വത്തിക്കാന്‍ സിറ്റി: ദൈവത്തോടും അയല്‍ക്കാരനോടുമുള്ള കലവറയില്ലാത്ത സ്‌നേഹം വ്യക്തിത്വത്തില്‍ ജ്വലിക്കേണ്ടതിന്റെ ആവശ്യകത യേശു ചൂണ്ടിക്കാട്ടിയത് ഓരോരുത്തരും തിരിച്ചറിയണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കര്‍ത്താവിനോടുള്ള നമ്മുടെ സ്‌നേഹവും ജീവിത യാത്രയില്‍ കണ്ടുമുട്ടുന്നവര്‍ക്ക് നമ്മള്‍ ചെയ്തുകൊടുക്കുന്ന നന്മയും എത്രത്തോളമെന്ന് ഓരോ ദിവസവും സ്വയം ചോദിച്ചുകൊണ്ടിരിക്കണമെന്നും ഞായറാഴ്ച പ്രസംഗത്തില്‍ മാര്‍പാപ്പ പറഞ്ഞു.
ഏത് കല്‍പ്പനയ്ക്കാണു മുന്‍തൂക്കമെന്നറിയാന്‍ നിയമജ്ഞന്‍ യേശുവിനെ സമീപിച്ച സുവിശേഷ ഭാഗമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യാഖ്യാനിച്ചത്. തിരുവെഴുത്തുകള്‍ പ്രകാരം യേശു ചൂണ്ടിക്കാട്ടിയ ഒന്നാമത്തെ കല്‍പ്പന ദൈവത്തെ സ്‌നേഹിക്കുക എന്നതായിരുന്നുവെങ്കില്‍, തന്നെപ്പോലെ തന്നെ അയല്‍ക്കാരനെ സ്‌നേഹിക്കുക എന്നതായിരുന്നു രണ്ടാമത്തേത്. യേശുവിന്റെ വാക്കുകള്‍ തിരിച്ചറിയുകയും അത് ആവര്‍ത്തിക്കുകയും ചെയ്തു നിയമജ്ഞന്‍. ദൈവവചനത്തിന്റെ ആവര്‍ത്തനം അതു സ്വായത്തമാകുന്നതിനു സഹായകമാകുമെന്ന് മാര്‍പ്പാപ്പ പറഞ്ഞു.'അത് ആവര്‍ത്തിക്കണം, സ്വന്തമാക്കണം, ഹൃദയത്തില്‍ സംരക്ഷിക്കപ്പെടണം.'
സന്യാസ പാരമ്പര്യ പ്രകാരം, ജീവനിലേക്ക് മുഴുവനായി ആഴ്ന്നിറങ്ങേണ്ടതാണ് ദൈവവചനമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നിരീക്ഷിച്ചു. കാരണം ജീവനെ സംബന്ധിച്ചിടത്തോളം വചനം 'ഏറ്റവും പോഷക സമൃദ്ധമാണ്'.അത് ജീവിതത്തിന്റെ എല്ലാ മേഖലകളെയും പരിപോഷിപ്പിക്കും.അതിന്റെ ധ്യാനത്തിലൂടെ ഹൃദയവും, ആത്മാവും, മനസ്സും ഏറ്റവും ശക്തമാകും.' വചനം നമ്മില്‍ പ്രതിഫലിക്കുകയും പ്രതിധ്വനിക്കുകയും വേണം - മാര്‍പ്പാപ്പ ഉദ്‌ബോധിപ്പിച്ചു. കര്‍ത്താവ് സ്വന്തം ഹൃദയത്തില്‍ വസിക്കുന്നു എന്ന് ബോധ്യം വന്ന നിയമജ്ഞനോട് യേശു പറഞ്ഞത് 'നീ ദൈവരാജ്യത്തില്‍ നിന്ന് അകലെയല്ല.'എന്നാണ്.
'വിദഗ്ദ്ധരായ തിരുവെഴുത്ത് വ്യാഖ്യാതാക്കളെ'ക്കാള്‍ തന്റെ വചനത്തെ സ്വാഗതം ചെയ്യുകയും ആന്തരിക പരിവര്‍ത്തനത്തിനു സ്വയം അനുവദിക്കുകയും ചെയ്യുന്ന 'വിനയമുള്ള ഹൃദയങ്ങളെ'യാണ് കര്‍ത്താവ് തിരയുന്നത്. ഇക്കാര്യം തിരിച്ചറിയണമെന്ന് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. സുവിശേഷം എല്ലായ്പ്പോഴും കൈയിലുണ്ടാകാന്‍ മാര്‍പ്പാപ്പ എല്ലാവരേയും പ്രോത്സാഹിപ്പിച്ചു.'അത് വീണ്ടും വീണ്ടും വായിക്കണം, അതില്‍ അഭിനിവേശമുള്ളവരായി മാറണം.അങ്ങനെ ചെയ്യുന്നതിലൂടെ, ദൈവവചനം നമ്മുടെ ഹൃദയത്തില്‍ ആഴത്തില്‍ വേരോടും. അവനിലൂടെ നമ്മളില്‍ ഫലമുളവാകും'.
ദൈവത്തെയും അയല്‍ക്കാരനെയും സ്‌നേഹിക്കേണ്ടതിന്റെ ആവശ്യകത വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുകയെന്നതിനപ്പുറമായി ഈ മഹത്തായ കല്‍പ്പന 'നമ്മില്‍ മുഴങ്ങാനും' 'നമ്മുടെ മനസ്സാക്ഷിയുടെ ശബ്ദമായി' മാറാനും നാം അനുവദിക്കണം: മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു. അതിനായാണ് പരിശുദ്ധാത്മാവ് വചനത്തിന്റെ വിത്ത് നമ്മില്‍ മുളപ്പിക്കുന്നത്. ദൈവം നല്‍കുന്ന സ്നേഹ വചനത്തിന്റെ അതുല്യമായ ആവിഷ്‌കാരം പ്രതിഫലിപ്പിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.