കയറുകെട്ടിയവരുടെ സംഘത്തെ നയിച്ച കേരള അസ്സീസി ദൈവദാസൻ പുത്തൻപറമ്പിൽ തൊമ്മച്ചൻ

കയറുകെട്ടിയവരുടെ സംഘത്തെ  നയിച്ച  കേരള അസ്സീസി  ദൈവദാസൻ പുത്തൻപറമ്പിൽ  തൊമ്മച്ചൻ

എടത്വാ തെക്കേടത്ത് പുത്തന്‍പറമ്പില്‍ പീലിപ്പോസ് -ത്രേസ്യാമ്മ ദമ്പതികളുടെ മകനായി ജൂലൈ 8 ന് പിറന്ന കുഞ്ഞാണ് കാലാന്തരത്തില്‍ ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ അഥവാ കേരള അസ്സീസി എന്നറിയപ്പെടുന്ന സഭാതാരമായി മാറിയത്.നന്നേ ചെറുപ്പത്തിലേ പിതാവ് നഷ്ടപെട്ട തൊമ്മച്ചനെ ഒരു സന്യാസിയായിക്കാണാൻ വിധവയായ അമ്മ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അമ്മയുടെ ആഗ്രഹമനുസരിച്ചു തൊമ്മച്ചന്‍ സന്യാസിയാകണം എന്ന തീരുമാനത്തിനു മാറ്റംവരുത്തി ഇരുപതാമത്തെ വയസ്സില്‍ വിവാഹംകഴിച്ചു തൊമ്മച്ചന്‍-അന്നമ്മ ദമ്പതികള്‍ക്ക് ഒരാണ്‍കുഞ്ഞിനെയും രണ്ടു പെണ്‍കുഞ്ഞുങ്ങളെയും നല്‍കി ദൈവം അനുഗ്രഹിച്ചു. പ്രായത്തിന്റെ തികവില്‍ അവരുടെ വിളിക്കനുസൃതമായ ജീവിതാന്തസ്സിലും പ്രവേശിപ്പിച്ചത്തിനു ശേഷം . തൊമ്മച്ചന്‍ താനാഗ്രഹിച്ച പ്രേഷിതവേലയും പടിപടിയായി വിപുലമാക്കിക്കൊണ്ടിരുന്നു.

വി. ഫ്രാന്‍സീസ് അസ്സീസിയുടെ ജീവത്തെകുറിച്ച് അറിഞ്ഞ് അതിൽ ആകൃഷ്ടനായ അദ്ദേഹത്തിൽ കുടുംബജീവിതക്കാര്‍ക്കായുള്ള ഫ്രാന്‍സിസ്‌കന്‍ അല്മായ സഭ(മൂന്നാംസഭ)യെക്കുറിച്ചുള്ള അറിവ് ചലനങ്ങളുളവാക്കി. മിശിഹായെ അനുകരിച്ചു കാണിച്ച വിശുദ്ധനായ ഫ്രാൻസിസ് അസ്സീസിയെ ഗുരുവായി സ്വീകരിച്ച് തൊമ്മച്ചൻ പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഇടയിലേക്ക് കടന്നു ചെന്നു. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് ശുശ്രൂഷാനിരതനായി തൊമ്മച്ചൻ നന്മകൾ ചെയ്തു മിശിഹായെ അനുധാവനം ചെയ്തു.

ജീവിതവിശുദ്ധിയും സുവിശേഷവേലയും പ്രേഷിതചൈതന്യവും കുടുംബജീവിതക്കാര്‍ക്ക് കൈയെത്താദൂരത്താണെന്നുള്ള മിഥ്യാധാരണ സ്വന്തം ജീവിതംകൊണ്ട് തൊമ്മച്ചന്‍ തിരുത്തിക്കുറിച്ചു. 1865 ഓടുകൂടി തൊമ്മച്ചന്റെ സുവിശേഷവേലയ്ക്ക് ഒരു സാമൂഹികമാനം കൈവന്നു. നാടുണര്‍ന്നു, അനുയായികള്‍ അനുദിനം വര്‍ദ്ധിച്ചു. ശക്തമായൊരു കൂട്ടായ്മ രൂപംപ്രാപിച്ചു. വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ പ്രബോധനങ്ങള്‍ പങ്കുവച്ചുകൊണ്ട് അവര്‍ രൂപീകരിച്ച 'കയര്‍കെട്ടിയവരുടെ സംഘം' ഫ്രാന്‍സിസ്‌കന്‍ അല്മായസഭയാക്കി മാറ്റിക്കൊണ്ട് 1868 ഡിസംബര്‍ 26ന് കുറുമ്പനാടം പള്ളിയില്‍വച്ച് പാലക്കുന്നേല്‍ മത്തായി മറിയം കത്തനാർ ഫ്രാൻസിസ്കൻ അല്മായസഭയുടെ ഔദ്യോഗികവേഷമായ നീണ്ട സഭാവസ്ത്രവും ചരടും നല്‍കി. തുടർന്നുള്ള തൊമ്മച്ചന്റെ ജീവിതം ഫ്രാൻസിസ്കൻ മൂന്നാം സഭയ്ക്കുവേണ്ടി മാത്രം മാറ്റിവച്ചതായിരുന്നു.ഏതാണ്ട് അൻപതിലധികം യൂണിറ്റുകളും മൂവായിരത്തിലധികം അംഗങ്ങളും അക്കാലത്ത് മൂന്നാം സഭയ്ക്ക് ഉണ്ടായിരുന്നു.പൂന്തോപ്പുപള്ളിയുടെ നിര്‍മ്മാണം, അഗതിമന്ദിരം, ദളിതര്‍ക്കു മതബോധനം, സുവിശേഷപ്രഘോഷണം, ജീവകാരുണ്യപ്രവൃത്തികള്‍ തുടങ്ങി വിവിധ മേഖലകളിലൂടെ തൊമ്മച്ചൻ മിശിഹായെ പകർന്നു നൽകി.

തൊമ്മച്ചന്റെ ജീവിതവിശുദ്ധി തൊട്ടറിഞ്ഞ സമയമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങൾ. തന്റെ മരണത്തെപ്പറ്റി തൊമ്മച്ചൻ മുൻ കൂട്ടി പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണം വളരെ ശാന്തമായ സന്തോഷകരമായ ഒരു കടന്നുപോകലായിരുന്നു. തന്റെ ആത്മീയ ഗുരുവും എടത്വ പള്ളി വികാരിയും പിന്നീട് ചങ്ങനാശേരി അതിരൂപതാധ്യക്ഷനുമായിത്തീർന്ന മാർ തോമസ് കുര്യാളശേരി ”തൊമ്മച്ചനെ ദൈവസന്നിധിയിൽ ഞാൻ”കാണുന്നു എന്ന പ്രസ്താവന തൊമ്മച്ചന്റെ വിശുദ്ധ ജീവിതത്തിന്റെ നേർസാക്ഷ്യമാണ്.

തൊമ്മച്ചന്റെ ജീവിതം അനേകം അൽമായ സഹോദരങ്ങളുടെ ജീവിതത്തെ ഉത്തേജിപ്പിച്ചു. കേരള അസീസി എന്ന അപരനാമത്തിറിയപ്പെടുന്ന തൊമ്മച്ചൻ 72–ാം വയസിൽ 1908 നവംബർ ഒന്നിന് ഇഹലോകവാസം വെടിഞ്ഞു.എടത്വാ സെന്റ് ജോര്‍ജ് പള്ളി സിമിത്തേരിയില്‍ ഈ പുണ്യാത്മാവിന്റെ കബറിടം സ്ഥിതിചെയ്യുന്നു. 2012 ജൂണ്‍ 29 ന് ഈ ധന്യാത്മാവിനെ ദൈവദാസനായി ഉയര്‍ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.