കേരളത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ റൂള്‍ കര്‍വ് നിശ്ചയിച്ച് കേന്ദ്ര ജല കമ്മിഷന്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട 999 വര്‍ഷത്തെ പാട്ടക്കരാര്‍ റദ്ദാക്കാന്‍ കേരള സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഒക്ടോബര്‍ 25 ന് വീണ്ടും പരിഗണിക്കും. കോതമംഗലം ഡോ. ജോ ജോസഫ് നല്‍കിയിട്ടുള്ള ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കും.
ഇതിനിടെ കേരളത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ റൂള്‍ കര്‍വ് നിശ്ചയിച്ച് കേന്ദ്ര ജല കമ്മിഷന്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വര്‍ഷത്തില്‍ രണ്ടു തവണ പരമാവധി ജലനിരപ്പ് ആയ 142 അടിയില്‍ വെള്ളം സംഭരിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കുന്ന വിധത്തിലാണ് റൂള്‍ കര്‍വ് അംഗീകരിച്ചിരിക്കുന്നത്. ഡാമില്‍ സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ ധാരണ ആയെങ്കിലും ഇതില്‍ കൃത്യമായൊരു നിര്‍ദേശം ജല കമ്മിഷന്‍ മുന്നോട്ടു വെച്ചിട്ടില്ല.
ഡോ.ജോ ജോസഫ് നല്‍കിയ ഹര്‍ജിയില്‍ മുല്ലപ്പെരിയാര്‍ ഡാമിന് റൂള്‍ കര്‍വ്, ഷട്ടര്‍ പ്രവര്‍ത്തന മാര്‍ഗരേഖ എന്നിവ ഉണ്ടാക്കാനും ഡാമില്‍ സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാനും സുപ്രീം കോടതി മാര്‍ച്ച് 16 നാണ് ഉത്തരവിട്ടത്. കോവിഡ് അടച്ചിടല്‍മ ൂലം കേസ് പല തവണ മാറ്റി വെച്ചു. വെള്ളിയാഴ്ച കേസ് എടുത്തെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മേല്‍നോട്ട സമിതി ഒരാഴ്ചകൂടി ആവശ്യപ്പെതോടെയാണ് കേസ് 25 ലേക്ക് മാറ്റിയത്. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ജല കമ്മിഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. 425 പേജുള്ളതാണ് റിപ്പോര്‍ട്ട്.
പ്രളയം നിയന്ത്രിക്കാന്‍ ഡാമുകളില്‍ ഓരോ പത്തു ദിവസവും നിലനിര്‍ത്താവുന്ന പരമാവധി ജലനിരപ്പ് ആണ് റൂള്‍ കര്‍വ്. ജലനിരപ്പ് ഇതിലും കൂടിയാല്‍ വെള്ളം തുറന്നു വിടേണ്ടിവരും. ജൂണ് പത്തുമുതല്‍ നവംബര്‍ 30 വരെ ഉള്ളതാണ് പുതിയ റൂള്‍ കര്‍വ്. ജൂണ് പത്തിന് 136 അടി വരെ വെള്ളം സംഭരിക്കാന്‍ കഴിയും.
സെപ്റ്റംബര്‍ പത്തിന് 140 അടിയാണ് പരിധി. സെപ്റ്റംബര്‍ 20 ന് 142 അടിയില്‍ ആണ് റൂള്‍ കര്‍വ്. പിന്നെ ജലനിരപ്പ് താഴ്ത്തിയിരിക്കുന്നു. ഒക്ടോബര്‍ പത്തിന് 138.5 അടി. നവംബറില്‍ റൂള്‍ കര്‍വ് വീണ്ടും ഉയര്‍ത്തി. നവംബര്‍ 20 ന് 141 അടിയിലും 30ന് പരമാവധി ജലനിരപ്പ് ആയ 142 അടിയിലും ആണ് റൂള്‍ കര്‍വ് നിശ്ചയിച്ചിരിക്കുന്നത്.
ജൂണ്‍ മുതല്‍ നവംബര്‍ വരെ സെപ്റ്റംബര്‍ 20നും നവംബര്‍ 30നും പരമാവധി ജലനിരപ്പ് ആയ 142 അടി വരെ വെള്ളം സംഭരിക്കാന്‍ അനുവദിക്കുന്ന റൂള്‍ കര്‍വിനെ കേരളം പലതവണ എതിര്‍ത്തെങ്കിലും ജല കമ്മിഷന്‍ പരിഗണിച്ചില്ല. പെരിയാറിന്റെ തീരത്തുള്ള ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ക്ക് അംഗീകരിച്ച റൂള്‍ കര്‍വ് പ്രകാരം ഒറ്റത്തവണ മാത്രമാണ് ജലനിരപ്പ് പരമാവധി ആക്കാന്‍ അനുമതിയുള്ളത്. ജല കമ്മിഷന്‍ തന്നെയാണ് ഈ റൂള്‍ കര്‍വ് അംഗീകരിച്ചത്.
എന്നാല്‍ പെരിയാര്‍ തീരത്ത് തന്നെയുള്ള മുല്ലപ്പെരിയാര്‍ ഡാമില്‍ ഈ വ്യവസ്ഥ പാലിക്കാതെ രണ്ടു തവണ പരമാവധി ജലനിരപ്പില്‍ വെള്ളം പിടിക്കാന്‍ അനുമതി നല്‍കുന്നതിനെയാണ് കേരളം എതിര്‍ത്തത്. പ്രളയത്തിന് കാരണമാവും എന്ന കേരളത്തിന്റെ വാദം ജല കമ്മിഷന്‍ അംഗീകരിച്ചില്ല. റൂള്‍ കര്‍വ് നിലവില്‍ വന്നതോടെ തമിഴ്‌നാടിന് തോന്നിയ പോലെ ഇനി വെള്ളം സംഭരിക്കാന്‍ കഴിയില്ല.
ജല കമ്മീഷന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ സുപ്രീം കോടതിയുടെ അനുമതിയോടെ പാട്ടക്കരാര്‍ കാലാവധി മുഴുവനും അണക്കെട്ട് തങ്ങളുടെ ഉടമസ്ഥതയില്‍ നിലനിര്‍ത്താനും കേരളത്തിന്റെ ആശങ്കകള്‍ക്ക് ചെവി കൊടുക്കാതെ ജലനിരപ്പ് നിലനിര്‍ത്തുവാനും തമിഴ്‌നാടിന് സാധിക്കും.
വര്‍ഷ കാലത്തൊഴികെ അണക്കെട്ടിലെ സാധാരണ ജലനിരപ്പ് 120 അടിക്കു താഴെയാണ്. അതിനാല്‍ ജല കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്ന പുതിയ റിപ്പോര്‍ട്ട് തമിഴ്‌നാട് ഇരുകൈകളും നീട്ടി സ്വീകരിക്കും. 2014 ലെ സുപ്രീം കോടതി വിധിയില്‍ നിര്‍ബന്ധമായും ചെയ്യണമെന്ന് പറഞ്ഞ കാര്യങ്ങള്‍ ഇതുവരെയും തമിഴ്‌നാട് ചെയ്തിട്ടില്ലാത്തതിനാല്‍ പാട്ടക്കാരര്‍ റദ്ദാക്കാനുള്ള അവകാശം കേരളത്തിനുണ്ട്. ഈ ആവശ്യം ഉന്നയിച്ച് സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു.
ജല കമ്മീഷന്റെ റിപ്പോര്‍ട്ട് അംഗീകരിക്കാതെ, തമിഴ്‌നാടിന് ജലം ഉറപ്പാക്കികൊണ്ട് കരാര്‍ റദ്ദാക്കാനുള്ള നിശ്ചയദാര്‍ഡ്യം കേരളം കൈക്കൊണ്ടേ മതിയാവൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.