പെഗാസസ് വിഷയം: കേന്ദ്രത്തിന് വിമര്‍ശനം; സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ മൂന്നംഗ സമിതി അന്വേഷിക്കും

പെഗാസസ് വിഷയം: കേന്ദ്രത്തിന് വിമര്‍ശനം; സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ മൂന്നംഗ സമിതി അന്വേഷിക്കും

'വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്'

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ സുപ്രീം കോടതിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ വിദഗ്‌ദ്ധ സമിതി അന്വേഷിക്കും. മുന്‍ ജസ്റ്റിസ് വി ആര്‍ രവീന്ദ്രന്റെ നേതൃത്വത്തിലായിരിക്കും സമിതി രൂപീകരിക്കുക. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമാ കൊഹ്‌ലി എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

കേന്ദ്ര സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി ദേശീയ സുരക്ഷ പറഞ്ഞ് എല്ലാ കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി. ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടിട്ടും വളരെ കുറച്ച്‌ വിവരങ്ങള്‍ കൈമാറാന്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായതെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ വിവാദത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ കോടതി ഭരണഘടന തത്വങ്ങള്‍ ഉയര്‍ത്തിപിടിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വിവരസാങ്കേതിക വളര്‍ച്ചയുടെ കാലത്ത് വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകര്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും സ്വകാര്യത ബാധകമാണെന്നും കോടതി പറഞ്ഞു.

അതേസമയം സ്വന്തം നിലയില്‍ സാങ്കേതിക വിദഗ്‌ദ്ധ സമിതിയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചേക്കുമെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ തന്നെ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. ഇതിനുപുറമേ ഇസ്രയേല്‍ ചാര സോഫ്റ്റ്‌ വെയറായ പെഗാസസ് ഉപയോഗിച്ച്‌ ചോര്‍ത്തിയ വിവരങ്ങള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എന്‍ റാം, ശശികുമാര്‍, ജോണ്‍ ബ്രിട്ടാസ് എം പി എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സര്‍പ്പിച്ചത്. അതേസമയം പെഗാസസ് ചാര സോഫ്ട്‌ വെയര്‍ ഉപയോഗിച്ചോയെന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ കോടതിക്ക് മറുപടി നല്‍കിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.