കാബൂള്‍: വിവാഹ പാര്‍ട്ടിയിലെ സംഗീതം അവസാനിപ്പിക്കാന്‍ താലിബാന്‍ 13 പേരെ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്റെ മുന്‍ വൈസ് പ്രസിഡന്റായ അമറുള്ള സലേയാണ് താലിബാന്റെ ക്രൂരകൃത്യത്തേക്കുറിച്ച് ട്വിറ്ററില്‍ വിശദമാക്കിയത്. കാബൂളിനോട് ചേര്‍ന്നുള്ള അഫ്ഗാനിസ്ഥാന്‍ പ്രവിശ്യയായ നാന്‍ഗ്രഹറിലാണ് ക്രൂരമായ കൊലപാതകം നടന്നതെന്നാണ് അമറുള്ള സലേ ആരോപിക്കുന്നത്. ട്വിറ്ററിലൂടെയാണ് സലേ കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
വെള്ളിയാഴ്ച വിവാഹവേദിയിലുണ്ടായ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് രണ്ടു പേരെ താലിബാന്‍ അറസ്റ്റ് ചെയ്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് തോക്കുധാരികളില്‍ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. താലിബാന്‍കാരെന്ന് വ്യക്തമാക്കിയ ശേഷം അക്രമികള്‍ വെടിയുതിര്‍ത്തതായാണ് വിവരം.
താലിബാന്റെ ഭരണത്തിനെതിരേ അപലപിച്ചതുകൊണ്ടു മാത്രമായില്ലെന്നും ഒന്നിച്ചുള്ള പ്രതിരോധമാണ് വേണ്ടതെന്നും അമറുള്ള ട്വീറ്റ് ചെയ്തു. പാകിസ്ഥാനെതിരെയും അദ്ദേഹം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. ഇത്തരം കൊലപാതകങ്ങള്‍ക്ക് പാകിസ്ഥാനാണ് ഉത്തരവാദിയെന്നും അമറുള്ള ആരോപിക്കുന്നു.
അഫ്ഗാനിസ്ഥാനിലെ സംസ്‌കാരവും ആളുകളെയും നശിപ്പിക്കാനാണ് കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി പാകിസ്ഥാന്‍ താലിബാനെ പഠിപ്പിച്ചത്. നമ്മുടെ മണ്ണ് നിയന്ത്രണത്തിലാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇപ്പോഴാണ് അതെല്ലാം പ്രാവര്‍ത്തികമാകുന്നത്. താലിബാന്റെ ഭരണം ഏറെക്കാലമുണ്ടാകില്ല. എന്നാല്‍ അതുവരെ അഫ്ഗാനിസ്ഥാനിലുള്ളവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അമറുള്ള സലേ ട്വിറ്ററില്‍ വിശദമാക്കി. ഓഗസ്റ്റ് 15നാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തത്.
അതിന് പിന്നാലെ സംഗീതത്തെയും സംഗീതജ്ഞരെയും താലിബാന്‍ ആക്രമിക്കുന്ന നിരവധി സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെപ്തംബര്‍ നാലിനാണ് ആയുധധാരികളായ താലിബാന്‍കാര്‍ അഫ്ഗാനിസ്ഥാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് അടച്ചുപൂട്ടിയത്. അഫ്ഗാനിസ്ഥാനിലെ പ്രമുഖനായ നാടോടി സംഗീതജ്ഞനായ ഫവാദ് അന്തറാബിയെ രണ്ട് ആഴ്ചകള്‍ക്ക് മുന്‍പാണ് താലിബാന്‍ വെടിവച്ചുകൊന്നത്. കാബൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു റിക്കോര്‍ഡിംഗ് സ്റ്റുഡിയോയിലെ മുഴുവന്‍ ഉപകരണങ്ങളും താലിബാന്‍ നശിപ്പിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്.
ന്യൂയോര്‍ക്ക് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ താലിബാന്‍ വക്താവായ സബിഹുള്ള മുജാഹിദ് വ്യക്തമാക്കിയത് ഇസ്ലാമില്‍ സംഗീതം നിഷിദ്ധമാണ് എന്നായിരുന്നു. ആളുകളെ സമ്മര്‍ദ്ദത്തിലാക്കാതെ അത് പിന്തുടരാന്‍ പ്രേരിപ്പിക്കുമെന്നായിരുന്നു സംഗീതത്തിനുള്ള വിലക്ക് സംബന്ധിച്ച് താലിബാന്റെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.