'സഹോദരനെ സഹായിക്കാന്‍ എന്തിന് സേന'; കൂട്ടിയ്ക്കലിലെ കണ്ണീര് തുടയ്ക്കാന്‍ ഇടയനൊപ്പം അജഗണങ്ങളും; സേവന മുഖത്ത് സഭയുടെ കൈത്താങ്ങ്

'സഹോദരനെ സഹായിക്കാന്‍ എന്തിന് സേന'; കൂട്ടിയ്ക്കലിലെ കണ്ണീര് തുടയ്ക്കാന്‍ ഇടയനൊപ്പം അജഗണങ്ങളും; സേവന മുഖത്ത് സഭയുടെ കൈത്താങ്ങ്

2018ലെ പ്രളയക്കെടുതിയില്‍ നിന്നും മുക്തി നേടുന്നതിന് മുന്‍പ് കേരളക്കരയെ കണ്ണീരിലാഴ്ത്തിയ സംഭവമാണ് കൂട്ടിയ്ക്കലിലെ ഉരുള്‍ പൊട്ടല്‍. മണ്ണെടുത്ത് പോയ ജീവിതങ്ങള്‍, അവിടെ ആശ്വാസ വാക്കുകള്‍ക്ക് പ്രസക്തിയില്ല. എങ്കിലും കുടെ ചേര്‍ത്തു പിടിക്കാന്‍ കണ്ണീരില്‍ ഒരു കൈത്താങ്ങ് ആകാന്‍ ക്രൈസ്തവ സഭയുടെ കീഴിലുള്ള ധാരാളം സംഘടനകള്‍ കൈ മെയ്യ് മറന്ന് രംഗത്തെത്തി.

കത്തോലിക്ക വൈദീകരുടെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ നൂറ് കണക്കിന് ക്രൈസ്തവ വിശ്വാസികളായ മത്സ്യത്തൊഴിലാളി സേനകള്‍ ഉണ്ട്. ഒരു സംഘടന ഉണ്ടാക്കി ക്രൈസ്തവ സഭ എന്ന പേരില്‍ പ്രശംസ പത്രം വാങ്ങിക്കുക എന്ന ലക്ഷ്യത്തോടെ അല്ല അവര്‍ വരുന്നത്. വൈദീകര്‍ അവരെ സേവന രംഗത്തേക്ക് നിയോഗിക്കുന്നതും ആ ലക്ഷ്യത്തോടെ അല്ല. വ്യത്യസ്ത മത വിഭാഗങ്ങളില്‍ ഉള്ള മത്സ്യത്തൊഴിലാളികള്‍ ഉണ്ടെങ്കിലും ക്രൈസ്തവരായ തൊഴിലാളികള്‍ വൈദീകരുടേയും സഭയുടേയും നിര്‍ദേശ പ്രകാരം തന്നെയാണ് സേവന രംഗത്തേയ്ക്ക് ഇറങ്ങുന്നത്. ഇത്തരത്തില്‍ വിശ്വാസികളായ ഒരു വലിയ സേന സഭയ്ക്ക് പിന്നില്‍ എന്നും ഉണ്ട്.

കാഞ്ഞിരപ്പള്ളി കൂട്ടിക്കല്‍ പ്രദേശങ്ങളില്‍ ഭൂരിഭാഗവും ക്രൈസ്തവരാണ്. അതുകൊണ്ട് തന്നെ ക്രൈസ്തവരുടെ സാന്നിധ്യം ജാതിമതഭേദമന്യേ എല്ലാം ജനങ്ങളും അറിഞ്ഞിട്ടുള്ളതാണ്.

മാധ്യമങ്ങളുടെ പിന്‍ബലം ഇല്ലാതെ രാവും പകലും ക്രൈസ്തവ സഭയുടെ കീഴിലുള്ള വിവിധ സംഘടനകള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ശുചീകരണത്തിനുമായി അക്ഷീണം പരിശ്രമിച്ചു. അതിന്റെ ചെറിയൊരു ഉദാഹരണമാണ് മഴക്കെടുതി മൂലം പൂര്‍ണ്ണമായും തകര്‍ന്ന കൂട്ടിക്കല്‍ ദേശത്തിലെ വിവിധ പ്രദേശങ്ങളുടെ പുനര്‍ നിര്‍മ്മാണത്തിനും ആളുകളുടെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും കൈത്താങ്ങായി പാലാ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുന്നിട്ടിറങ്ങിയത്.

രൂപതാ അധ്യക്ഷന്റെ നേതൃത്വത്തില്‍ പാലാ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികര്‍, എസ്എംവൈഎം പ്രവര്‍ത്തകര്‍, ജീസസ് യൂത്ത് തുടങ്ങിയ സംഘടനകള്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ഓടി എത്തുകയും പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് വേണ്ട സഹായങ്ങളും പിന്തുണയും ഒപ്പം നിന്ന് ചെയ്തു കൊടുക്കുകയും ചെയ്തു. കൂടാതെ ദൂര ദേശങ്ങളിലെ ഇടവകയില്‍ നിന്നു പോലും ത്യാഗപൂര്‍വ്വം എത്തിച്ചേര്‍ന്ന് സാഹസികവും ക്ലേശകരവുമായ കാരുണ്യ സേവനം ജാതി മത ഭേദമന്യേ നിസ്വാര്‍ത്ഥമായി നല്‍കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

വിവിധ ക്യാമ്പുകളിലും അല്ലാതെയുമായി കഴിയുന്ന ആളുകളുടെയും വീടും കൃഷിയും സാമ്പത്തികവുമൊക്കെ പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെട്ടവരുടെയും വേദനകളില്‍ അവര്‍ക്ക് സഹായഹസ്തവുമായി കൂടെ നിന്നു. ഒരു മുന്‍നിര മാധ്യമങ്ങളുടെ മുന്നിലും അവര്‍ ആ സേവനത്തെ മഹത്വ വല്‍ക്കരിച്ച് കാണിക്കാന്‍ അണിനിരന്നില്ല. അതുകൊണ്ടു തന്നെ ആ സേവനം നാട്ടുകാര്‍ എന്ന ഗണത്തില്‍ പരിഗണിക്കപ്പെട്ടു. അതില്‍ അവര്‍ക്ക് പരിഭവവും ഇല്ല. ഇത്തരം എത്ര ദുരിത മുഖങ്ങളില്‍ സേവനം ചെയ്തിട്ടുള്ളവരാണ് സഭാ മക്കള്‍.

ക്രൈസ്തവസഭ ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. അതുകൊണ്ട് തന്നെ ചുറ്റിനും ഒരു സേന പിന്‍ബലത്തിന്റെ ആവശ്യം സഭയ്ക്കില്ല. എന്തിനും സജ്ജരാക്കി നിര്‍ത്തുന്ന ഒരു സേനയെ ഒരുക്കുന്നത് സഭയ്ക്ക് യോജിച്ചതുമല്ല. വിണു കിടക്കുന്നവനെ താങ്ങാന്‍ എന്തിനാണ് സേന. അതിന് ത്യാഗസന്നദ്ധമായ ഒരു മനസ് മതിയാകും.

ക്രൈസ്തവ സഭയും പുരോഹിതരും സമൂഹത്തിലെ നിരാലംബരമായ മനുഷ്യര്‍ക്ക് കൈത്താങ്ങ് ആകുന്നത് ഇത് ആദ്യ സംഭവമല്ല. സഭ ഉണ്ടായ നാള്‍ മുതല്‍ ആതുരസേവനവും ശുശ്രൂഷയും കൂടെ തന്നെ ഉണ്ട്. അത് ജാതിയോ മതമോ നോക്കിയല്ല. സഭയുടെ മൂല്യവും സഹജീവിയോടുള്ള കരുണയുമാണ് അതിന് ഓരോ ക്രൈസ്തവനേയും പ്രാപ്തനാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.