ന്യൂഡല്‍ഹി: ഇന്ത്യ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന് അംഗീകാരം നല്‍കി ഓസ്ട്രേലിയ. കോവിഡ് വ്യാപനം രൂക്ഷമായതിനെതുടര്‍ന്ന് പതിനെട്ട് മാസമായി തുടരുന്ന കര്‍ശന യാത്രാവിലക്കില്‍ ബുദ്ധിമുട്ടിയിരുന്ന അനേകായിരം ഓസ്ട്രേലിയക്കാര്‍ക്ക് ഇനി ആശ്വസിക്കാം. അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനെതുടര്‍ന്ന് ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് ഓസ്ട്രേലിയയിലേക്കുള്ള പ്രവേശനം സാധ്യമാക്കുന്നതാണ് പുതിയ തീരുമാനം. ഇതുകൂടാതെ രാജ്യത്ത് എത്തുമ്പോള്‍ ഇനി മുതല്‍ ക്വാറന്റീനും ആവശ്യമില്ല.
ഇന്ത്യയിലെ ഭാരത് ബയോടെക്ക് നിര്‍മിച്ച കൊവാക്സിന്‍, ചൈനയിലെ സിനോഫാം നിര്‍മിച്ച ബിബിഐബിപി-സി ഓര്‍ വി എന്നീ വാക്സിനുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. കൊവാക്സിന്‍ സ്വീകരിച്ച 12 വയസിന് മുകളില്‍ പ്രായമായവര്‍ക്കും ബിബിഐബിപി-സി ഓര്‍ വി വാക്സിന്‍ സ്വീകരിച്ച 18നും 60നും ഇടയില്‍ പ്രായമായവര്‍ക്കുമാണ് ഈ പ്രവേശനാനുമതി ലഭിക്കുക.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കും ഓസ്‌ട്രേലിയയിലേക്കു തിരിച്ചെത്തുന്നതിന് ഈ അംഗീകാരം വഴിയൊരുക്കും. ഈ വാക്സിനുകള്‍ കോവിഡിനുമേല്‍ സംരക്ഷണം നല്‍കുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ മെഡിസിന്‍ ആന്‍ഡ് തെറാപ്പിക് റെഗുലേറ്ററി ഏജന്‍സി അറിയിച്ചു. ഓസ്‌ട്രേലിയയില്‍ വികസിപ്പിച്ച വാക്സിനുകള്‍ക്കും ഇന്ത്യയിലെ കൊവീഷീല്‍ഡിനും ചൈനയിലെ സിനോവാക്കിനും അംഗീകാരം നല്‍കണമെന്ന് മെഡിസിന്‍ ആന്‍ഡ് തെറാപ്പിക് റെഗുലേറ്ററി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് യാത്രാവിലക്ക് തുടരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26