നിഗൂഢതകളുടെ ചെപ്പുതുറന്ന് നാസയുടെ ജൂണോ; വ്യാഴത്തിലെ കൊടുങ്കാറ്റിന് 16000 കിലോമീറ്റര്‍ വിസ്തൃതി

നിഗൂഢതകളുടെ ചെപ്പുതുറന്ന് നാസയുടെ ജൂണോ; വ്യാഴത്തിലെ കൊടുങ്കാറ്റിന് 16000 കിലോമീറ്റര്‍ വിസ്തൃതി

വാഷിംഗ്ടണ്‍: സൗരയൂഥത്തിലെ നിഗൂഢ ഗ്രഹമായ വ്യാഴത്തെക്കുറിച്ച് സുപ്രധാന കണ്ടെത്തലുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി. നാസ അയച്ച ജൂണോ പേടകമാണ് നിഗൂഢതകളിലേക്കു വെളിച്ചം വീശുന്ന പുതിയ കണ്ടെത്തല്‍ നടത്തിയത്. വ്യാഴത്തിന്റെ പ്രക്ഷുബ്ധവും അത്ഭുതകരവുമായ അന്തരീക്ഷത്തെക്കുറിച്ചും അതിലെ ചുവന്ന പൊട്ടിനെക്കുറിച്ചുമുള്ള നിര്‍ണായക വിവരങ്ങളാണു ശാസ്ത്രസംഘത്തിന് ലഭിച്ചത്.

ജൂണോയില്‍ നിന്നുള്ള നിരീക്ഷണ ഉപകരണങ്ങളുടെ സഹായത്തോടെ ശാസ്ത്രജ്ഞര്‍ ആദ്യമായി വ്യാഴത്തിന്റെ അന്തരീക്ഷത്തിന്റെ ത്രിമാന ദൃശ്യവും സൃഷ്ടിച്ചു.

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തില്‍ കാണുന്ന ചുവന്ന പൊട്ട് (ഗ്രേറ്റ് റെഡ് സ്‌പോട്ട്) ഭൂമിയെപ്പോലും വിഴുങ്ങാന്‍ കെല്‍പ്പുള്ള ഭീമന്‍ ചുഴലിെക്കാടുങ്കാറ്റാണ്. മേഘങ്ങള്‍ക്കു താഴെയായി ഇവയുടെ ആഴവും വ്യാപ്തിയും അതിശയകരമാംവിധം വര്‍ധിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. പുതിയ കണ്ടെത്തല്‍ അനുസരിച്ച് ഈ ഗ്രഹത്തില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിന് പ്രതീക്ഷിച്ചതിലും വളരെ ആഴമുണ്ട്. ഈ ചുവന്ന പൊട്ട് കൂടുതല്‍ താഴേക്ക് അമരുകയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

350 മുതല്‍ 500 കിലോമീറ്റര്‍ വരെ ആഴമുള്ളവയാണ് വര്‍ണാഭമായ ഈ ചുഴലിക്കാറ്റ്. കൊടുങ്കാറ്റ് ചുരുങ്ങുകയാണെങ്കിലും ഇപ്പോഴും 16000 കിലോമീറ്റര്‍ വിസ്തൃതിയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പ്രധാനമായും ഹൈഡ്രജനും ഹീലിയവും നിറഞ്ഞ വാതകഭീമനാണ് വ്യാഴം. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് നാസ അടക്കമുള്ള വിവിധ രാജ്യങ്ങളിലെ ശാസ്ത്രസംഘം അതീവ പ്രധാന്യമാണ് കല്‍പ്പിക്കുന്നത്.

വ്യാഴത്തിന്റെ നിഗൂഡതകളിലേക്കു വെളിച്ചം വീശുന്ന ആഴത്തിലുള്ള പഠനമാണ് നടക്കുന്നതെന്ന് സൗത്ത് വെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലീഡ് സയന്റിസ്റ്റായ സ്‌കോട്ട് ബോള്‍ട്ടണ്‍ പറഞ്ഞു.

ജൂണോ പേടകത്തിലെ മൈക്രോവേവ് റേഡിയോമീറ്റര്‍ ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് ചുഴലിക്കാറ്റിന്റെ ഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. സൗരയൂഥത്തിലെ ഏറ്റവും വലുതും ശക്തിയേറിയതുമായ ചുഴലിക്കാറ്റാണ് വ്യാഴത്തിലെ ചുവന്ന പൊട്ട് എന്നാണ് നിഗമനം.

വൈകാതെ ജൂണോ പേടകം ധ്രുവക്കാറ്റുകളുടെ ആഴം അളക്കുന്ന പഠനം ആരംഭിക്കും. അതുവഴി വ്യാഴത്തിന്റെ മേഘപാളികള്‍ക്കു തൊട്ടുതാഴെയുള്ള വിവരങ്ങള്‍ കൂടുതല്‍ അറിയാനാകും.

2011 ഓഗസ്റ്റ് അഞ്ചിനാണ് ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തില്‍നിന്ന് ജൂണോയെ നാസ വിക്ഷേപിച്ചത്. 2016-ലാണ് വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷണം അതിജീവിച്ചാണ് പേടകം ഭ്രമണപഥത്തിലേക്കു പ്രവേശിച്ചത്.
ഇവിടുത്തെ അന്തരീക്ഷത്തെക്കുറിച്ചുള്ള പഠനം, ഗുരുത്വാകര്‍ഷണ മേഖലയുടെയും കാന്തികമേഖലയുടെയും വ്യാപ്തി കണക്കാക്കുക എന്നിവയാണ് ജൂണോയുടെ പ്രധാന ലക്ഷ്യം. 2025 വരെ ദൗത്യത്തിന്റെ കാലാവധി നാസ നീട്ടിയിട്ടുണ്ട്. റോമന്‍ ദേവനായ ജൂപിറ്ററിന്റെ ഭാര്യയും സഹോദരിയുമായിരുന്ന ജൂണോ ദേവതയുടെ പേരാണ് ദൗത്യത്തിന് ഇട്ടിരിക്കുന്നത്.

സൗരയൂഥത്തില്‍ സൂര്യനില്‍നിന്ന് അഞ്ചാമതായാണ് വ്യാഴത്തിന്റെ സ്ഥാനം. ഇതുവരെ എന്താണ് വ്യാഴമെന്ന് ആര്‍ക്കും കൃത്യമായ അറിവില്ല. വ്യാഴത്തിനുള്ളില്‍ കുറഞ്ഞത് 1000 ഭൂമികളെയെങ്കിലും ഉള്‍ക്കൊള്ളാനാകും. സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളും ചേര്‍ത്തുവച്ചാലും വ്യാഴത്തിന്റെ മൂന്നില്‍ രണ്ടുഭാഗമേ ആകുകയുള്ളൂ. സൂര്യനില്‍ നിന്നുള്ള റേഡിയേഷന്‍ ഏറ്റവും അധികം അനുഭവിക്കുന്നത് വ്യാഴമാണ്. സ്വന്തം അച്ചുതണ്ടില്‍ ഏറ്റവും വേഗത്തില്‍ ഭ്രമണം ചെയ്യുന്ന ഗ്രഹം വ്യാഴം ആണ്. വ്യാഴത്തിലെ ഒരു ദിവസം ഭൂമിയിലെ 9.30 മണിക്കൂര്‍ ആണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.