ ഡ്രോണില്‍ അമരുന്നതിന്റെ ശബ്ദവും കേട്ടു. എന്താണു സംഭവിച്ചതെന്നു മനസിലാകാതെ ഡെയ്ന്‍ ഹിര്‍സ്റ്റ് തല ഉയര്‍ത്തി നോക്കിയപ്പോള്‍ ഡ്രോണ്‍ അപ്രത്യക്ഷമായിരുന്നു. ഡ്രോണിന്റെ കണ്‍ട്രോളറിലേക്കു നോക്കിയപ്പോള്‍ സ്‌ക്രീന്‍ ശൂന്യമായിരുന്നു.

മുതല ഡ്രോണ്‍ കടിച്ചെടുത്ത് വെള്ളത്തിലേക്കു മുങ്ങുന്നതു പാര്‍ക്കിലെത്തിയ കുട്ടി കണ്ടിരുന്നു. കുട്ടിയുടെ മുത്തച്ഛന്‍ ഡെയ്ന്‍ ഹിര്‍സ്റ്റിനെ സമീപിച്ച് ഇക്കാര്യം അറിയിച്ചു.

ഷൂട്ടിംഗിനു വേണ്ടി പുതുതായി വാങ്ങിയതായിരുന്നു വില കൂടിയ ഡ്രോണ്‍. ആദ്യ പറക്കലിനിടെയായിരുന്നു സംഭവം.

ഡ്രോണ്‍ മുതലയുടെ വയറിലോ തടാകത്തിന്റെ അടിയിലോ കുടുങ്ങിയെന്നായിരുന്നു പാര്‍ക്ക് അധികൃതരുടെ സംശയം. എന്നാല്‍ രണ്ടാഴ്ചയ്ക്ക് ശേഷം നിറയെ കടിച്ച ദ്വാരങ്ങളുമായി തീരത്ത് കണ്ടെത്തി.

ഡ്രോണ്‍ നന്നാക്കാനാവാത്തവിധം തകരാറിലായെങ്കിലും ദൃശ്യങ്ങളടങ്ങിയ കാര്‍ഡ് കേടു കൂടാതെ ലഭിച്ചതാണ് വീഡിയോ വീണ്ടെടുക്കാന്‍ സഹായിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.