ദേഹാസ്വാസ്ഥ്യം; മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യം; മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ (89) ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്ന് വൈകുന്നേരം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) പ്രവേശിപ്പിച്ചു.

കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹത്തിന് പനിയുണ്ടായിരുന്നു. രക്തത്തിലെ ഗ്ലൂക്കോസ് നിലയും താഴ്ന്നിരുന്നു. ശ്വാസതടസമടക്കമുള്ള പ്രയാസങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് മന്‍മോഹന്‍ സിംഗിനെ ആശുപത്രിയിലെത്തിച്ചത്.

"മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ജിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ചില അടിസ്ഥാനരഹിതമായ കിംവദന്തികൾ ഉണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹം പതിവ് ചികിത്സയിലാണ്. ആവശ്യമായ എല്ലാ അപ്‌ഡേറ്റുകളും ഞങ്ങൾ പങ്കുവയ്ക്കും. മാധ്യമ സുഹൃത്തുക്കളോട് ഞങ്ങൾ നന്ദി പറയുന്നു". - എഐസിസി സെക്രട്ടറി പ്രണവ് ജാ ട്വിറ്ററിൽ കുറിച്ചു.


ഈ വർഷം ഏപ്രിലിൽ മൻമോഹൻ സിംഗിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് അദ്ദേഹം സുഖം പ്രാപിച്ചു. 2009 ൽ എയിംസിൽ കൊറോണറി ബൈപാസ് ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായിരുന്നു.

2020 മേയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു . അന്നും അദ്ദേഹം ഡോക്ടർ നിതീഷ് നായക്കിന്റെ സംരക്ഷണത്തിലായിരുന്നു. അതേസമയം നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് മന്‍മോഹന്‍ സിംഗിന്‍റെ ഓഫീസ് പ്രതികരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.