ചുവന്ന കഫിയ ധരിച്ചെത്തി പാലസ്തീന്‍ അനുകൂല പ്രസംഗം: ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് വിലക്കി എംഐടി

ചുവന്ന കഫിയ ധരിച്ചെത്തി പാലസ്തീന്‍ അനുകൂല പ്രസംഗം: ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് വിലക്കി എംഐടി

വാഷിങ്ടൺ ഡിസി: പാലസ്തീന്‍ അനുകൂല പ്രസംഗം ചർച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചതിന് പിന്നാലെ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി മേഘാ വെമുരിക്കെതിരേ നടപടിയെടുത്ത് മാസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി).

ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മേഘയെ വിലക്കി. ഔദ്യോഗിക ബിരുദദാന ചടങ്ങിന് മുന്നോടിയായി വ്യാഴാഴ്ച നടന്ന വണ്‍ എംഐടി കമന്‍സ്‌മെന്റ് സെറിമണിയില്‍ നടത്തിയ പ്രസംഗത്തിൽ മേഘ ഇസ്രയേലിനെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച നടന്ന ബിരുദദാനച്ചടങ്ങില്‍നിന്ന് മേഘയെ വിലക്കിയതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ വംശജയായ മേഘ എംഐടിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് + ന്യൂറോസയന്‍സ്, ലിംഗ്വിസ്റ്റിക്‌സ് എന്നിവയിലാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. ജോര്‍ജിയയിലെ ആല്‍ഫ്രെറ്റ സ്വദേശിനിയാണ്.

പാലസ്തീനോടുള്ള ഐക്യദാര്‍ഢ്യം സൂചിപ്പിക്കാന്‍ ചുവന്ന കഫിയ ധരിച്ചുകൊണ്ടായിരുന്നു വ്യാഴാഴ്ചത്തെ മേഘയുടെ പ്രസംഗം. എംഐടിക്ക് ഇസ്രയേല്‍ സൈന്യവുമായുള്ള ഗവേഷണ മേഖലയിലെ ബന്ധത്തെയും അവര്‍ വിമര്‍ശിച്ചു. ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടിയെ വംശഹത്യയെന്നാണ് മേഘ വിശേഷിപ്പിച്ചത്. കഴിഞ്ഞ കൊല്ലം ഗാസയിലെ ഇസ്രയേല്‍ നടപടിക്കെതിരേ ക്യാമ്പസില്‍ നടന്ന പ്രതിഷേധങ്ങളെ കുറിച്ചും അവര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.