അന്താരാഷ്ട്ര സമ്മര്‍ദ്ദം ഏറുന്നു; സുഡാനിലെ പട്ടാള ഭരണകൂടം പ്രധാനമന്ത്രിയെ തടവില്‍ നിന്ന് വിട്ടു

അന്താരാഷ്ട്ര സമ്മര്‍ദ്ദം ഏറുന്നു; സുഡാനിലെ പട്ടാള  ഭരണകൂടം പ്രധാനമന്ത്രിയെ തടവില്‍ നിന്ന് വിട്ടു


ഖാര്‍ട്ടോം: അട്ടിമറിയിലൂടെ സുഡാനില്‍ അധികാരം പിടിച്ചെടുത്ത സൈനിക നേതൃത്വം അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിനു വഴങ്ങി, പ്രധാനമന്ത്രി അബ്ദള്ള ഹംദോക്കിനെ തടവില്‍ നിന്ന് മോചിപ്പിച്ചു. രാജ്യം അതീവ സംഘര്‍ഷാവസ്ഥ നേരിടവേ ഹംദോക്കിനെയും ഭാര്യയെയും ഒരു ദിവസത്തിലേറെ തടവില്‍ വച്ചശേഷം അവരെ വീട്ടിലേക്കു മടങ്ങാന്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം അനുവദിച്ചു.

സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രധാനമന്ത്രിയും ഭാര്യയും സുഡാനിന്റെ തലസ്ഥാനമായ ഖാര്‍ട്ടോമിലെ വീട്ടില്‍ കനത്ത സുരക്ഷയിലാണെന്നും അട്ടിമറി നടന്ന ദിവസം അറസ്റ്റിലായ മറ്റ് സിവിലിയന്‍ ഉദ്യോഗസ്ഥര്‍ തടങ്കലില്‍ തുടരുകയാണെന്നും അവരുടെ സ്ഥലങ്ങള്‍ അജ്ഞാതമാണെന്നും ഹംദോക്കിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.ഹംദോക്കിനെ ഉടന്‍ മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ജനാധിപത്യ അനുകൂല പ്രകടനക്കാര്‍ പലയിടത്തും തെരുവിലിറങ്ങി. തലസ്ഥാനത്ത് സൈന്യം ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തു. നാല് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. ആഭ്യന്തരയുദ്ധം ഒഴിവാക്കാന്‍ സൈന്യം നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ പറഞ്ഞു.ഹംദോക്കിന്റെ സുരക്ഷയ്ക്കായാണ് അദ്ദേഹത്തെ വീട്ടില്‍ തടവിലാക്കിയിട്ടുള്ളതെന്ന് ജനറല്‍ അറിയിച്ചു.

അതേസമയം, കസ്റ്റഡിയില്‍ നിന്ന് മോചിതനായതിന് ശേഷം ഹംദോക്കുമായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ സംസാരിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.തടങ്കലില്‍ കഴിയുന്ന എല്ലാ സിവിലിയന്‍ നേതാക്കളെയും മോചിപ്പിക്കാന്‍ അദ്ദേഹം സുഡാനീസ് സൈന്യത്തോട് ആവശ്യപ്പെടുകയും സുഡാനില്‍ ജനാധിപത്യത്തിലേക്കു സിവിലിയന്‍ നേതൃത്വത്തിലുള്ള പരിവര്‍ത്തന ദൗത്യത്തെ യുഎസ് പിന്തുണയ്ക്കുന്നുവെന്ന് ഊന്നിപ്പറയുകയും ചെയ്തു.സുഡാനിലേക്കുള്ള 700 മില്യണ്‍ ഡോളറിന്റെ അടിയന്തര സഹായം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് വാഷിംഗ്ടണ്‍ പ്രഖ്യാപിച്ചിരുന്നു. സുഡാനില്‍ വലിയ സ്വാധീനം ചെലുത്തിവരുന്ന സൗദി അറേബ്യയിലെ ഉന്നത കേന്ദ്രവുമായി ബ്ലിങ്കന്‍ സംസാരിച്ചതായും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

സുഡാനിലെ പട്ടാള അട്ടിമറി അന്താരാഷ്ട്ര തലത്തില്‍ അപലപിക്കപ്പെട്ടിരുന്നു.സുഡാനുള്ള സഹായം നിര്‍ത്തിവയ്ക്കുമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും മുന്നറിയിപ്പു നല്‍കുകയും ചെയ്തു.രണ്ട് വര്‍ഷം മുമ്പ് നടന്ന ജനകീയ പ്രക്ഷോഭത്തില്‍ ദീര്‍ഘകാല നേതാവായ ഒമര്‍ അല്‍ ബഷീറിനെ അട്ടിമറിച്ചാണ് ഹംദോക്ക് പ്രധാനമന്ത്രിയായത്. സുഡാനിലെ ജനാധിപത്യത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ഗതിയിലും വേഗത്തിലും സൈനിക നേതൃത്വം അസ്വസ്ഥത പ്രകടമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.