ക്യൂബയുടെ ജ്ഞാന പിതാവ് എന്നറിയപ്പെടുന്ന വിശുദ്ധ അന്തോണി ക്ലാരറ്റ്

ക്യൂബയുടെ ജ്ഞാന പിതാവ് എന്നറിയപ്പെടുന്ന വിശുദ്ധ അന്തോണി ക്ലാരറ്റ്

അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 24


ക്ലരേഷ്യന്‍ സഭാ സ്ഥാപകന്‍, ക്യൂബയുടെ ജ്ഞാന പിതാവ്, മിഷനറി, ആര്‍ച്ചുബിഷപ്പ്, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, രാജ്ഞിയുടെ ചാപ്ലിന്‍ തുടങ്ങിയ നിലകളില്‍ പ്രശോഭിച്ചിട്ടുള്ള സ്‌പെയിന്‍കാരനാണ് വിശുദ്ധ അന്തോണി ക്ലാരറ്റ്. 1807 ഡിസംബര്‍ 24 ന് കാറ്റലോണിയയില്‍ വിച്ച് രൂപതയിലെ സാലെന്റ് എന്ന സ്ഥലത്താണ് ജനനം.

ഇടവക പള്ളിക്കൂടത്തിലെ ഏറ്റവും സമര്‍ത്ഥനായ വിദ്യാര്‍ഥിയായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ഒരു നെയ്ത്തുകാരന്‍ ആയിരുന്നു. പിതാവിനെ സഹായിക്കുന്നതോടൊപ്പം ഒഴിവു നേരങ്ങളില്‍ ലത്തിന്‍ ഭാഷയും മുദ്രണ വിദ്യയും അഭ്യസിക്കുകയും ചെയ്ത അന്തോണി ജെസ്യൂട്ട് വൈദികരുടെ ആശ്രമത്തില്‍ ചേര്‍ന്നെങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അത് ഉപേക്ഷിച്ചു.

പിന്നീട് 1829 ല്‍ വിച്ചിലെ മറ്റൊരു ആശ്രമത്തില്‍ ചേര്‍ന്ന അന്തോണി ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ തല്‍പരനായി. ആശ്രമ ജീവിതത്തിന്റെ ആരംഭകാലം മുതല്‍ ഒരു വൈദികനാവണമെന്ന ആഗ്രഹം അദ്ദേഹത്തില്‍ ഉടലെടുത്തിരുന്നു. അങ്ങനെ 1835 ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച അന്തോണി തന്റെ സ്വന്തം ഇടവകയില്‍ തന്നെ വികാരിയായി. പിന്നീട് വിശ്വാസ പ്രചാരണ ദൗത്യവുമായി റോമിലേക്ക് പോയി.

ഏതാനും വര്‍ഷത്തെ റോമിലെ തന്റെ സേവനത്തിന് ശേഷം സ്‌പെയിനിലേക്ക് തിരികെ വന്ന ഫാ.അന്തോണി സ്‌പെയിനിലെ ഒരു ഇടവകയില്‍ വികാരിയായി സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ അപ്പോസ്‌തോലിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമ പ്രദേശങ്ങളില്‍ വചന പ്രഘോഷണം നടത്തുകയും മത പവര്‍ത്തകരുടെ യോഗങ്ങള്‍ വിളിച്ചു കൂട്ടുകയും ചെയ്തു.

മതപരമായ വിഷയങ്ങളിലുപരി സാമൂഹിക സാംസ്‌കാരിക വിഷയങ്ങളിലും പണ്ഡിതനായിരുന്ന അദ്ദേഹം ഏതാണ്ട് 150 ഗ്രന്ഥങ്ങളോളം രചിച്ചിട്ടുണ്ട്. ഫാ.അന്തോണിയുടെ പ്രവര്‍ത്തനങ്ങളുടെ വിജയത്തില്‍ അസ്വസ്ഥരായ ചിലര്‍ അദ്ദേഹതിനെതിരായി തിരിയുകയും തല്‍ഫലമായി കാറ്റലോണിയ വിട്ട് 1848 ല്‍ കാനറി ഐലന്റിലേക്ക് പോവുകയും ചെയ്തു.

ഒരു വര്‍ഷത്തിനുശേഷം തിരിച്ച് കാറ്റലോണിയയില്‍ എത്തിയ അദ്ദേഹം തന്റെ പ്രേഷിത പ്രവര്‍ത്തനം പുനരാരംഭിച്ചു. 1849 ല്‍ ഫാ.അന്തോണി ആറ് പുരോഹിതന്മാരെ കൂട്ടി ക്ലാരെന്‍ഷിയന്‍സ് എന്ന് അറിയപ്പെടുന്ന 'മിഷണറി സണ്‍സ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി' എന്ന സഭയ്ക്ക് തുടക്കം കുറിച്ചു. 1850 ല്‍ സ്‌പെയിനിലെ രാജ്ഞിയായ ഇസബെല്ല-II ന്റെ നിര്‍ദ്ദേശ പ്രകാരം ഫാ.അന്തോണിയെ ക്യൂബയിലെ സാന്റിയാഗോ രൂപതയുടെ മെത്രാനാക്കി വാഴിച്ചു.

തുടര്‍ന്നുള്ള ഏഴ് വര്‍ഷം അപ്പോസ്‌തോലിക സന്ദര്‍ശനങ്ങളും നീഗ്രോകളെ അടിമകളാക്കുന്നതിനെതിരെയുള്ള പ്രചാരണങ്ങളുമായി മുന്നോട്ട് പോയ അദ്ദേഹത്തിന് നിരന്തരമായ വധഭീഷണി നേരിടേണ്ടി വന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ജീവനെടുക്കുവാനുള്ള ശ്രമം വരെ ഉണ്ടായി. 1857 ല്‍ രാജ്ഞിയുടെ ചാപ്ലിനായി അദ്ദേഹം വീണ്ടും സ്‌പെയിനിലെത്തി.
ഇത് മൂലം മെത്രാന്മാരെ നാമ നിര്‍ദ്ദേശം ചെയ്യുന്നതില്‍ കുറെയൊക്കെ സ്വാധീനം ചെലുത്തിയ അന്തോണി ക്ലാരറ്റ് എസ്‌കോരിയയില്‍ സഭാ സംബന്ധമായ പഠനങ്ങള്‍ക്കുള്ള ഒരു കേന്ദ്രം തുടങ്ങുകയും സ്‌പെയിനിലെ സഭാ ആശ്രമങ്ങള്‍ക്കുള്ള അംഗീകാരം നേടിയെടുക്കുകയും ചെയ്തു.

1869 ല്‍ ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനായി അദ്ദേഹം റോമിലേക്ക് പോയപ്പോള്‍ ഇസബെല്ല രാജ്ഞി നാടുകടത്തപെടുകയും അന്തോണി രാജ്ഞിയെ പിന്തുടരുകയും ചെയ്തു. സ്പാനിഷ് സ്ഥാനപതിയുടെ നിര്‍ബന്ധത്താല്‍ ഫോണ്ട്‌ഫ്രോയിടെയിലുള്ള സിസ്റ്റെര്‍ഷിയന്‍ ആശ്രമത്തില്‍ വീട്ടു തടങ്കലിലാക്കപ്പെട്ട അദ്ദേഹം അവിടെ വച്ച് 1870 ല്‍ 63-ാമത്തെ വയസില്‍ നിര്യാതനായി. അദ്ദേഹത്തിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ പിന്നീട് വിച്ചിലേക്ക് തിരികെ കൊണ്ടുവന്നു. 1950 ല്‍ അന്തോണി ക്ലാരറ്റിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. അരേറ്റാസ്

2. കാഡ് ഫാര്‍ക്ക്

3. സ്‌പെയിനിലെ ബര്‍ണാദ് കാല്‍വോ

4. ആഫ്രിക്കക്കാരായ ഫെലിക്‌സ്, ഔടാക്ത്തൂസ്, ജാനുവാരിയൂസ്, ഫോര്‍ത്ത്‌നാത്തൂസ്, സ്‌പെതിമൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26