അമിത് ഷായുടെ കാഞ്ഞ ബുദ്ധിയില്‍ അമരീന്ദറിന്റെ കളി; പഞ്ചാബില്‍ 'വെളുക്കാന്‍ തേച്ചത് കോണ്‍ഗ്രസിന് പാണ്ടായി' മാറുമോ?

അമിത് ഷായുടെ കാഞ്ഞ ബുദ്ധിയില്‍ അമരീന്ദറിന്റെ കളി; പഞ്ചാബില്‍ 'വെളുക്കാന്‍ തേച്ചത് കോണ്‍ഗ്രസിന് പാണ്ടായി' മാറുമോ?

ദ്യം ബിജെപിയില്‍ ഒരു മെമ്പര്‍ഷിപ്പ്... പിന്നെ തരക്കേടില്ലാത്ത സ്ഥാനമാനങ്ങള്‍... ഇതായിരുന്നു ഇന്ദ്രപ്രസ്ഥത്തിലേക്ക് വണ്ടി കയറുമ്പോള്‍ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ മനസില്‍. എന്നാല്‍ കാഞ്ഞ ബുദ്ധി ആവശ്യത്തിലേറെയുള്ള അമിത് ഷായുടെ മനസില്‍ മറ്റൊന്നായിരുന്നു. ' ക്യാപ്റ്റനെ വച്ചു കളിച്ച് പഞ്ചാബില്‍ കോണ്‍ഗ്രസിനെ ക്ലീന്‍ ബൗള്‍ ചെയ്യുക'.

അത് ഫലപ്രദമായി നടപ്പാകണമെങ്കില്‍ അമരീന്ദറിനെ കാവി പുതപ്പിക്കുകയല്ല, കാവി കാണിച്ച് പ്രലോഭിപ്പിക്കുകയാണ് വേണ്ടതെന്ന് രാഷ്ട്രീയ കുടില തന്ത്രങ്ങളുടെ ചാണക്യനായ അമിത് ഷായോട് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. ബിജെപിയില്‍ അമരീന്ദറിന് തൃപ്തികരമായ സ്റ്റാറ്റസ് നല്‍കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലെങ്കിലും പഞ്ചാബില്‍ പുതിയ പാര്‍ട്ടി എന്നതായിരുന്നു കൂടിക്കാഴ്ചയില്‍ ഷായുടെ ഉപദേശം. കോണ്‍ഗ്രസ് വിടുകയാണെന്നും എന്നാല്‍ ബിജെപിയിലേക്കില്ലെന്നും അമരീന്ദര്‍ പ്രതികരിച്ചതിന് കാരണവും മറ്റൊന്നല്ല.

പഞ്ചാബില്‍ തിരിച്ചെത്തിയ അമരീന്ദര്‍ സിങ് പുതിയ പ്രാദേശിക പാര്‍ട്ടിക്കായുള്ള ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. പഞ്ചാബ് വികാസ് പാര്‍ട്ടി എന്ന പേരാണ് മുഖ്യ പരിഗണനയിലുള്ളത്. സ്വന്തം പക്ഷത്തുള്ള എംഎല്‍എമാരും നേതാക്കളും അമരീന്ദറുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്.

നവ്‌ജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസില്‍ അധികാര കേന്ദ്രമായതോടെ മാറ്റി നിര്‍ത്തപ്പെട്ട നേതാക്കളെല്ലാം അമരീന്ദറിനൊപ്പം പോകാനൊരുങ്ങുകയാണ്. കൂടാതെ കോണ്‍ഗ്രസിലെ അതൃപ്തരായ കൂടുതല്‍ നേതാക്കളെ ഒപ്പം നിര്‍ത്താന്‍ അമരീന്ദര്‍ ക്യാമ്പ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

എഎപിയിലും ശിരോമണി അകാലിദളിലുമുള്ള വിമത വിഭാഗത്തെയും പുതിയ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കിട്ടാവുന്ന സ്വതന്ത്രരെയും കൂടെ നിര്‍ത്തും. അങ്ങനെ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള നീക്കം കൂടിയാണിത് അമരീന്ദര്‍ പയറ്റുന്നത്. അമിത് ഷാ നിര്‍ദേശിച്ച തന്ത്രവും അതാണ്. കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് പിളരും. ഒപ്പം എഎപിയെയും അകാലിദളിനെയും പിളര്‍ത്തുകയും ചെയ്യാം.

പഞ്ചാബ് കോണ്‍ഗ്രസില്‍ ഇപ്പോഴുള്ള നേതാക്കളേക്കാള്‍ ജനപ്രീതി അമരീന്ദറിന് തന്നെയാണ്. കര്‍ഷക നേതാക്കളുടെ പിന്തുണയാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്നെ അമരീന്ദര്‍ കര്‍ഷക നേതാക്കളുമായി നല്ല സൗഹൃദത്തിലായിരുന്നു. ഡല്‍ഹിയിലേക്ക് കര്‍ഷകരുടെ മാര്‍ച്ച് പോകാന്‍ ഇടയാക്കിയതും അമരീന്ദറിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു.

അമരീന്ദര്‍ പുറത്തു പോയതിനു ശേഷം സിദ്ദുവിന്റെ കൂടി പിന്തുണയോടെ മുഖ്യമന്ത്രി കസേരയിലെത്തിയ ചരണ്‍ജിത് സിങ് ചന്നിയുമായി പിന്നീടുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജി വച്ചതോടെ ആകെ പ്രതിസന്ധിയിലായ കോണ്‍ഗ്രസിന് ക്യാപ്റ്റന്‍ ഉയര്‍ത്തുന്ന ഇത്തരം ഭീഷണികള്‍ ചെറുക്കുക അത്ര എളുപ്പവുമല്ല.

അങ്ങനെ അസമിലും ആന്ധ്രയിലും സംഭവിച്ചത് പഞ്ചാബില്‍ ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആന്ധ്രപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയും അസമില്‍ ഹിമന്ത വിശ്വ ശര്‍മയും പിന്നീട് പാര്‍ട്ടിയുടെ തന്നെ അന്തകരായിരുന്നു. ആന്ധ്രയില്‍ കോണ്‍ഗ്രസ് വട്ട പൂജ്യമാവുകയും അസമില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കോണ്‍ഗ്രസ് അധികാരത്തിന് പുറത്താവുകയും ചെയ്തു. ഇതുപോലെ അമരീന്ദറും പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച പൂര്‍ത്തിയാക്കുമെന്നാണ് സൂചന.

മാറിയ ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുമ്പോള്‍ സിഖ് ഹിന്ദു - ജാട്ട് ഹിന്ദു വോട്ടുകള്‍ ഇത്തവണ കോണ്‍ഗ്രസിനെ കൈവിടാനുള്ള സാധ്യത ഏറെയാണ്. രാഹുല്‍ ഗാന്ധി മറന്നുപോയ കാര്യവും അതാണ്. ഫലത്തില്‍ സിദ്ദുവിനെ വച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പഞ്ചാബില്‍ നടത്തിയ കളി 'വെളുക്കാന്‍ തേച്ചത് പാണ്ടായി' എന്ന പഴഞ്ചൊല്ല് പോലെയാകുമോ എന്നാണ് സംശയം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.