വി. മില്‍റ്റിയാഡെസ് മാര്‍പ്പാപ്പ(കേപ്പാമാരിലൂടെ ഭാഗം -33)

വി. മില്‍റ്റിയാഡെസ് മാര്‍പ്പാപ്പ(കേപ്പാമാരിലൂടെ ഭാഗം -33)

തിരുസഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവായ ചരിത്രസംഭവത്തിന് സാക്ഷ്യം വഹിക്കുവാന്‍ മാര്‍പ്പാപ്പയാണ് വി. മില്‍റ്റിയാഡെസ് മാര്‍പ്പാപ്പ. മെല്‍ക്കിയാഡെസ് എന്നത് അദ്ദേഹത്തിന്റെ മറ്റൊരു നാമമായിരുന്നു. യൗസേബിയൂസ് മാര്‍പ്പാപ്പയുടെ കാലശേഷം ഏകദേശം ഒരു വര്‍ഷത്തിലധികം വി. പത്രോസിന്റെ സിംഹാസനം ഒഴിഞ്ഞു കിടന്നു.

മാക്‌സെന്റിയൂസ് ചക്രവര്‍ത്തി ക്രിസ്ത്യനികളോടും ക്രിസ്തുമതത്തിനോടുമുള്ള മൃദുസമീപനം സംബന്ധിച്ച് വിളംബരം പുറപ്പെടുവിച്ചു. അതിനുശേഷം മാത്രമാണ് ഏ.ഡി. 311 ജൂലൈ 2-ാം തീയതി വി. മില്‍റ്റിയാഡെസ് മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്. മാക്‌സെന്റിയൂസ് ചക്രവര്‍ത്തി തന്റെ വിളംബരം വഴി ക്രിസ്ത്യാനികളോട് സഹിഷ്ണുത മനോഭാവം കാണിക്കണമെന്ന് വിളംബരം ചെയ്തതോടൊപ്പം ഡയക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് കണ്ടുകെട്ടപ്പെട്ട സഭയുടെ വസ്തുക്കളും പതിനഞ്ചോളം പദവികളും പുനഃസ്ഥാപിച്ചു.

ഏ.ഡി. 312-ല്‍ മെല്‍വിയന്‍ ബ്രിഡ്ജ് യുദ്ധം വഴിയായി മാക്‌സെന്റിയൂസിനെ കോണ്‍സ്റ്റന്റയിന്‍ തോല്‍പ്പിക്കുകയും റോമാസാമ്രാജ്യത്തിന്റെ പാശ്ചാത്യഭാഗത്തിന്റെ ചക്രവര്‍ത്തിയായി സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. ഐതീഹ്യമനുസരിച്ച് യുദ്ധത്തിനുമുമ്പ് ക്രിസ്ത്യാനികളുടെ ദൈവത്തിന്റെ സഹായം തേടുകയും ഒരു ദര്‍ശനം വഴിയായി കോണ്‍സ്റ്റന്റയിനും അദ്ദേഹത്തിന്റെ സൈന്യവ്യൂഹവും തങ്ങളുടെ പരിചയില്‍ ക്രിസ്‌തോസ് എന്ന ഗ്രീക്ക് നാമത്തിന്റെ ആദ്യ രണ്ട് അക്ഷരങ്ങള്‍ ആലേഖനം ചെയപ്പെടണമെന്നും അതുവഴിയായി അദ്ദേഹത്തിന് വിജയം ലഭിക്കുമെന്നും ഉറപ്പ് ലഭിച്ചു.

കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി തന്റെ ഭരണകാലത്തിന്റെ ആരംഭം മുതല്‍ ക്രിസ്ത്യാനികളോട് മൃദുസമീപനമാണ് സ്വീകരിച്ചിരുന്നത്. റോമാസാമ്രാജ്യത്തിന്റെ പൗരസ്ത്യഭാഗത്തിന്റെ ചക്രവര്‍ത്തിയായ ലിസിനിയൂസുമായി ആലോചിച്ച് ഏ.ഡി. 313 ഫെബ്രുവരിയില്‍ പ്രസിദ്ധമായ മിലാന്‍ വിളംബരം പുറപ്പെടുവിച്ചു. പ്രസ്തുത വിളംബരത്തിലൂടെ ക്രിസ്ത്യാനികള്‍ക്കും മറ്റു മതസ്ഥര്‍ക്കും തങ്ങളുടെ വിശ്വാസം സംരക്ഷിക്കുവാനും ആചരങ്ങള്‍ പിന്തുടരുവാനും അധികാരം നല്‍കുന്നു എന്ന് കല്പിച്ചു. അതുവഴി ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനം അവസാനിക്കുകയും ക്രിസ്തുമതം റോമാസാമ്രാജ്യത്തിലെ ഔദ്യോഗികമതമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി ലാറ്ററന്‍ കൊട്ടാരം മാര്‍പ്പാപ്പയുടെ ഔദ്യോഗിക വസതിയായി അദ്ദേഹത്തിന് നല്‍കി. താമസിയാതെ തന്നെ അദ്ദേഹം സഭാകര്യങ്ങളിലും ഇടപ്പെടുവാനും ആരംഭിച്ചു. താന്‍ സഭാഭരണം ഏറ്റെടുത്തയുടെനെ അദ്ദേഹത്തിന് നേരിടേണ്ടിവന്ന പ്രശ്‌നമായിരുന്നു വടക്കേ അഫ്രിക്കയിലെ കാര്‍ത്തേജിന്റെ മെത്രാനായ കാസെലിയനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍. ഏ.ഡി. 311-ല്‍ കാര്‍ത്തേജിന്റെ മെത്രാനിയി കാസേലിയന്‍ മാര്‍പ്പാപ്പ ആരോഹണം ചെയ്യപ്പെട്ടു അധികം താമസിയാതെ തന്നെ വിശ്വാസത്യാഗം ചെയ്തവരുടെ പുനഃപ്രവശേനത്തെ അംഗീകരിക്കാത്തവരുടെ കഠിനമായ എതിര്‍പ്പ് നേരിടേണ്ടി വന്നു. അദ്ദേഹത്തിന്റെ എതിരാളികളില്‍ പ്രധാനികള്‍ ഡൊണാറ്റിസ്റ്റുകള്‍ എന്ന് അറിയപ്പെടുന്ന പാഷണ്ഡികളായിരുന്നു.

ഡൊണാറ്റിസ്റ്റുകള്‍ കാസേലിയന്‍ മെത്രാനെ അഭിഷേകം യെ്തത് മതപീഡനകാലത്ത് വിശുദ്ധഗ്രന്ഥം റോമന്‍ അധികാരികള്‍ക്കു സമര്‍പ്പിച്ച ഒരു മെത്രാനാണ് എന്നതിനാല്‍ അദ്ദേഹത്തിന്റെ മെത്രാഭിഷേകം സാധുവല്ല എന്നു വാദിച്ചു. സഭയിലുണ്ടായ ഈ വിഭാഗിയത പരിഗണിക്കണമെന്ന് കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയോട് വിഘടിച്ചുനില്‍ക്കുന്നവര്‍ ആവശ്യപ്പെടതിനാല്‍ മില്‍റ്റിയാഡെസ് മാര്‍പ്പപ്പയുടെ അദ്ധ്യക്ഷതയില്‍ മൂന്നു മെത്രാന്‍മാരുടെ ഒരു സമിതിയെ സഭയിലെ പ്രശ്‌നങ്ങള്‍ പഠിക്കുവാനും പരിഹാരം കണ്ടെുത്തുവാനുമായി നിയമിച്ചു. മില്‍റ്റിയാഡെസ് മാര്‍പ്പാപ്പ പ്രസ്തുത സമിതിയിലേക്ക് പിന്നീട് പതിനഞ്ച് മെത്രാന്‍മാരെക്കൂടി നിയമിക്കുകയും പ്രസ്തുത സമിതി ലാറ്ററന്‍ കൊട്ടാരത്തില്‍ സമ്മേളിക്കുകയും ഏ.ഡി. 313 ഒക്‌ടോബര്‍ 3-ാം തീയതി കാസേലിയന്‍ മെത്രാന്റെ അഭിഷേകം സാധവാണ് എന്ന് വിധിപുറപ്പെടുവിക്കുകയും ഡൊണാറ്റിസ്സസിനെ പാഷണ്ഡികള്‍ എന്നുകണ്ട് സഭാഭ്രഷ്ടരാക്കുകയും ചെയ്തു. എന്നാല്‍ വടക്കേ ആഫ്രിക്കയിലെ എല്ലാ സഭാസമൂഹങ്ങളോടും അവയുടെ തലവന്മാരായ മെത്രാന്മരോടും ഐക്യത്തിലും സഹവര്‍ത്തിത്വത്തിലും വര്‍ത്തിക്കുവാന്‍ അദ്ദേഹം ശ്രദ്ധിച്ചു.

മില്‍റ്റിയാഡെസ് മാര്‍പ്പാപ്പ തിരുസഭയും സഭാതനയരും സ്വാതന്ത്ര്യം അനുഭവിക്കുന്നതിന് കാരണമായ മിലാന്‍ വിളംബരമെന്ന ചരിത്രപ്രധാന്യമുള്ള സംഭവത്തിനു സാക്ഷ്യം വഹിച്ചും പ്രസ്തുത വിളംബരത്തിലൂടെ പുതിയ മുഖം ലഭിച്ച സഭയെ ധീരമായി നയിച്ചുകൊണ്ടും ഏ.ഡി. 314 ജനുവരി 11-ാം തീയതി ഇഹലോകവാസം വെടിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.