ആബേല്‍ അച്ചന്‍ എന്ന അനശ്വരനായ മനുഷ്യ സ്‌നേഹി ...!

ആബേല്‍ അച്ചന്‍  എന്ന അനശ്വരനായ മനുഷ്യ സ്‌നേഹി ...!

കൊച്ചി: കലാഭവന്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ മലയാളിയുടെ മനസില്‍ ഓടിയെത്തുന്നത് പുഞ്ചിരി തൂകി നില്‍ക്കുന്ന നിഷ്‌ക്കളങ്കമായ ആബേല്‍ അച്ചന്റെ മുഖമാണ്. താര രാജാക്കന്‍മാര്‍ പിറന്ന കലാഭവന്റെ സ്ഥാപകന്‍ ഫാദര്‍ ആബേലിന്റെ വേര്‍പ്പാടിനു ഇന്ന് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. 2001 ഒക്ടോബര്‍ 27നാണ് ആബേലച്ചന്‍ ഈ ലോകത്തോട് വിട പറഞ്ഞത്. ഹൃദയമുള്ള കലാകാരന്മാര്‍ 20 വര്‍ഷമായുള്ള ആബേലച്ചന്റെ വേര്‍പാട് എന്നും നഷ്ട ബോധത്തോടെയാണ് ഓര്‍ക്കുന്നത്.

എറണാകുളം ജില്ലയില്‍ മുളക്കുളം എന്ന ഗ്രാമത്തിലാണ് ആബേലച്ചന്റെ ജനനം. പെരിയപുരത്ത് മാത്തന്‍ വൈദ്യരുടേയും ഏലിയാമ്മയുടേയും മകനായി ജനിച്ച അദ്ദേഹത്തിന്റെ ആദ്യകാല നാമം മാത്യു എന്നായിരുന്നു. അള്‍ത്താരയിലെ വാനമ്പാടിയെന്നായിരുന്നു ഫാദര്‍ ആബേല്‍ അറിയിപ്പെട്ടിരുന്നത്. കലാഭവന്റെ സ്ഥാപകനായ അദ്ദേഹത്തിന്റെ തൂലികയിലൂടെ ആരാധനക്രമത്തിനും അനുദിന പ്രാര്‍ത്ഥനകള്‍ക്കും ഉള്‍പ്പെടെ ആയിരക്കണക്കിന് ഗാനങ്ങളാണ് പിറവിയെടുത്തത്. ക്രിസ്മസിനായി അദ്ദേഹമെഴുതിയ ഗാനങ്ങളും വളരെ പ്രശസ്തമാണ്.

1968ല്‍ തിരക്കേറിയ കൊച്ചി നഗരത്തിലെ ബ്രോഡ് വേയില്‍ ചെറിയൊരു മുറിയില്‍ ഒരു ഹാര്‍മോണിയവും രണ്ട് ഫിഡിലും മൂന്ന് വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഒരു പ്രസ്ഥാനമായിരുന്നു ക്രിസ്ത്യന്‍ ആര്‍ട്‌സ് ക്ലബ്. കേരളത്തിന്റെ കലാചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഭകളെ സമ്മാനിച്ച കലാഭവന്‍ എന്ന സ്ഥാപനത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു. ഫാദര്‍ ആബേല്‍ എന്ന പുരോഹിതന്റെ കലയോടുള്ള അടങ്ങാത്ത ആവേശത്തിന്റെയും ഇഷ്ടത്തിന്റെയും പ്രതിഫലനം. 1969ലാണ് കലാഭവന്‍ എന്ന പേര് സ്വീകരിച്ചത്.

അധ്യാപകനും പത്രപ്രവര്‍ത്തകനും സാഹിത്യകാരനും ആയിരുന്നു അദ്ദേഹം. കേരളത്തിന്റെ സിനിമാ നാടക, കലാ പരിപാടികളില്‍ വിപ്ലവ മാറ്റങ്ങള്‍ ഉണ്ടാക്കിയ കലാഭവന്‍ എന്ന സ്ഥാപകന്റെ ഓര്‍മ്മയ്ക്ക് മുന്‍പില്‍ ഒരു തിരി കത്തിക്കാന്‍ പോലും ആബേലച്ചന്‍ വളര്‍ത്തിയ അദ്ദേഹത്തിന്റെ സ്ഥാപനത്തിലൂടെ വളര്‍ന്ന ആരും വന്നില്ല എന്നത് ഖേദകരമാണ്.

ഗാന ഗന്ധര്‍വ്വന്‍ യേശുദാസിനു മുതല്‍ തുടക്കവും ചവിട്ട് പടിയും ആയിരുന്നു കലാഭവന്‍ എന്ന സ്ഥാപനം. യേശുദാസ് മാത്രമല്ല, ജയറാം, സിദ്ദിക്ക് ലാല്‍, ദിലീപ്, ഹരിശ്രീ അശോകന്‍, നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍, സൈയ്‌നുദ്ദീന്‍, അന്‍സാര്‍, കലാഭവന്‍ മണി ഇവരെല്ലാം മലയാളക്കരയില്‍ വളര്‍ന്ന് ജനഹൃദയം കീഴടക്കിയത് കലാഭവനിലൂടെ ആയിരുന്നു. ഇന്ന് കലാഭവന്‍ ആബേല്‍ അച്ചന്റെ ചരമദിനം എല്ലാവരും മറന്നുവെന്നു തോന്നു. വന്ന വഴി മറക്കുന്ന നന്ദി കേടുകള്‍ മനുഷ്യന്റെ കൂടപ്പിറപ്പാണല്ലോ.

കലയേയും കലാകാരനേയും സ്‌നേഹിച്ച ഫാദര്‍ ആബേല്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് കാര്യങ്ങളാണ് പകര്‍ന്നു നല്‍കിയത്. ഒന്ന് കലയെ സ്‌നേഹിക്കുക, രണ്ട് ജാതിയുടേയും മതത്തിന്റെയും സമ്പത്തിന്റെയും അടിസ്ഥാനം നോക്കാതെ കലയെ സ്‌നേഹിക്കുന്നവര്‍ക്ക് സേവനം ചെയ്യുക. ആ വലിയ കലാകാരന്റെ... മനുഷ്യ സ്‌നേഹിയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഒരായിരം പ്രണാമങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.