ദുബായ്: കോവിഡ് സാഹചര്യത്തില്‍ വിവാഹങ്ങള്‍ക്കുള്‍പ്പടെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി യുഎഇ. വിവാഹം, മരണം,പാർട്ടികള്‍ എന്നിവയില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിലാണ് നിലവില്‍ ദേശീയ അത്യാഹിത ദുരന്ത നിവാരണ അതോറിറ്റി ഇളവ് നല്‍കിയിട്ടുളളത്. ഉള്‍ക്കൊളളാവുന്നതിന്‍റെ 80 ശതമാനം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ചടങ്ങുകള്‍ നടത്താം. നേരത്തെ ഇത് 60 ശതമാനമായിരുന്നു.എന്നാല്‍ പരമാവധി ആളുകളുടെ എണ്ണം 60 ആയിരിക്കണം. പരിപാടിയില്‍ ആതിഥ്യം വഹിക്കുന്ന 10 പേരെ കൂടാതെയാണിത്.
ചടങ്ങുകളിലെത്തുന്നവർ വാക്സിനെടുത്ത് 14 ദിവസം പിന്നിട്ടവരായിരിക്കണം. 48 മണിക്കൂറിനുളളിലെടുത്ത പിസിആർ പരിശോധനാ നെഗറ്റീവ് ഫലവും ഹാജരാക്കിയിരിക്കണം. ഹസ്തദാനവും ആലിംഗനവും അനുവദിക്കില്ല. ഒന്നരമീറ്റർ സാമൂഹിക അകലവും പാലിക്കണം. മേശയ്ക്ക് ചുറ്റുമിരിക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 10 ആയും തുടരും. അതേസമയം ജലദോഷമുള്‍പ്പടെയുളള ആരോഗ്യ അസ്വസ്ഥതകള്‍ ഉളളവർ പൊതു പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
മറ്റ് മുന്‍കരുതലുകള്‍
1. ചടങ്ങുകളിലേക്ക് പ്രവേശിക്കുമ്പോള്‍ ശരീരോഷ്മാവ് പരിശോധിക്കാനുളള സൗകര്യമൊരുക്കിയിരിക്കണം
2. എല്ലാ സമയവും മാസ്ക് ധരിച്ചിരിക്കണം
3. ചടങ്ങ് സംഘടിപ്പിക്കുന്ന വേദി അണുവിമുക്തമാക്കിയിരിക്കണം.
4. പങ്കെടുക്കുന്നുവർക്ക് സാനിറ്റൈസർ നല്‍കുന്നതിനുളള സൗകര്യമൊരുക്കിയിരിക്കണം.
5. പ്രവേശന കവാടങ്ങളില്‍ ആള്‍ക്കൂട്ടമുണ്ടാകരുത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.