ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി

വത്തിക്കാന്‍ സിറ്റി:  ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മാര്‍പാപ്പ അനുകൂല മറുപടി നല്‍കിയെങ്കിലും എപ്പോഴാകും സന്ദര്‍ശനമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇന്ത്യയില്‍ ക്രൈസ്തവര്‍ നേരിട്ടുവരുന്ന വിവിധ പ്രശ്നങ്ങള്‍ മാര്‍പ്പാപ്പ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി, പരിഹാരമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

അര മണിക്കൂറാണ് കൂടിക്കാഴ്ചയ്ക്കു മാറ്റിവച്ചിരുന്നതെങ്കിലും ഊഷ്മളാന്തരീക്ഷത്തില്‍ ആശയ വിനിമയം നീണ്ടപ്പോള്‍ ഒരു മണിക്കൂറിലധികം സമയമെടുത്തു. ലോക സമാധാനം, കാലാവസ്ഥാ വ്യതിയാനം, കോവിഡ് പ്രതിരോധം, മതപീഡനങ്ങള്‍, മനുഷ്യാവകാശ സംരക്ഷണം, ഭക്ഷ്യ ക്ഷാമം തുടങ്ങിയ ആഗോള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം മാര്‍പാപ്പയെ സന്ദര്‍ശിച്ച് 75 മിനിറ്റ് നടത്തിയ ആശയ വിനിമയത്തിലും ഈ വിഷയങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം.


കൂടിക്കാഴ്ച്ചയ്‌ക്കെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിക്കുന്നു.

സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു സമീപമുള്ള വത്തിക്കാന്‍ പാലസിലെ മാര്‍പ്പാപ്പയുടെ സ്വകാര്യ ലൈബ്രറിയില്‍ ആയിരുന്നു കൂടിക്കാഴ്ച. വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയത്ര പരോളിന്‍ സന്നിഹിതനായിരുന്നു. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും മോഡിയുടെ ഒപ്പമുണ്ടായിരുന്നു. ഇന്ത്യയിലെ കോവിഡ് സാഹചര്യം കൂടിക്കാഴ്ചയില്‍ സവിശേഷ ചര്‍ച്ചയായി. കോവിഡിന്റെ രണ്ട് തരംഗങ്ങളെ രാജ്യം എങ്ങനെ അതിജീവിച്ചുവെന്ന് മോഡി മാര്‍പാപ്പയോട് വിശദീകരിച്ചു.

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോഡി റോമിലെത്തിയത്. മാര്‍പാപ്പയെ സന്ദര്‍ശിച്ച ശേഷം വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി ഉള്‍പ്പെട്ട പ്രതിനിധി സംഘവുമായി മോഡിയും സംഘവും തുടര്‍ കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി മോഡിയും ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമാണ് വിദേശമാധ്യമങ്ങളും നല്‍കുന്നത്. മോഡിയും മാര്‍പാപ്പയും തമ്മില്‍ യോജിപ്പുള്ളതിനേക്കാള്‍ വിയോജിപ്പുള്ള വിഷയങ്ങളാണ് കൂടുതലെന്ന് ചില മാധ്യമങ്ങള്‍ വിലയിരുത്തിയിരുന്നു. കൂടിക്കാഴ്ചയിലെ ചര്‍ച്ചാവിഷയങ്ങളേക്കാള്‍, ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി ക്ഷണിക്കുമോയെന്നതു തന്നെയായിരുന്നു മുന്‍കൂര്‍ വാര്‍ത്തകളിലെ പ്രധാന വിഷയം.

മാര്‍പാപ്പയെ വത്തിക്കാനില്‍ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോഡി. 1955 ജൂണില്‍ ജവാഹര്‍ലാല്‍ നെഹ്റു പിയൂസ് 12-ാമന്‍ പാപ്പയെ സന്ദര്‍ശിച്ച് ആദരം അര്‍പ്പിച്ചിരുന്നു. 1981 നവംബറില്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇറ്റലി സന്ദര്‍ശിച്ചപ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. 1997 സെപ്റ്റംബറില്‍ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളും 2000 ജൂണില്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയും ജോണ്‍ പോള്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു.

1964ല്‍ അന്തര്‍ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ മുംബൈയില്‍ വന്നിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1986 ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയപ്പോള്‍ കേരളം ഉള്‍പ്പെടെ സന്ദര്‍ശിച്ചു. 1999 നവംബറില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വീണ്ടും ഇന്ത്യയില്‍ വന്നു. ഓസ്ട്രേലിയയില്‍ ആഗോള യുവജന സമ്മേളനത്തില്‍ സംബന്ധിക്കാനുള്ള യാത്രാമധ്യേ ബനഡിക്ട് 16 ാമന്‍ മാര്‍പ്പാപ്പ ഇന്ത്യയില്‍ ഒരു ദിവസം സന്ദര്‍ശനം നടത്തുന്നതിന് വത്തിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നു. പക്ഷേ, തുടര്‍ നടപടികള്‍ മുന്നേറിയില്ല.

ഇന്ത്യയോടുള്ള പ്രത്യേക മമത പ്രകടിപ്പിക്കാറുള്ള ഫ്രാന്‍സിസ് മാര്‍പാപ്പ ഇവിടെ വരാന്‍ പലപ്പോഴായി താല്‍പര്യമറിയിച്ചിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ താന്‍ ഇന്ത്യയിലെ ജനതയെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തുന്നുവെന്ന് കഴിഞ്ഞ മേയില്‍ സിബിസിഐ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വള്‍ഡ് ഗ്രേഷ്യസിന് അയച്ച സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ 'ലെറ്റ് അസ് ഡ്രീം ദ് പാത്ത് ഫോര്‍ എ ബെറ്റര്‍ ഫ്യൂച്ചര്‍' എന്ന പുസ്തകത്തില്‍, അകലത്തുള്ളവരെ അരികിലും അപരിചിതനെ സോദരനുമാക്കിയതിനു ദൈവത്തിനു നന്ദി പറയുന്ന, രവീന്ദ്രനാഥ ടഗോറിന്റെ ഗീതാജ്ഞലിയിലെ വാക്കുകള്‍ മാര്‍പ്പാപ്പ ഉദ്ധരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.