'ഈ ലോകത്ത് ഞങ്ങള്‍ ഒറ്റയ്ക്കല്ല. ചൈനയെ ചെറുക്കും': യു.എസ് പിന്തുണയില്‍ വിശ്വാസമര്‍പ്പിച്ച് തായ് വാന്‍

'ഈ ലോകത്ത് ഞങ്ങള്‍ ഒറ്റയ്ക്കല്ല. ചൈനയെ ചെറുക്കും': യു.എസ് പിന്തുണയില്‍ വിശ്വാസമര്‍പ്പിച്ച് തായ് വാന്‍


തായ്പേയ്/വാഷിങ്ടണ്‍:തായ് വാനെതിരെ ചൈനയുടെ ഭീഷണി ആവര്‍ത്തിക്കുന്നതിനിടെ രാജ്യത്തെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിലുള്ള ആത്മവിശ്വാസം പരസ്യമായി സമ്മതിച്ച് പ്രസിഡന്റ് സായ് ഇംഗ് വെന്‍. ചൈനയുടെ കുതന്ത്രങ്ങള്‍ വിലപ്പോവില്ലെന്ന് വിദേശ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. നിരന്തരമായി അതിര്‍ത്തി ലംഘനങ്ങളും വ്യോമാക്രമണ ഭീഷണിയും നടത്തുന്ന ചൈനീസ് ഭരണകൂടത്തിനെതിരെയാണ് തായ് വാന്‍ പ്രസിഡന്റ് ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്.

ബീജീംഗില്‍ നിന്നും വ്യോമതിര്‍ത്തി ലംഘിച്ച് ജെറ്റ് വിമാനങ്ങള്‍ പറക്കുകയാണ്. ചൈനയുടെ നാവികപ്പട തങ്ങളുടെ സമുദ്രതീരങ്ങളും ലംഘിക്കുന്നുണ്ട്. അമേരിക്കയുടെ സമയോചിതമായ ഇടപെടലുകളെ ഏറെ പ്രാധാന്യ ത്തോടെയാണ് തായ് വാന്‍ കാണുന്നത്. ലോകരാജ്യങ്ങളുടെ പിന്തുണയും തങ്ങളുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതായി സായ് ഇംഗ് പറഞ്ഞു.അമേരിക്കന്‍ സൈനികര്‍ തായ് വാനില്‍ താമസിച്ച് തങ്ങളുടെ സൈനികര്‍ക്കു പരിശീലനം നല്‍കുന്നുണ്ടെന്നു സമ്മതിച്ച പ്രസിഡന്റ് അതേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പരസ്യമാക്കിയില്ല.

തായ് വാന്റെ അഖണ്ഡത നിലനിര്‍ത്തും. ഈ ലോകത്ത് ഞങ്ങള്‍ ഒറ്റയ്ക്കല്ല. ഒരു രാജ്യമായി നിലനില്‍ക്കുവാനുള്ള തായ് വാന്റെ അവകാശത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ അധികാരമില്ല. ഞങ്ങള്‍ തികഞ്ഞ ജനാധിപത്യരാജ്യമാണ്. ഞങ്ങള്‍ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നു- സായ് ഇംഗ് പറഞ്ഞു.

ബൈഡന്റെ വാക്കുകളില്‍
അമര്‍ഷവുമായി ചൈന


ചൈന അക്രമിച്ചാല്‍ തായ് വാനെ സംരക്ഷിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.വിഷയത്തില്‍ യു.എസ്. ദീര്‍ഘനാളായി തുടരുന്ന മൗനംവെടിഞ്ഞായിരുന്നു ബൈഡന്റെ പ്രതികരണം.'ബെയ്ജിങ്ങില്‍നിന്ന് സൈനികവും രാഷ്ട്രീയവുമായി സമ്മര്‍ദം നേരിടുന്ന തായ്വാനെ സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിബദ്ധരാണ്. ചൈന ശക്തി വര്‍ധിപ്പിക്കുന്നതില്‍ ആശങ്കയില്ല. ലോകചരിത്രത്തിലെ ഏറ്റവും ശക്തമായ സൈന്യം അമേരിക്കയുടേതാണെന്ന കാര്യം ചൈനയ്ക്കും റഷ്യക്കും മറ്റ് ലോകരാജ്യങ്ങള്‍ക്കുമറിവുണ്ടെ'ന്നും ബൈഡന്‍ പറഞ്ഞു.

അതേസമയം, ബൈഡന്റെ വാക്കുകളില്‍നിന്ന് പിന്നോക്കം പോയ വൈറ്റ്ഹൗസ് വക്താവ് തായ് വാന്‍ വിഷയത്തില്‍ അമേരിക്കയുടെ നിലപാടുകളില്‍ മാറ്റംവരുത്തിയിട്ടില്ലെന്ന് പിന്നീടു പ്രതികരിച്ചു. ചൈനയെ സ്വയം പ്രതിരോധിക്കാന്‍ തങ്ങള്‍ സജ്ജരാണെന്നാണ്് യു.എസ്. പിന്തുണയെ സ്വാഗതം ചെയ്തുകൊണ്ട് തായ് വാന്‍ പറഞ്ഞത്.

ബൈഡന്റെ പ്രസ്താവനയില്‍ ചൈന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. തങ്ങള്‍ക്ക് സുപ്രധാനമായ വിഷയങ്ങളില്‍ ഒരു തരത്തിലുള്ള ഇളവുകളും ചൈന വരുത്തില്ലെന്ന കടുത്ത വാക്കുകള്‍ വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ പറയുകയും ചെയ്തു. തയ്വാന്‍ വിഷയത്തില്‍ അമേരിക്ക ശ്രദ്ധിച്ച് പ്രസ്താവനകള്‍ നടത്തണം. പ്രകോപനപരമായ പ്രസ്താവനകള്‍ അമേരിക്ക-ചൈന ബന്ധത്തെയും തായ് വാന്‍ കടലിടുക്കിലെ സമാധാനത്തെയും ബാധിക്കുമെന്ന മുന്നറിയിപ്പു നല്‍കാനും വാങ് മുതിര്‍ന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.