ഹോങ്കോങ്: ഇന്ത്യയിലെ അതിസമ്പന്നരുടെ എണ്ണം ആയിരം കടന്നു. കൊറോണ വ്യാപകമായപ്പോഴും ഈ വര്‍ഷം 179 അതിസമ്പന്നരെ കൂടി സൃഷ്ടിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞതായാണ് പത്താമത് ഹുറൂണ്‍ റിച്ച് ലിസ്റ്റ് പറയുന്നത്. തുടര്‍ച്ചയായി പത്താം വര്‍ഷവും രാജ്യത്തെയെന്നല്ല ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നന്‍ റിലയന്‍സ് ഗ്രൂപ്പിന്റെ മുകേഷ് അംബാനി തന്നെ. രണ്ടാം സ്ഥാനത്ത് അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി തുടരുന്നു. കോവിഡ് വാക്‌സിന്‍ വിപണി കയ്യടക്കിയ സൈറസ് എസ് പൂനവാല സഹസ്ര കോടീശ്വര നിരയില്‍ രാജ്യത്തെ ആറാം സ്ഥാനക്കാരനായി.
അദാനിയുടെ സമ്പത്ത് കഴിഞ്ഞ വര്‍ഷം ശരാശരി പ്രതിദിനം 1002 കോടി രൂപ ക്രമത്തില്‍ വര്‍ധിച്ചെന്ന് പട്ടിക വെളിപ്പെടുത്തി. മുകേഷ് അംബാനിയുടെ ആകെ സമ്പത്ത് 7.18 ലക്ഷം കോടി രൂപയായെങ്കിലും പ്രതിദിനം 163 കോടി രൂപയേ പുതുതായി കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളൂ. ഗൗതം അദാനിയുടെ ആകെ സമ്പത്ത് 5.05 ലക്ഷം കോടി രൂപയായി. 261 ശതമാനം വര്‍ധനയാണ് അദ്ദേഹത്തിന്റെ വരുമാനത്തില്‍ ഉണ്ടായത്. ഇതോടെ ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നനായും അദ്ദേഹം മാറി. അതേസമയം മുകേഷ് അംബാനിയുടെ സമ്പത്തില്‍ ഒരു വര്‍ഷത്തിനിടെ ഉണ്ടായ വര്‍ദ്ധന 9 ശതമാനമാണ്. ചൈനയിലെ ബോട്ടില്‍ഡ് വാട്ടര്‍ വ്യാപാരി സോങ് ഷാന്‍സനെ വെട്ടിച്ചാണ് ഗൗതം അദാനി ഏഷ്യയിലെ സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയത്.
.എച്ച്സിഎല്‍ സ്ഥാപകന്‍ ശിവ്നാടാരും കുടുംബവുമാണ് സമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. പ്രതിദിനം 260 കോടി രൂപ കൂട്ടിച്ചേര്‍ത്ത് 2.36 ലക്ഷം കോടി രൂപയിലെത്തി അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സമ്പത്ത്.കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന എസ് പി ഹിന്ദുജയും കുടുംബവും ഇത്തവണ 2.2 ലക്ഷം കോടി രൂപയുടെ സമ്പത്തുമായി നാലാം സ്ഥാനത്തായി.
ആര്‍സലര്‍ മിത്തലിന്റെ എല്‍ എന്‍ മിത്തല്‍ & ഫാമിലി (1.74 ലക്ഷം കോടി), സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സൈറസ് എസ് പൂനവാല കുടുംബം (1.63 ലക്ഷം കോടി), അവന്യു സൂപ്പര്‍മാര്‍ക്കറ്റിന്റെ രാധാകിഷന്‍ ദമാനി കുടുംബം (1.54 ലക്ഷം കോടി), അദാനി ഗ്രൂപ്പിന്റെ വിനോദ് ശാന്തിലാല്‍ അദാനി കുടുംബം (1.31 ലക്ഷം കോടി), ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കുമാരമംഗലം ബിര്‍ള കുടുംബം (1.22 ലക്ഷം കോടി), സ്‌കേയ്ലര്‍ (ദരെമഹലൃ) ന്റെ ജയ് ചൗധരി (1.21 ലക്ഷം കോടി) എന്നിവരാണ് ആദ്യ പത്തില്‍ സ്ഥാനം പിടിച്ച മറ്റ് അതിസമ്പന്ന ഇന്ത്യക്കാര്‍. 2021 ല്‍ രാജ്യത്തെ 1007 അതിസമ്പന്നരുടെ ആകെ സമ്പത്ത് 51 ശതമാനം വര്‍ധിച്ചു.
ധീരുഭായിയുടെ വഴിയേ അദാനി
സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ഗുണം ഉള്‍ക്കൊണ്ട് ഇന്ത്യയില്‍ ഏറ്റവും വലിയ വ്യവസായസാമ്രാജ്യം പടുത്തുയര്‍ത്തിയ സംരംഭകനായി മാറുകയാണ് ഗൗതം അദാനി. വളര്‍ച്ചയുടെ വേഗംകൊണ്ട് ഇദ്ദേഹം അനുസ്മരിപ്പിക്കുന്നത് ധീരുഭായ് അംബാനിയെ ആണ്. ഗുജറാത്തിലെയും ഡല്‍ഹിയിലെയും അധികാര കേന്ദ്രങ്ങളോട് ധീരുഭായ് അംബാനിക്ക് ഉണ്ടായിരുന്നത് പോലുള്ള അടുപ്പം തന്നെയാണ് ഇന്ന് അദാനിയും കാത്തു സൂക്ഷിക്കുന്നത്. നരേന്ദ്ര മോഡിയുടെ ഏറ്റവും വലിയ ഇഷ്ടക്കാരില്‍ ഒരാള്‍.
1962 -ല്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍, ശാന്തിലാല്‍ അദാനി എന്ന വസ്ത്ര വ്യവസായിയുടെയും ശാന്തബെന്‍ അദാനി എന്ന വീട്ടമ്മയുടെയും എട്ടുമക്കളില്‍ ഒരാളായാണ് ഗൗതം ജനിച്ചത്. ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടാന്‍ നടത്തിയ ശ്രമം വിഫലമായെങ്കിലും പഠനം പാതി വഴി ഉപേക്ഷിച്ച് ബിസിനസില്‍ ഗൗതം ശ്രദ്ധയൂന്നി.
എണ്‍പതുകളുടെ തുടക്കത്തില്‍, പതിനെട്ടാമത്തെ വയസ്സില്‍ അഹമ്മദാബാദ് വിട്ട് മുംബൈയിലേക്ക് തീവണ്ടി കയറുന്ന ഗൗതം അദാനിയുടെ കീശയില്‍, അന്ന് നൂറിന്റെ ഏതാനും നോട്ടുകള്‍ മാത്രമാണ് മൂലധനമായി ഉണ്ടായിരുന്നത്. വൈകാതെ തന്നെ അദ്ദേഹത്തിന്, മുംബൈയിലെ മഹിന്ദ്ര ബ്രദേഴ്സ് എന്ന സ്ഥാപനത്തില്‍ ഡയമണ്ട് സോര്‍ട്ടര്‍ ആയി ജോലി കിട്ടുന്നു. ഒന്നോ രണ്ടോ വര്‍ഷം അങ്ങനെ ജോലി ചെയ്ത് വജ്രവ്യാപാരത്തിന്റെ ഉള്ളുകള്ളികള്‍ എല്ലാം സ്വായത്തമാക്കിയ ഗൗതം, സാവേരി ബസാറില്‍ സ്വന്തമായി ഒരു ഡയമണ്ട് ബ്രോക്കിങ് സ്ഥാപനം തുടങ്ങി.ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ലാഭം പത്തു ലക്ഷത്തില്‍ അധികം രൂപ; മില്യണയര്‍.
ഡയമണ്ട് ബ്രോക്കിങ് ബിസിനസ്സ് മോശമില്ലാത്ത രീതിയില്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഗൗതം അദാനിയുടെ ജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവുണ്ടാവുന്നത്. ജ്യേഷ്ഠന്‍ മന്‍സുഖ് ഭായ് അദാനി, 1981 - ല്‍ അഹമ്മദാബാദില്‍ താന്‍ പുതുതായി തുടങ്ങിയ പ്ലാസ്റ്റിക് ഫാക്ടറി ഏറ്റെടുത്തു നടത്താന്‍ വേണ്ടി ഗൗതമിനെ മുംബൈയില്‍ നിന്ന് തിരികെ വിളിച്ചു വരുത്തുന്നു. അടുത്ത വര്‍ഷം മുതല്‍ ജ്യേഷ്ഠന്റെ ഈ ബിസിനസ് ഏറ്റെടുത്ത് നടത്താന്‍ ശ്രമിച്ചപ്പോഴാണ് ഗൗതം അദാനിക്ക് തന്റെ ജീവിതത്തില്‍ ആദ്യമായി ഒരു പ്രതിസന്ധി നേരിടേണ്ടി വരുന്നത്. ഈ ഫാക്ടറിക്ക് മാസാമാസം വേണ്ടിയിരുന്നത് 20 ടണ്ണോളം പിവിസി ഗ്രാന്യൂള്‍സ് ആയിരുന്നു. ഇന്ത്യയില്‍ അന്ന് ആകെ ഇത് സപ്ലൈ ചെയ്തിരുന്ന കമ്പനി മുംബൈയിലെ ഐപിസിഎല്‍ മാത്രം. അവര്‍ക്കാണെങ്കില്‍ ആകെ ഡെലിവര്‍ ചെയ്യാന്‍ പറ്റിയിരുന്നത് മാസം കഷ്ടിച്ച് രണ്ടു ടണ്‍ ആയിരുന്നു. അസംസ്‌കൃത വസ്തു കിട്ടാതെ അദാനി വിഷമത്തിലായി.
പിവിസി ഗ്രാന്യൂള്‍സ് കിട്ടാനില്ല, അത് സപ്ലൈ ചെയ്യാന്‍ നാട്ടില്‍ ആളില്ല എന്ന് തിരിച്ചറിയുന്ന അദാനി, 1988 -ല്‍ ഇറക്കുമതിക്കും കയറ്റുമതിക്കും ലൈസന്‍സ് സംഘടിപ്പിച്ച ശേഷം അഞ്ചു ലക്ഷം രൂപയുടെ അടിസ്ഥാന മൂലധനത്തില്‍ 'അദാനി എക്‌സ്‌പോര്‍ട്‌സ്' എന്ന പേരില്‍ ഒരു പോളിമര്‍ ഇറക്കുമതി കമ്പനി തുടങ്ങി.
ആദ്യ വെല്ലുവിളി ഇംഗ്ലീഷ് ഭാഷ
കൂര്‍മ്മബുദ്ധിയായിരുന്നു ചെറുപ്രായത്തില്‍ തന്നെ ഗൗതം അദാനി. പക്ഷേ, ഒരു വീക്ക്‌നെസ്സ് മറികടക്കാനാവാത്തതില്‍ ഖിന്നനുമായിരുന്നു; ഇംഗ്ലീഷ് ഭാഷയായിരുന്നു വെല്ലുവിളി. ഈ ആത്മവിശ്വാസക്കുറവ് പരിഹരിക്കാനും ഗൗതം വഴി കണ്ടെത്തി. ബാല്യകാല സ്‌നേഹിതന്‍ ഡോ. മലയ് മഹാദേവിയ അന്ന് ബിഡിഎസ് കഴിഞ്ഞു നില്‍ക്കുന്ന കാലമായിരുന്ന. ഗൗതമിനോട് ഡോ. മലയ് തനിക്കൊരു ക്ലിനിക്ക് ഇട്ടു തരാമോ എന്ന് ചോദിച്ചു. അങ്ങനെ ഒരു ദന്ത ഡോക്ടര്‍ ആയി ഒതുങ്ങിപ്പോകുന്നതിനു പകരം മലയിനെ തന്നോടൊപ്പം വ്യവസായം ചെയ്യാനിറങ്ങാന്‍ വേണ്ടി പ്രേരിപ്പിച്ചു ഗൗതം. രണ്ടു പേരും കൂടി അക്കാലത്ത് ഒരു ഗ്രേ കളര്‍ ബജാജ് സൂപ്പര്‍ സ്‌കൂട്ടറില്‍, നിരന്തരം അഹമ്മദാബാദിലെ പല ഓഫീസുകളും കയറിയിറങ്ങി നടന്ന് ബിസിനസിനുള്ള അവസരങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നു. വെറും ഒരു വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് ആദ്യ മൂലധനമായ അഞ്ചു ലക്ഷത്തെ രണ്ടര കോടിയാക്കി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു അവര്‍ക്ക്.
.
അന്നത്തെ ഭേദപ്പെട്ട തുറമുഖങ്ങളില്‍ ഒന്നായിരുന്നു ഗുജറാത്തിലെ കണ്ട്‌ല. അവിടെയാണ് അദാനി എക്‌സ്‌പോര്‍ട്ട്‌സ് കമ്പനി ആദ്യമായി ഒരു ഓഫീസിടുന്നത്. ഇറക്കുമതിയിലെ സകല തന്ത്രങ്ങളും അദാനിക്ക് അറിയാമായിരുന്നു. ചെറുകിട പ്ലാസ്റ്റിക് വ്യാപാരികളില്‍ നിന്ന് 'ലെറ്റര്‍ ഓഫ് ഓതറൈസേഷന്‍' വാങ്ങിയ ശേഷം അദാനി മൊത്തമായി ഗ്രാന്യൂള്‍സ് ഇറക്കുമതി ചെയ്തു. തുടര്‍ന്ന്, ഇറക്കുമതി ചെയ്യാന്‍ ലെറ്റര്‍ ഓഫ് ഓതറൈസേഷന്‍ വേണ്ടാത്ത ഗുജറാത്ത് സ്റ്റേറ്റ് എക്‌സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ പോലുള്ള സ്റ്റേറ്റ് ഏജന്‍സികള്‍ക്ക് വേണ്ടിയും ബള്‍ക്കായി ഇറക്കി. സ്റ്റേറ്റ് ഏജന്‍സികള്‍ക്ക് അത്യാവശ്യം മാത്രം കൊടുത്തിട്ട് ബാക്കി വരുന്ന ഷിപ്പ്‌മെന്റ് വേറെ വിറ്റഴിച്ചും വന്‍ ലാഭം തന്നെയുണ്ടാക്കി.
അവിടന്നങ്ങോട്ടുള്ള അദാനിയുടെ വളര്‍ച്ച കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലായിരുന്നു. 1988 -ല്‍ വെറും നൂറു മെട്രിക് ടണ്‍ കാര്‍ഗോ ക്ലിയര്‍ ചെയ്തിരുന്ന അദാനി, 1992 ആയപ്പോഴേക്കും 40,000 മെട്രിക് ടണ്‍ ക്ലിയര്‍ ചെയ്യുന്ന തരത്തിലേക്ക് വളരുന്നു. പിവിസി ഗ്രാന്യൂള്‍സിന് പുറമെ, കെമിക്കലുകളും പെട്രോളിയം ഉത്പന്നങ്ങളും ഒക്കെ അദ്ദേഹം ഇറക്കുമതി ചെയ്തു തുടങ്ങി. ഇപ്പോഴാകട്ടെ കൈവയ്ക്കുന്ന ബിസിനസുകള്‍ പലത്. വിവിധ ഭൂഖണ്ഡങ്ങളിലേക്കു പടര്‍ന്നു അദാനിയുടെ സാമ്രാജ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.