യുപിയില്‍ ക്രൈസ്തവര്‍ക്കു നേരെ വീണ്ടും ബജ്രംഗ്ദള്‍ അതിക്രമം: കന്യാസ്ത്രീകളെ ബസില്‍ നിന്നിറക്കി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി

 യുപിയില്‍ ക്രൈസ്തവര്‍ക്കു നേരെ വീണ്ടും ബജ്രംഗ്ദള്‍ അതിക്രമം: കന്യാസ്ത്രീകളെ ബസില്‍ നിന്നിറക്കി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി


വാരണാസി: ഉത്തര്‍പ്രദേശില്‍ ക്രൈസ്തവര്‍ക്കെതിരെ വീണ്ടും ഹിന്ദുത്വവാദികളുടെ അതിക്രമം. രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് കന്യാസ്ത്രീകള്‍ക്കും ക്രൈസ്തവ വിശ്വാസികള്‍ക്കും നേരെയാണ് ബജ്രംഗ്ദള്‍, ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്.

ലക്‌നൗവില്‍ നിന്നും 315 കിലോമീറ്റര്‍ അകലെ മാവു ജില്ലയില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഏതാണ്ട് അമ്പതോളം ക്രൈസ്തവരെ സംഘം ചേര്‍ന്നെത്തിയ അക്രമികള്‍ മതപരിവര്‍ത്തനം ആരോപിച്ച് ഭീഷണിപ്പെടുത്തുകയും വചന പ്രഘോഷകനും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെഏഴ് പേരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

രോഗബാധിതനായ പിതാവിനെ കാണാന്‍ ജാര്‍ഖണ്ഡിലേക്ക് പോകുവാനായി വാരണാസിയിലെ ബസ് സ്റ്റാന്‍ഡിലേക്ക് പോയ ഉര്‍സുലിന്‍ ഫ്രാന്‍സിസ്‌കന്‍ സഭാംഗങ്ങളായ സിസ്റ്റര്‍ റോഷ്‌നി മിഞ്ചും ഒപ്പമുണ്ടായിരുന്ന സിസ്റ്റര്‍ ഗ്രേസി മോണ്ടെയ്‌റോയുമാണ് ഹിന്ദുത്വവാദികളുടെ മറ്റൊരു അതിക്രമത്തിന് ഇരയായത്.

ബസ് ഡ്രൈവറെ ആക്രമിച്ച സംഘം ഇവരും പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ അംഗങ്ങളാണെന്ന് ആരോപിച്ച് ബസില്‍ നിന്ന് ബലമായി ഇറക്കി പോലീസ് സ്റ്റേഷനിലേക്ക് നടത്തി കൊണ്ടുപോയി. എന്നാല്‍ കന്യാസ്ത്രീകള്‍ തങ്ങളുടെ പ്രാര്‍ത്ഥനാ കൂട്ടായ്മയിലെ അംഗങ്ങളല്ലെന്ന് ക്രിസ്ത്യന്‍ നേതാവായ വിജേന്ദ്ര രാജ്ബാര്‍ പോലീസിനോടും മാധ്യമങ്ങളോടും വെളിപ്പെടുത്തി.

ഉച്ചക്ക് 12.30 ഓടെ സ്റ്റേഷനില്‍ കൊണ്ടുപോയവരെ ഉന്നത തലത്തിലുള്ള ഇടപെടലിനെ തുടര്‍ന്ന് രാത്രി ആറ് മണിയോടെയാണ് മോചിപ്പിച്ചത്. രാജ്യത്ത് ക്രൈസ്തവ വിരുദ്ധ മതപീഡനം ഏറ്റവും കൂടുതല്‍ അരങ്ങേറുന്ന സംസ്ഥാനങ്ങളിലൊന്നാണ് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശ്.

ക്രിസ്ത്യാനികള്‍ക്കു നേരെ ഒരു ദിവസം തന്നെ രണ്ട് അതിക്രമങ്ങളുണ്ടായിട്ടും ആര്‍എസ്എസിന്റെ ഏറാന്‍മൂളികളായ ഉത്തര്‍പ്രദേശിലെ മാധ്യമങ്ങളോ, ദേശീയ മാധ്യമങ്ങളോ സംഭവം വാര്‍ത്തയാക്കിയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.