തിരുവനന്തപുരം: രണ്ട് പതിറ്റാണ്ടിന് ശേഷം സിപിഎം ഉപേക്ഷിച്ച് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ഇന്ദിരാ ഭവനില്‍ നടന്ന ചടങ്ങില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനില്‍ നിന്നും ചെറിയാന്‍ ഫിലിപ്പ് അഞ്ച് രൂപ നല്‍കിയാണ് അംഗത്വം സ്വീകരിച്ചത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വിഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ധീഖ്, പി ടി തോമസ് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ കോണ്‍ഗ്രസ് പ്രവേശനം.
ചെറിയാന്‍ ഫിലിപ്പിനെ രണ്ട് കൈയും നീട്ടി കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായി സ്വീകരണ ചടങ്ങില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. ചെറിയാന്‍ റോള്‍ മോഡലാണ്. സിപിഎമ്മിലേക്ക് പോകുന്നവര്‍ക്കൊരു പാഠപുസ്തകമാണ് ചെറിയാനെന്നും സുധാകരന്‍ പറഞ്ഞു.
ചെറിയ പരിഭവങ്ങളുടെ പേരില്‍ മാറി നില്‍ക്കുന്നവരെ കോണ്‍ഗ്രസിലേക്ക് തിരിച്ചു കൊണ്ടുവരുമെന്നും നിരവധി ആളുകള്‍ ഇനിയും കോണ്‍ഗ്രസിലേക്ക് വരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി. ചെറിയാന് ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ രക്ഷകര്‍തൃത്വമുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പതിറ്റാണ്ടു കാലം വിശ്വസ്തനായി നിന്ന ചെറിയാനെ ഇത്ര പെട്ടെന്ന് തള്ളിപ്പറയാന്‍ എങ്ങനെ പിണറായിക്ക് സാധിക്കുന്നുവെന്നും ചെന്നിത്തല ചോദിച്ചു.
പാലില്‍ വെള്ളം ചേര്‍ത്ത് പാല്‍ ഇല്ലാതായത് പോലെ സിപിഎമ്മില്‍ മാര്‍ക്‌സിസമില്ലാതായെന്ന് മറുപടി പ്രസംഗത്തില്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. സിപിഎമ്മിന് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാമെങ്കില്‍ തനിക്ക് കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന് കാലാവസ്ഥാ മാറ്റം വന്നപ്പോഴുള്ള ജലദോഷം മാത്രമാണ് ഇപ്പോഴുള്ളത്. എന്നാല്‍ സിപിഎമ്മിന് കാന്‍സറാണ്. ഇവിടെ എല്ലാവരും ഒരുമിച്ച് നിന്നാല്‍ കോണ്‍ഗ്രസ് തിരിച്ച് വരുമെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.