തിരുവനന്തപുരം: സംസ്ഥാനത്ത് എ പ്ലസ് ലഭിച്ച 5,812 കുട്ടികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് ലഭിക്കാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. താല്‍ക്കാലിക ബാച്ച് അനുവദിച്ച് എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.
സര്‍ക്കാര്‍ സ്കൂളുകളില്‍ നിലവില്‍ അനുവദിച്ച 20 ശതമാനത്തിന് പുറമെ ആവശ്യമെങ്കില്‍ 10 ശതമാനം കൂടി സീറ്റ് വര്‍ധിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. താലൂക്കുതലത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കണക്കാക്കിയിട്ടുണ്ട്. ഇതുപ്രകാരം 50 താലൂക്കുകളില്‍ സീറ്റ് കുറവാണ്. ഇവിടങ്ങളിലാണ് സീറ്റ് വര്‍ധിപ്പിക്കുക. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സയന്‍സ് കോമ്പിനേഷനില്‍ 36, ഹ്യുമാനിറ്റീസ് കോമ്പിനേഷനില്‍ 41, കൊമേഴ്‌സ് കോമ്പിനേഷനില്‍ 46 താലൂക്കുകളിലൂമാണ് സീറ്റ് കുറവുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരിപൂര്‍ണമായി ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലയിലേക്ക് മാറ്റും. നിലവില്‍ 20 ശതമാനം സീറ്റ് വര്‍ധനവ് ഏര്‍പ്പെടുത്തിയ ജില്ലയില്‍ സീറ്റിന്റെ ആവശ്യകതയുണ്ടാവുകയാണെങ്കില്‍ പത്ത് ശതമാനം സീറ്റ് വര്‍ധനവ് കൂടി അനുവദിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് അനുവദിക്കാത്ത ജില്ലയാണെങ്കില്‍ ആവശ്യകത അനുസരിച്ച് എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും 20 മുതല്‍ 10 ശതമാനം വരെ സീറ്റ് വര്‍ധനവ് അനുവദിക്കുന്നതാണ്. അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന എയ്ഡഡ് - അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് മാര്‍ജിനല്‍ സീറ്റ് വര്‍ധനവിന്റെ 20 ശതമാനം മാനേജ്‌മെന്റ് സീറ്റും ബാക്കിയുള്ള സീറ്റുകള്‍ പൊതു മെറിറ്റ് സീറ്റുകളായും കൂട്ടും. സീറ്റ് വര്‍ധിപ്പിച്ച ശേഷവും പരിഹാരം ഉണ്ടായില്ലെങ്കില്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ലഭിക്കുന്ന അപേക്ഷകളനുസരിച്ച് താൽക്കാലിക ബാച്ചുകള്‍ക്ക് അനുമതി നല്‍കും.
സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച ശേഷം കോഴ്‌സ് അടിസ്ഥാനത്തില്‍ കണക്കെടുത്ത് സീറ്റ് വര്‍ധനവ് ഏര്‍പ്പെടുത്തും. സയന്‍സ് ബാച്ച് ആഗ്രഹിക്കുന്ന കൂടുതല്‍ കുട്ടികളുണ്ടെന്ന് പരിഗണിച്ച് താല്‍ക്കാലിക ബാച്ച് ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഇന്ന് പ്രഖ്യാപിച്ച അധിക ബാച്ചുകളിലൂടെ അവര്‍ക്കും അഡ്മിഷന്‍ ലഭ്യമാകുമെന്നും സംസ്ഥാനത്ത് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം പ്ലസ് വണ്‍ പ്രവേശനത്തിന് പുതിയ മാനദണ്ഡം സര്‍ക്കാര്‍ പ്രഖ്യാപിച്ചതായും മന്ത്രി അറിയിച്ചിട്ടുണ്ട്. നാലിന മാനദണ്ഡമാണ് പ്രഖ്യാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.